Connect with us

Articles

നമ്മളും കുപ്പി വായു വാങ്ങേണ്ടിവരുമോ?

Published

|

Last Updated

അടുത്ത കാലത്തായി നാം ഞെട്ടലോടെ കേട്ട വാര്‍ത്തകളിലൊന്ന്; അങ്ങനെ കുപ്പിവെള്ളത്തിന് പിന്നാലെ കുപ്പിവായുവും വില്‍പ്പനക്ക്. ഇനിയുള്ള കാലം ഏറ്റവും നല്ല ബിസിനസ് ഇവ രണ്ടും തന്നെ. വ്യാവസായ വത്കരണവും മലിനീകരണവും മൂലം ശുദ്ധ ജലത്തിന് ക്ഷാമം ഉണ്ടായതുപോലെ ശുദ്ധ വായുവും കിട്ടാനില്ല. അതിനാല്‍ കുപ്പിയില്‍ നിറച്ച ശുദ്ധവായു വിപണിയില്‍ എത്തിച്ചു ചൈനീസ് കോടീശ്വരന്‍ ഈ രംഗത്ത് വന്‍ കുതിപ്പ് നടത്തിയിരിക്കുന്നു. ചെങ്ങ് ഗുവാങ്ങ് ബിയോ എന്ന ആളാണ് കുപ്പിവായു വിപണിയില്‍ എത്തിച്ചു വാര്‍ത്തകളില്‍ ഇടം നേടിയത്. ഗുവാങ്ങ് ബിയോയുടെ പെപ്‌സിയുടെ ചെറിയ കുപ്പിക്ക് സമാനമായ കാനിലാണ് ശുദ്ധവായു നിറച്ചു കൊടുക്കുന്നത്. 10 ദിവസത്തിനുള്ളില്‍ 10 മില്യന്‍ കുപ്പിവായു തങ്ങള്‍ വിറ്റെന്ന് ഇയാള്‍ പറയുന്നു. വായു മലിനീകരണം മൂലം പൊറുതിമുട്ടിയ ജനം കൂട്ടത്തോടെ കുപ്പിവായു വാങ്ങാന്‍ മുന്നോട്ടു വന്നതാണ് വില്‍പ്പന പൊടിപൊടിക്കാന്‍ കാരണം. വില കുപ്പിക്ക് അഞ്ചു യുവാന്‍ (ഏതാണ്ട് 43 രൂപ) ആണ്. സിങ്ങ് ജിയാങ്ങില്‍ ഉള്ള ചെങ്ങിന്റെ പുതിയ ബിസിനസ് ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ സംരംഭകര്‍ ലോക വ്യാപകമായി കുപ്പിവായു ബിസിനസില്‍ എത്തിയാലും അത്ഭുതപ്പെടേണ്ട.
വാര്‍ത്ത വായിച്ചവര്‍ ഇതങ്ങ് ചൈനയിലല്ലേയെന്ന് വിചാരിച്ച് സമാധാനിച്ചിട്ടുണ്ടാകാം. എന്നാല്‍ ഒരുള്‍ക്കിടിലത്തോടെ മാത്രമേ ഇപ്പോള്‍ ആ വാര്‍ത്തയെക്കുറിച്ച് നമ്മുക്കാലോചിക്കാനാകൂ. കാരണം നമ്മുടെ നാട്ടിലേക്കും കുപ്പിവായു വരേണ്ട കാലമായിരിക്കുന്നു. ലോകത്തിലേറ്റവുമധികം അന്തരീക്ഷമ ലിനീകരണമുള്ള നഗരങ്ങള്‍ക്കൊപ്പം നമ്മുടെ പ്രധാന നഗരങ്ങളും മാറുമ്പോള്‍ എങ്ങനെയാണ് കുപ്പി വായുവിന്റെ വിപണനം അതി വിദൂരമല്ലാതെ നമ്മുടെ നാട്ടിലുമെത്താതിരിക്കുക? ലോകത്തിലെ ഏറ്റവും വലിയ ഇത്പാദനക്ഷമതയുള്ള രാജ്യമായി മാറാന്‍ കഠിന പരിശ്രമം നടത്തുന്നതിനിടെയാണ് ചൈന അതി ഗുരുതരമായ മലിനീകരണ കുരുക്കില്‍ കിടന്നു പിടയുന്നത്. വായു മലിനീകരണത്തിന്റെ തോത് ഏറ്റവും അപകടകരമായ രീതിയില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ഇവിടെ കുപ്പിവായു വില്‍പ്പന തുടങ്ങിയതെന്നാണ് വാര്‍ത്തകള്‍. മനുഷ്യന്റെ ചെയ്തികളുടെ ഫലമായി അന്തരീക്ഷവായു മലിനമാകുമ്പോള്‍ ശുദ്ധവായു കച്ചവടച്ചരക്കായി മാറുന്നുവെന്ന വലിയ പാഠമാണ് ചൈന നല്‍കുന്നത്. ചൈനയിലെ പര്‍വത മേഖലയില്‍ നിന്നുള്ള വായുവാണ് കുപ്പിയിലാക്കി വില്‍പ്പനക്കെത്തിച്ചിരിക്കുന്നതെന്നതാണ് രസകരമായ വസ്തുത. “ജീവന്‍ നിലനിര്‍ത്താനുള്ള” ചൈനീസ് വംശജരുടെ പെടാപ്പാട് മുതലെടുത്ത് പല കമ്പനികളും മുന്നിട്ടിറങ്ങിയതായും വാര്‍ത്തകളുണ്ട്. കുടിവെള്ളത്തിന്റെ സമാനമായ അവസ്ഥ ഇപ്പോള്‍ നാം അനുഭവിക്കുന്നുണ്ടെന്നത് കൊണ്ട് തന്നെ കുപ്പിവായു വെറും ഭാവനാ സൃഷ്ടിയല്ലെന്ന് കൃത്യമായി പറയാനാകും. കുറച്ച് മുമ്പ് വരെ എവിടെ നിന്നും തികച്ചും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്ന ശുദ്ധജലം ഏറ്റവും അടുത്ത കാലത്തായി വില കൊടുത്ത് വാങ്ങേണ്ടി വരുന്നവരാണ് നാം. അന്ന് പച്ചവെള്ളത്തിന് വിലയെന്ന് നമുക്ക് വിശ്വസിക്കാനാകുമായിരുന്നില്ല.
