പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കുമ്പോള്‍

Posted on: January 9, 2016 6:00 am | Last updated: January 9, 2016 at 12:03 am

കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസികാര്യ മന്ത്രാലയത്തിന് പൂട്ട് വീഴുകയാണ്. ഈ വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി അംഗീകരിച്ചതായും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് അറിയിക്കുകയുണ്ടായി. ‘ചെറിയ സര്‍ക്കാര്‍, മെച്ചപ്പെട്ട സേവനം’ എന്ന മോദിയുടെ നയത്തിന്റെ ഭാഗമാണത്രേ നടപടി. പ്രവാസി വകുപ്പിന്റെ ജോലികളില്‍ ഗണ്യമായ വിഭാഗവും നിര്‍വഹിച്ചു വരുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയായതിനാല്‍ അത് നിര്‍ത്തലാക്കുന്നത് വിദേശ ഇന്ത്യക്കാരെ ബാധിക്കില്ലെന്നും അവര്‍ പറയുന്നു. ലയന നിര്‍ദേശം പ്രധാനമന്ത്രിയുടെ മുമ്പില്‍ സമര്‍പ്പിച്ചത് സുഷമ തന്നെയാണ്.
2004 മേയില്‍ യു പി എ സര്‍ക്കാറാണ് പ്രവാസി വകുപ്പ് ആരംഭിച്ചത്. വിദേശ മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ജോയിന്റ് സെക്രട്ടറിയായിരുന്നു അതുവരെ വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഈ സംവിധാനം വേണ്ടത്ര ഫലപ്രദമല്ലെന്നു എല്‍ എം സിംഗ്‌വിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ മന്ത്രാലയത്തിന് രൂപം നല്‍കിയത്. വിദേശ ഇന്ത്യക്കാരുടെ അവസ്ഥ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി 2000ത്തിലാണ് ഈ സമിതിയെ നിയോഗിച്ചത്. പ്രവാസി ഇന്ത്യക്കാരെ മാതൃരാജ്യവുമായി ബന്ധപ്പെടുത്തുകയും തൊഴില്‍ മേഖലകളില്‍ അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കും മറ്റും പരിഹാരമുണ്ടാക്കുകയുമായിരുന്നു വകുപ്പിന്റെ മുഖ്യലക്ഷ്യം. പ്രവാസികള്‍ക്ക് ധനകാര്യ, എമിഗ്രേഷന്‍, മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുക, യഥാസമയം വിവരങ്ങള്‍ നല്‍കുക, അടിയന്തര ഘട്ടങ്ങളില്‍ സഹാമയമെത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഈ വകുപ്പ് ശ്ലാഘനീയമായ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
സീസണ്‍ സമയത്ത് ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക്, എമിഗ്രേഷന്‍ ക്ലിയറന്‍സിലെ പ്രയാസങ്ങള്‍, കാര്‍ഗോ ക്ലിയറന്‍സിന് നേരിടുന്ന കാലതാമസം, പ്രവാസി പുനരധിവാസം, പ്രവാസി വോട്ടവകാശം, ഇരട്ട നികുതി, തടവുകാരുടെ കൈമാറ്റം തുടങ്ങി പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. മാത്രമല്ല, ഗള്‍ഫ്‌നാടുകളില്‍ വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയുമാണ്. സഊദിയിലെ നിത്വാഖാത്തും മറ്റു ചില നാടുകളിലെ വിസാനിരോധവും സ്വദേശിവത്കരണവും എണ്ണ വിലയിടിവിനെ തുടര്‍ന്നുളവായ സാമ്പത്തിക മാന്ദ്യത്തിന്‍െയും പേരിലുള്ള പിരിച്ചുവിടലും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ പ്രവാസികളെയാണ്. കിട്ടുന്ന വരുമാനമത്രയും നാട്ടിലേക്കയച്ചു കൊടുത്തു നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികളുടെ സമ്പാദ്യം പരമാവധി ഉപയോഗപ്പെടുത്തുകയും പല വിധേനയും ചൂഷണം ചെയ്യുകയുമല്ലാതെ മാറിമാറി രാജ്യം ഭരിച്ച സര്‍ക്കാറുകളൊന്നും അവര്‍ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ താത്പര്യം കാണിച്ചില്ല.
നാല് മാസം മുമ്പ് പ്രധാനമന്ത്രി യു എ യില്‍ ദ്വിദിന സന്ദര്‍ശനം നടത്തുകയുണ്ടായി. 34 വര്‍ഷത്തിന് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രവാസി ഇന്ത്യക്കാര്‍ നോക്കിക്കണ്ടത്. തങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഭാഗികമായെങ്കിലും ഇതുവഴി പരിഹരിക്കപ്പെടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ യു എ ഇയിലെ വാണിജ്യ, വ്യവസായ സമൂഹത്തിനു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. സാധാരണ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ അദ്ദേഹം മുഖംതിരിക്കുകയായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിക്കാനും നിവേദനം കൈമാറാനുമുള്ള പ്രവാസി സംഘടനകളുടെ ആവശ്യത്തോട് പോലും നിഷേധാത്മകമായ നിലപാടാണ് അന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും എംബസിയും കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ പ്രവാസികളെ ലക്ഷ്യമാക്കി രൂപവത്കരിച്ച പ്രത്യേക വുകുപ്പ് കൂടി ഇല്ലാതാക്കുന്നത് തങ്ങളുടെ പ്രശ്‌ന പരിഹാരം കൂടുതല്‍ പ്രയാസകരമാക്കി തീര്‍ക്കുമെന്നാണ് അവരുടെ ആശങ്ക. മുന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടത് പോലെ പ്രവാസി ഇന്ത്യക്കാരുടെ പ്രാധാന്യം കുറച്ചു കാണുന്ന ഒരു നടപടിയാണിത്.
എസ് എസ് എല്‍ സി പാസ്സാകാത്തവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് അപ്രഖ്യാപിത വിലക്കുള്‍പ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടി അവരുടെ ഭാവിയില്‍ ഇരുള്‍ വീഴ്ത്തുന്നതാണ്. പത്താം ക്ലാസ് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് യു എ ഇയിലേക്ക് പോകാന്‍ നേരത്തെ വിസയുടെ കോപ്പിയും സഊദിയിലേക്ക് പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിംഗും മതിയായിരുന്നു. അടുത്തിടെ കേന്ദ്ര വിദേശ കാര്യമന്ത്രാലയം എമിഗ്രേഷന്‍ ക്ലിയറന്‍സിന് ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ നല്‍കുന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേഷന്‍ എന്നിവ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇത് കാരണം എസ് എസ് എല്‍ സിയില്ലാത്ത ഒട്ടേറെ പേരുടെ യാത്ര അവതാളത്തിലാകുകയുണ്ടായി. പ്രവാസി ഇന്ത്യക്കാരോട് കാണിക്കുന്ന ഇത്തരം വിവേചനത്തിന്റെ ഭാഗമായാണോ അവര്‍ക്കായി രൂപവത്കരിച്ച മന്ത്രാലയം എടുത്തുകളയാനുള്ള നീക്കം? രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും മികച്ച സംഭാവനകളര്‍പ്പിക്കുന്ന വിദേശ ഇന്ത്യക്കാരെ രണ്ടാം തരം പൗരന്‍മാരായാണ് ഭരണകൂടം കാണുന്നതെന്ന സന്ദേഹം ബലപ്പെടുത്താനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ.