Connect with us

Gulf

ശൈഖ് സായിദ് റോഡ് ഫ്‌ളൈ ഓവര്‍ തുറന്നു

Published

|

Last Updated

ദുബൈ: ദുബൈ വാട്ടര്‍ കനാല്‍ പദ്ധതിയുടെ ഭാഗമായി പണിത ആദ്യ ഫ്‌ളൈ ഓവര്‍ യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തു. ശൈഖ് സായിദ് റോഡില്‍ ദുബൈ മെട്രോക്ക് സമാന്തരമായി ട്രേഡ് സെന്റര്‍ ഭാഗത്തേക്കുള്ള ഫ്‌ളൈ ഓവറാണ് തുറന്നുകൊടുത്തത്. ബര്‍ദുബൈ ഷാര്‍ജ ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഈ ഭാഗത്ത് നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ പല വരികളും അടച്ചിട്ടിരിക്കുകയായിരുന്നു. എട്ട് വരി ഫ്‌ളൈ ഓവറാണിത്. ഇതിന്റെ മറുവശത്ത് അബുദാബിയിലേക്കുള്ള ഫ്‌ളൈ ഓവര്‍ നിര്‍മാണം നടന്നുവരികയാണ്.
ഫ്‌ളൈ ഓവറുകളുടെ നിര്‍മാണം കാരണം ഇന്റര്‍ചേഞ്ച് രണ്ട് മുതല്‍ പോലീസ് അക്കാഡമി വരെ ദിവസവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ഗതാഗതക്കുരുക്ക് കൂടുതലാണ്.
അറേബ്യന്‍ ഗള്‍ഫിനെയും ബിസിനസ്‌ബേ ക്രീക്കിനെയും ബന്ധിപ്പിക്കുന്ന കനാലാണ് നിര്‍മിക്കുന്നത്. ശൈഖ് സായിദ് റോഡിനു പുറമെ ജുമൈറ ബീച്ച് റോഡിലും അല്‍ വാസല്‍ റോഡിലും പാലം പണിയുന്നുണ്ട്. രണ്ടാം ഘട്ടത്തിലാണിത്. മൂന്നാം ഘട്ടത്തില്‍ ജുമൈറ ബീച്ച് വാക്ക്, അല്‍ സഫ പാര്‍ക്ക് എന്നിവിടങ്ങളില്‍ മൂന്ന് നടപ്പാലങ്ങള്‍ കൂടി പണിയും. ദുബൈയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്.

 

Latest