അന്തരീക്ഷ മലിനീകരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയും ചൈനയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമാണെന്ന നാസയുടെ റിപ്പോര്‍ട്ട് അടുത്ത കാലത്താണ് പ്രസിദ്ധീകരിച്ചത്. ഭൂമിയിലെ 195 നഗരങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് നാസ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജേര്‍ണല്‍ ഓഫ് ജ്യോഗ്രഫിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യൂറോപ്, യു എസ്, ജപ്പാന്‍ എന്നിവിടങ്ങളിലെ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞുവെന്നും എന്നാല്‍ ഇന്ത്യയിലുള്‍പ്പടെ വായു മലിനീകരണംശക്തിപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. 2005 മുതല്‍ 2015 വരെ ഭൂമിയെ കൃത്യമായി നിരീക്ഷിച്ചതില്‍നിന്നാണ് ഈ നിഗമനത്തിലെത്തിയതെന്ന് നാസയുടെ ഗൊദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. നൈട്രജന്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യമാണ് ഇവിടെ അന്തരീക്ഷത്തില്‍ കൂടുതലായി കാണപ്പെടുന്നത്. കാര്‍, പവര്‍ പ്ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ വാതകം വന്‍തോതില്‍ പുറംതള്ളപ്പെടുന്നത്. മുമ്പ് യൂറോപ്പും യു എസുമായിരുന്നു വന്‍തോതില്‍ പുറംതള്ളിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ രാജ്യങ്ങളില്‍ നൈട്രജന്‍ ഡയോക്‌സൈഡ് പുറംതള്ളുന്നതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇത് കൂടുന്നുവെന്നും സൂചിപ്പിക്കുന്നു. പല പഠനങ്ങള്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ വായുമണ്ഡലത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന വിഷാംശങ്ങള്‍ ശ്വസിക്കുന്നതു മൂലം ഇന്ത്യന്‍ ജനതയുടെ ആയുസ്സ് ശരാശരി 3. 2 വര്‍ഷം വീതം കുറക്കുന്നതായി ഹാര്‍വാര്‍ഡ്, യെല്‍, ചിക്കാഗൊ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള എക്കണോമിസ്റ്റുകളും പബ്ലിക് പോളിസി വിദഗ്ധരും സംയുക്തമായി നടത്തിയ മറ്റൊരു ഗവേഷണത്തില്‍ ചൂണ്ടികാണിക്കുന്നു. ഇന്ത്യയിലെ 54. 5 ശതമാനം ജനങ്ങള്‍ മാരകമായ എയര്‍ബോണ്‍ പാര്‍ട്ടിക്കിള്‍സിന്റെ പരിധിയില്‍ കവിഞ്ഞ വായുവാണ് ശ്വസിക്കുന്നത്. രക്തധമനികളിലൂടെയും ശ്വാസകോശങ്ങളിലൂടെയും ഉള്ളില്‍ പ്രവേശിക്കുന്ന വിഷാംശങ്ങള്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറക്കുന്നുവെന്ന് അവര്‍ പറയുന്നു. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും മലിനീകരണം നടക്കുന്ന സിറ്റികളായി കണക്കാക്കുന്ന 20ല്‍ 13ഉം ഇന്ത്യയിലാണത്രെ. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടില്‍ ന്യൂ ഡല്‍ഹിക്കാണ് മലിനീകരണ സിറ്റികളില്‍ ഒന്നാം സ്ഥാനം.
