സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കും

Posted on: January 9, 2016 9:36 am | Last updated: January 9, 2016 at 9:36 am

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി ആരംഭിക്കുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രത്യേക കോടതികള്‍ ആരംഭിക്കുക. ഇതില്‍ എറണാകുളത്തെ കോടതി പ്രവര്‍ത്തനം ആരംഭിച്ചെന്നും കെട്ടിടം ലഭ്യമായാല്‍ മറ്റ് രണ്ടിടങ്ങളിലെയും പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും മന്ത്രി അറിയിച്ചു. സാമൂഹികനീതി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ സ്വപ്‌നനഗരിയില്‍ നടന്ന ‘സാമൂഹിക നീതിയും സ്ത്രീകളും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ വാര്‍ഡുകളിലെയും പഞ്ചായത്ത് അംഗങ്ങളെ തന്നെ അവരുടെ ഭാഗങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സ്ത്രീ പീഡനങ്ങളോ ഗാര്‍ഹിക പീഡനങ്ങളോ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോ മറ്റോ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധന കൃത്യമായി നടത്തി ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക എന്നതാണ് ഇവരുടെ ദൗത്യം. വീഴ്ച വരുത്തിയാല്‍ അവരെ അയോഗ്യരാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന തരത്തിലുള്ളതാണ് പുതിയ നിയമം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും തടയിടുന്നതിനായി ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. അത് കൊണ്ട് ആദ്യം ആണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധയുണ്ടാകണം. പത്തില്‍ ഒരു സ്ത്രീ സംസ്ഥാനത്ത് ഇന്നും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിനിരയാകുന്നു എന്ന വസ്തുത ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ നഷ്ടപ്പെട്ട കൂട്ടായ്മാ അന്തരീക്ഷം തന്നെയാണ് സാമൂഹിക നീതി ഇല്ലാതാക്കുന്നതിന് കാരണമെന്ന് മോഡറേറ്ററായിരുന്ന വനിതാ കമ്മീഷന്‍ അംഗം കെ എ തുളസി ചൂണ്ടിക്കാട്ടി. കുടുംബ കൂട്ടായ്മകള്‍ നടന്നിരുന്ന സമയം സീരിയലുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കള്‍ സീരിയലുകളുടെ അടിമകളായത് കുട്ടികളെയും ബാധിച്ചിരിക്കുകയാണ്. പരിധിക്കപ്പുറത്ത് സീരിയലുകള്‍ മനസ്സിനെ അടിമപ്പെടുത്തരുത്. പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞ് വരുന്നത് സൂചിപ്പിക്കുന്നത് പെണ്‍ഭ്രൂണഹത്യ വര്‍ധിച്ചു വരുന്നുവെന്നാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭ്രൂണഹത്യാ കേന്ദ്രങ്ങള്‍ ധാരാളമായി പ്രവര്‍ത്തിച്ചു വരികയാണ്. ഭ്രൂണനിര്‍ണയം നിരോധിച്ചിട്ടും അത് തുടരുന്നതായാണ് വ്യക്തമാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊള്ളലേല്‍ക്കുന്നവരില്‍ കൂടുതലും സ്ത്രീകള്‍ക്കാണെന്നും ഇതില്‍ പലരും ഗാര്‍ഹിക പീഡനത്തിന്റെ ഭാഗമായി പൊള്ളേലേല്‍ക്കപ്പെടുന്നവരാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ നിഹാരി മെഡാലി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പൊള്ളലേല്‍ക്കപ്പെടുന്നവരുടെ സംരക്ഷണത്തിന് ഇടപെടല്‍ വേണമെന്നും അവര്‍ പറഞ്ഞു. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്, അഡ്വ. പി കുല്‍സു, സഹീറാ തങ്ങള്‍, സാംക്രിസ്റ്റി ഡാനിയല്‍, ഡോ. വിദ്യാകിരണ്‍ പ്രസംഗിച്ചു.