ഒടുവില്‍ സര്‍ക്കാര്‍ കണ്ണുതുറന്നു; സിറിയന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ദുരിതാശ്വാസം

Posted on: January 9, 2016 9:43 am | Last updated: January 9, 2016 at 9:43 am
SHARE

ദമസ്‌കസ്: കൊടും തണുപ്പില്‍ വിറങ്ങലിക്കുകയും പട്ടിണിയിലും ദാരിദ്ര്യത്തിലും ദുരിത ജീവിതം നയിക്കുന്ന മദായ നഗരത്തിലുള്ളവര്‍ക്ക് സിറിയന്‍ സര്‍ക്കാര്‍ ദുരിതാശ്വാസം പ്രഖ്യാപിച്ചു. ലബനനുമായി അതിര്‍ത്തി പങ്കിടുന്ന മദായ നഗരം വിമതരുടെ നിയന്ത്രണത്തിലാണ്. ദമസകസിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് 23 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ പട്ടിണി കാരണം 23 പേരാണ് മരിച്ചത്. നഗരത്തിലേക്ക് മനുഷ്യാവകാശ പ്രവര്‍ത്തകരെ അയക്കുമെന്ന് യു എന്‍ വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പ്ലാസ്റ്റിക്ക് സധനങ്ങള്‍ കത്തിച്ചാണ് തണുപ്പില്‍ നിന്നും ഇവര്‍ രക്ഷ നേടുന്നത്. ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടാതിരക്കാന്‍ വീട്ടിനകത്തെ ചലനങ്ങള്‍ പോലും വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഇവിടത്തുകാര്‍. ഇത്തരത്തില്‍ പട്ടിണി കൊണ്ട് വിഷമമനുഭവിക്കന്നയാളാണ് മദായയുടെ പ്രാന്തപ്രദേശത്ത് പാര്‍ക്കുന്ന റഹ്മാന്‍. ഭക്ഷണം ലഭിക്കാതായതോടെ നഗരത്തിലെ പട്ടികളും പൂച്ചകളും ചത്തൊടുങ്ങി. മരങ്ങളുടെ ഇലകള്‍ പോലും ഭക്ഷണമാക്കിയതിനാല്‍ ഇലകള്‍ മുഴുവന്‍ കാലിയായതായി പ്രദേശവാസികള്‍ പറയുന്നു. നഗരത്തില്‍ കുട്ടികളടക്കം 23 പേര്‍ മതിയായ ഭക്ഷണം ലഭിക്കാതെയും പോഷകാഹാര കുറവ് മൂലവും മരിച്ചതായി സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
300 കുട്ടികള്‍ക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. 40000 പേര്‍ക്ക് മതിയായ ഭക്ഷണമോ മരുന്നുകളോ ലഭിക്കുന്നില്ലെന്ന് പ്രദേശത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. മദായ നഗരത്തിലെ ജീവിതാവസ്ഥ വളരെ ദയനീയമാണെന്ന് ദമാസ്‌കസിലെ റെഡ്‌ക്രോസ് വക്താവ് പാവെല്‍ കിര്‍സെക് പറഞ്ഞു.
ജീവന്‍ നിലനിര്‍ത്താന്‍ ജനങ്ങള്‍ പുല്ല് തിന്നുന്നതായി നഗരത്തിലെ മെഡിക്കല്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തി. മദായ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന സബദാനി നഗരത്തിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. സിറിയയില്‍ ഇതുവരെയായി രണ്ടര ലക്ഷത്തിലധികം ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യു എന്നിന്റെ നേതൃത്വത്തില്‍ ഈ മാസം അവസാനം നടക്കുന്ന ചര്‍ച്ചയില്‍ സമാധാനം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here