വികസ്വര രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയും പറയുന്നു. ഇന്ത്യയും ചൈനയുമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. വ്യാവസായിക നഗരങ്ങളിലാണ് ഇത് കൂടുതല്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വായു മലിനീകരണം കാരണം മരണനിരക്ക് നാലിരട്ടിയായാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ മരണകാരണങ്ങളില്‍ അഞ്ചാം സ്ഥാനം അന്തരീക്ഷ മലിനീകരണം മൂലമാണെന്ന് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേര്‍ണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 2.6 കോടി പേര്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടത്രെ. ഇവിടെ ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രധാനകാരണം വായുമലിനീകരണമാണ്. ഇതില്‍ പ്രധാനം അര്‍ബുദമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നമ്മുടെ രാജ്യത്ത് അന്തരീക്ഷ മലിനീകരണം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് 35,000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഇങ്ങനെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹി യഥാര്‍ഥത്തില്‍ വായുമലിനീകരണം മൂലം വിങ്ങുന്നു.
വാഹനങ്ങള്‍ വര്‍ധിക്കുന്നത് മലിനീകരണത്തിന് പ്രധാനകാരണമാണ്. വ്യവസായശാലകളില്‍ നിന്നും പുറത്തേക്ക് തള്ളുന്ന പുകയും പൊടിയും അന്തരീക്ഷം അശുദ്ധമാക്കുന്നു. രോഗകാരണം അന്തരീക്ഷമലിനീകരണമാണെന്ന് പലരും അറിയുന്നില്ല. വ്യാപകമായ വനനശീകരണം വായുമലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണ്. ഒരു മണിക്കൂറില്‍ 13. 5 കിലോ ഓക്‌സിജന്‍ ഒരു മനുഷ്യന് ശ്വസിക്കാനായി ആവശ്യമുണ്ട്. അന്തരീക്ഷമലിനീകരണം ഇത് അസാധ്യമാക്കുന്നു. പലവിധ രോഗങ്ങളുടെയും ഉറവിടം ഇവിടെ നിന്നാണ്. ഓക്‌സിജന്റെ കുറവ് മനുഷ്യരക്തത്തെ മലിനീകരിക്കുന്നു. ആസ്ത്മ പോലുള്ള അലര്‍ജി രോഗങ്ങള്‍ വളരെ ചെറുപ്രായത്തിലെ ബാധിക്കുന്നു.
