പ്രലോഭിപ്പിച്ച് ആളെ കൂട്ടാന്‍ സി പി എം ഇടപെടുന്നു: മന്ത്രി ഷിബു ബേബി ജോണ്‍

Posted on: January 9, 2016 5:50 am | Last updated: January 9, 2016 at 12:10 am
SHARE

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രലോഭനങ്ങളിലൂടെ ആളെ കൂട്ടാന്‍ സി പി എം നേതൃത്വം നേരിട്ടിടപെടുന്നുവെന്നു മന്ത്രി ഷിബു ബേബി ജോണ്‍. കേരളത്തിലെ എല്ലാ പാര്‍ട്ടികളില്‍ നിന്നും മുന്‍ കാലങ്ങളിലും ആരെങ്കിലുമൊക്കെ മാറിയിട്ടുണ്ട്. ഒരു വ്യക്തിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടാന്‍ നടക്കുന്ന നീക്കങ്ങളായി മാത്രമേ ആര്‍ എസ് പി ഇത്തരം നീക്കങ്ങളെ കാണുന്നുള്ളൂ.
കഴിഞ്ഞ രണ്ടാഴ്ച്ചയായി സി പി എം നേതൃത്വം മറ്റ് പാര്‍ടികളില്‍ നിന്നും ആളുകളെ പ്രലോഭിപ്പിച്ച് വശത്താക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ എസ് പി യില്‍ നിന്ന് 6 പേരാണ് സി പി എമ്മിലേക്ക് പോയത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് നൂറിലേറെ പേരാണ് സി പി എമ്മിലേക്ക് വന്നത്. പക്ഷെ അവരെ സ്വീകരിക്കാന്‍ ആര്‍ എസ് പി അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമൊന്നും പോകാത്തത് കൊണ്ട് വലിയ പ്രാധാന്യം ലഭിക്കാതെ പോയതാണ്. ഇടത് നയത്തില്‍ നിന്നും ആര്‍ എസ് പി വ്യതിചലിച്ചു എന്നത് പ്രവര്‍ത്തകരെ ചാക്കിട്ടു പിടിക്കാനുള്ള സി പി എം തന്ത്രമായേ തങ്ങള് കാണുന്നുള്ളുവെന്നും ഷിബു ബേബി ജോണ്‍ കൊച്ചിയില്‍ പറഞ്ഞു.