നികത്തിയ കൃഷി ഭൂമികള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ കലക്ടര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്

Posted on: January 9, 2016 9:38 am | Last updated: January 9, 2016 at 9:38 am
SHARE

തിരൂര്‍: സമീപകാലത്തായി നികത്തിയ മുഴുവന്‍ കൃഷിഭൂമിയും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി റവന്യൂ അധികൃതര്‍ അറിയിച്ചു.
ഇന്നലെ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് തിരൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോഴിക്കോട്-ഇടപ്പള്ളി ഇടനാഴിയുമായി ബന്ധപ്പെട്ട് പതിനഞ്ച് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആശാന്‍പടി-കൂട്ടായി ട്രാന്‍സ് ഫോര്‍മര്‍ വെരെയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റേഷന്‍ സാധനങ്ങളുടെ വില, തോത് എന്നിവ കാണിക്കുന്ന ബോര്‍ഡുകള്‍ റേഷന്‍ കടകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇത് പരിശോധിക്കാനായി പഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും തീരുമാനിച്ചു. താഴെ പാലം പാലത്തിനും സമീപം പകുതി മുറിച്ചുമാറ്റിയ മരം ലേലം നിശ്ചയിക്കുന്നതിനായി വനം വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എസ് കൃഷ്ണകുമാര്‍, എ മുരളീധരന്‍, കെ സൈതലവി, എം പി മുഹമ്മദ് കോയ, പി എ ബാവ, പി പി അബ്ദുര്‍റഹ്മാന്‍, ടി ബാബു, പി കുഞ്ഞിമൂസ, സി എം ടി ബാവ, ഹംസു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here