ഡല്‍ഹിയില്‍ മാത്രമല്ല, വാഹനപ്പെരുപ്പംമൂലം രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളും വീര്‍പ്പുമുട്ടുന്നുണ്ടെന്നതാണ് സത്യം. മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ക്കൊപ്പം നമ്മുടെ കൊച്ചു നഗരങ്ങളും വാഹനപ്പുകയില്‍ ശ്വാസംമുട്ടുകയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം അന്തരീക്ഷ മലിനീകരണത്തിന്റെ കേന്ദ്രങ്ങളാണ്. ചെറു നഗരങ്ങളും മലിനീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. വര്‍ധിച്ചുവരുന്ന വാഹനങ്ങളാണ് ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം കൂട്ടുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങുന്ന പല കാറുകളും അന്തരീക്ഷ മലിനീകരണം വലിയൊരളവില്‍ ഉണ്ടാക്കുന്നവയാണ്. പുകയാണ് വലിയ തോതിലുള്ള മലിനീകരണം സൃഷ്ടിക്കുന്നത്. ഈ പുക അമിതമായി ശ്വസിക്കുന്നതാണ് പല വിധ രോഗങ്ങള്‍ക്കിടയാക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുകയിലെ സൂക്ഷ്മ കണികകള്‍, നൈട്രജന്‍ ഡൈ ഓക്‌സൈഡ് ആണ് നഗരത്തിലെ പ്രധാന കുറ്റവാളി. ആ വിഷ വസ്തുക്കള്‍ ഉള്ളില്‍ ചെന്നാല്‍ സാധാരണ നടക്കേണ്ട ഹൃദയസ്തംഭനം മണിക്കൂറുകള്‍ നേരത്തെ സംഭവിക്കും. വാഹനങ്ങളില്‍ നിന്നുള്‍പ്പെടെ പുറത്തുവിടുന്ന അന്തരീക്ഷ മാലിന്യങ്ങളെ വാതകങ്ങള്‍ (കാര്‍ബണ്‍ മോണോക്‌സൈഡ്), കണികകള്‍ (പുക, കീടനാശിനികള്‍), അജൈവ വസ്തുക്കള്‍ (ഹൈഡ്രജന്‍ ഫഌറൈഡ്), ജൈവപദാര്‍ഥങ്ങള്‍ (മെര്‍കാപ്റ്റനുകളള്‍), ഓക്‌സീകാരികള്‍ (ഓസോണ്‍), നിരോക്‌സീകാരികള്‍ (സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്‌സൈഡുകള്‍), റേഡിയോ ആക്ടിവതയുള്ള പദാര്‍ഥങ്ങള്‍ ,നിഷ്‌ക്രിയ പദാര്‍ഥങ്ങള്‍ (പരാഗരേണുക്കള്‍, ചാരം), താപീയ മാലിന്യങ്ങള്‍ (ആണവ നിലയങ്ങള്‍ ബഹിര്‍ഗമിക്കുന്ന താപം) എന്നിങ്ങനെയാണ് ഗവേഷകര്‍ തരംതിരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ നാല് വാതകങ്ങളാണ് വായു മലിനീകരണത്തിന് ഹേതുവാകുന്ന പ്രധാന മാലിന്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ 90 ശതമാനത്തിന്റെയും ഉത്തരവാദികളാണിവ. അന്തരീക്ഷത്തിലുള്ള മറ്റു രാസവസ്തുക്കളുമായി സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഇവ സംയോജിച്ചു ദ്വിതീയ മലിനീകാരികള്‍ ഉണ്ടാകുന്നുവെന്നാണ് ശാസ്്ത്രജ്ഞര്‍ പറയുന്നത്.
ഈ സാഹചര്യത്തില്‍ ഡല്‍ഹി ഭരണകൂടം ഏര്‍പ്പെടുത്തിയ നടപടികള്‍ക്ക് ഫലം കണ്ടുതുടങ്ങിയെന്നാണ് പറയുന്നത്. ജനുവരി ഒന്ന് മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അന്തരീക്ഷ മലിനീകരണ തോത് രണ്ട് ദിവസം കൊണ്ട് കുറച്ചതായാണ് റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണത്തില്‍ 25 ശതമാനത്തിലധികം കുറവ് വന്നത്രേ. കടുത്ത വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പദ്ധതി രണ്ട് ദിവസം പിന്നിടുമ്പോള്‍ 500 താഴെ മാത്രം നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും വര്‍ധിച്ച് വരുന്ന വാഹനങ്ങളുടെ പെരുപ്പമാണ് വായുമലിനീകരണത്തിന് പ്രധാനകാരണം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 123 ശതമാനമാണ് സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഇന്ന് 2014 വരെയുള്ള കണക്ക് പ്രകാരം 85,47,966 വാഹനങ്ങളാണുള്ളത്. കേരളത്തില്‍ 60 ലക്ഷം കൂടുംബങ്ങളാണന്നാണ് പുതിയ സെന്‍സസില്‍ പറയുന്നത്. കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. 1000 ചതുരശ്ര കിലോമീറ്ററില്‍ 6,567 വാഹനങ്ങള്‍ ദിവസവും ഓടിക്കൊണ്ടിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 1,671 വാഹനങ്ങള്‍ മാത്രമാണ്. ഒരുദിവസം മാത്രം പുതിയതായി 3,171 വാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ ഇറങ്ങുന്നു.
