Connect with us

Eranakulam

ഹജ്ജ് യാത്ര: കരിപ്പൂരിന് ഇനി വിദൂര സാധ്യത

Published

|

Last Updated

നെടുമ്പാശ്ശേരി: കേരളത്തില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തെ ഹജ്ജ്‌യാത്ര കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാകുന്നതിന് സാധ്യതയേറി. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സമയത്തിന് തുടങ്ങാന്‍ കഴിയാതിരുന്നതും ആരംഭിച്ച നിര്‍മാണ ജോലികള്‍ മന്ദഗതിയിലായതുമാണ്് കാരണം.
കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും സര്‍ക്കാറിന്റെ കീഴിലായതിനാല്‍ വേഗം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റാതെവന്നതാണ് വിമാനത്താവളത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. കേരളത്തില്‍ നിന്ന് ഹജ്ജ് യാത്ര നടത്തുന്നത് ഏറെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്നത് കരിപ്പൂരില്‍ നിന്നായതുകൊണ്ടാണ് കൊച്ചി അന്താരാഷ്ട്രവിമാനത്താവളം വഴി നടത്തിയിരുന്ന ഹജ്ജ് യാത്ര 14 വര്‍ഷം മുമ്പ് കരിപ്പൂരിലേക്ക് മാറ്റിയത്. റണ്‍വേക്ക് വേണ്ടത്ര സൗകര്യം ഇല്ലാതിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയം അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് താത്കാലിക അനുമതിയാണ് നല്‍കിയിരുന്നത്. റണ്‍വേക്കുള്ള സ്ഥലസൗകര്യങ്ങള്‍ ഒരുക്കി ഉടന്‍ വീതികൂട്ടിക്കോളാം എന്ന അധികൃതരുടെ ഉറപ്പിലാണ് അന്ന് വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കുന്നതിന് അനുമതി നല്‍കിയത്. പിന്നീട് റണ്‍വേയുടെ വികസനത്തിനായി സ്ഥലം ഏറ്റെടുത്തെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ഇതുവരെ റണ്‍വേ നീട്ടുന്നതിനായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പഴയ റണ്‍വേയുടെ പുനര്‍നിര്‍മാണം മാത്രമാണ് നടക്കുന്നത്. അതുകൊണ്ട് പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കുവാന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം അനുമതി നല്‍കുവാന്‍ സാധ്യതയില്ല. അതിനാല്‍ ഇനിയുള്ള ഹജ്ജ് യാത്രകള്‍ പുതിയതായി തുടങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി നടത്തുന്നതിനാണ് സാധ്യതയേറുന്നത്. കണ്ണൂര്‍ കൊച്ചി വിമാനത്താവളങ്ങള്‍ സ്വകാര്യപങ്കാളിത്തത്തോടെയുള്ളതായതിനാല്‍ ഇവയുടെ വികസനത്തിന്റെ വേഗതയനുസരിച്ച് പൂര്‍ണമായും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം നടക്കുവാന്‍ സാധ്യതയില്ല.
ഇതും കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര നടത്തുന്നതിന് തടസ്സമാകുന്നുണ്ട്. ഹജ്ജ് യാത്രയുടെ സ്ഥിരതയെക്കുറിച്ചുള്ള അവ്യക്തത നിലനില്‍ക്കുന്നത് വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കുന്നവര്‍ക്കും ആശങ്കകള്‍ പരത്തുന്നുണ്ട്. ഹാജിമാരില്‍ കൂടുതലും പ്രായമേറിയവരായതിനാല്‍ നെടുമ്പാശ്ശേരിയില്‍നിന്നുള്ള യാത്ര ഇവര്‍ക്ക് പ്രയാസമാകും. ഹജ്ജ് ക്യാമ്പിനെക്കുറിച്ചുള്ള അവ്യക്തത നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

---- facebook comment plugin here -----

Latest