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 57.66 ലക്ഷം വാഹനങ്ങളുടെ വര്‍ധനവാണ് കേരളത്തലുണ്ടായിട്ടുള്ളത്. പെരുപ്പത്തില്‍ ഇരുചക്ര വാഹനങ്ങളാണ് മുമ്പില്‍. 12 വര്‍ഷം മുമ്പ് 11.51 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴത് 47. 80 ലക്ഷമായി ഉയര്‍ന്നു. 36. 28 ലക്ഷം വാഹനങ്ങളുടെ വര്‍ധന ഉണ്ടായി. തൊട്ടുപിന്നിലായുള്ള സ്വകാര്യ കാറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഞെട്ടിക്കുന്നതാണ്. 2.75 ലക്ഷം കാറുകള്‍ എന്നത് 14. 06 ലക്ഷമായി വര്‍ധിച്ചു. അതായത് 11.23 ലക്ഷം കാറുകളാണ് വര്‍ധിച്ചത്. ഈ കാലയളവില്‍ 2.48 ലക്ഷത്തില്‍ നിന്നും 6.41 ലക്ഷമായി ഓട്ടോറിക്ഷകളുടെ എണ്ണവും വര്‍ധിച്ചു. 1,12,958 ടാക്‌സി കാറുകളും 4,079 ജീപ്പുകളും 832 ട്രെയിലറുകളും 15,530 സ്റ്റേജ് കാരിയറുകളും, 15,530 കോണ്‍ട്രാക്റ്റ് കാരിയറുകളും ഒരു വ്യാഴവട്ടത്തിനുള്ളില്‍ വര്‍ധിച്ചു.
കേരളത്തിലെ വായുമലിനീകരണം ഞെട്ടിപ്പിക്കുന്നതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ അന്തരീക്ഷ മലിനീകരണത്തില്‍ പ്രധാന വില്ലന്‍ പുകയും പൊടിയും പുറത്തേക്ക് തള്ളുന്ന വാഹനങ്ങള്‍ തന്നെയാണെന്നാണ്. വ്യവസായങ്ങള്‍ തള്ളുന്ന രാസവസ്തുക്കളേക്കാള്‍ പൊടിപടലങ്ങളും പെട്രോളിയം മാലിന്യങ്ങളുമാണ് കേരളത്തിലെ അന്തരീക്ഷത്തില്‍ കൂടുതലുള്ളത്. ഒരു ദിവസം അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന രോഗങ്ങള്‍ കാരണം കേരളത്തില്‍ പത്തോളം പേര്‍ മരിക്കുന്നതായാണ് കണക്ക്. ശ്വാസകോശ അലര്‍ജിയുടെ പ്രധാന വില്ലന്‍ വായുമലിനീകരണമാണ്. കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഗണ്യമായ ഭാഗം ഇത്തരം രോഗങ്ങള്‍ പിടിപെടുന്നവരാണ്.
വായുവിലെ സള്‍ഫര്‍ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, പൊടിപടലങ്ങള്‍ എന്നിവയാണ് വായുവിന്റെ നിലവാരം നിശ്ചയിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അളക്കുന്നത്. കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ഇങ്ങനെ നടത്തിയ പരിശോധനയില്‍ വായു വളരെ മലിനീകരിക്കപ്പെട്ടിരിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു ഘന മീറ്റര്‍ വായുവില്‍ 60 മൈക്രോഗ്രാമില്‍ വരെ പൊടിപടലങ്ങള്‍ അനുവദനീയമായ സാഹചര്യത്തില്‍ 104 മൈക്രോഗ്രാം വരെ കേരളത്തില്‍ പലേടത്തും കാണുന്നുണ്ടെന്നാണ് പഠനം. എറണാകുളത്തെ ഇരുമ്പനത്താണ് ഏറ്റവും കൂടുതല്‍. ഇവിടെ 104 മൈക്രോഗ്രാമാണ് പൊടിപടലം. ഏലൂരില്‍ എഴുപതും കളമശേരിയില്‍ അറുപത്തിയാറും മൈക്രോഗ്രാമുമാണുള്ളത്. കോട്ടയത്തെ നാഗമ്പടം, വടവാളര്‍, കണ്ണൂരിലെ മങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിലും വായുമലിനീകരണം പരിധിക്കും പുറത്താണ്. ആസൂത്രണ കമ്മീഷന്റെ പരിസ്ഥിതി പ്രകടനസൂചിക (ഇ പി ഐ ) അനുസരിച്ച് കേരളം, മിസോറം, ഗോവ, സിക്കിം, ത്രിപുര, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍ എന്നിവയാണ് വായുമലിനീകരണം കുറഞ്ഞ സംസ്ഥാനങ്ങളെന്ന് പറയുമ്പോഴും ഭാവിയില്‍ ഉണ്ടായേക്കാനിടയുള്ള വലിയ വിപത്തില്‍ നിന്ന് നമ്മുക്ക് മാറിനില്‍ക്കാനാകില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest