Connect with us

Gulf

കളവു പോകുന്ന മൊബൈലുകള്‍ കണ്ടെത്താന്‍ കേരളത്തിന്റെ ആപ്പ്‌

Published

|

Last Updated

ദോഹ: കളവു പോകുന്ന മൊബൈല്‍ ഫോണുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള കേരളത്തില്‍ വികസിപ്പിച്ച ആപ്പ് ഖത്വറില്‍. നൈറ്റ്‌ഫോകസ് സ്മാര്‍ട്ട് വാറന്റി എന്ന പേരുള്ള മൊബൈല്‍ സുരക്ഷാ ആപ്പ് തൃശൂര്‍ കൊരട്ടി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കോപ്പര്‍സീഡ്‌സ് ടെക്‌നോളജീസ് ആണ് വികസിപ്പിച്ചത്. ഇന്റര്‍ടെക് കമ്പനിയാണ് ഖത്വറില്‍ ആപ്പിന്റെ വിതരണം ഏറ്റെടുത്തത്.
നഷ്ടപ്പെട്ട ഫോണ്‍ എവിടെയെന്നു കണ്ടെത്തുന്നതിനു പുറമേ അതിലെ ഡാറ്റകള്‍ തിരിച്ചെടുക്കുന്നതിനും ഫോണ്‍ തന്നെ തിരിച്ചു പിടിക്കുന്നതിനും സഹായിക്കുന്ന നിരവധി ഫീച്ചറുകള്‍ ആപ്പിലുണ്ട്. മൊബൈല്‍ ഉപയോക്കുന്നവര്‍ നേരിടുന്ന വിവിധ സുരക്ഷാ ഭീഷണികള്‍ക്ക് പരമാവധി സുരക്ഷ നല്‍കുന്നതാണ് ആപ്പെന്ന് കോപ്പര്‍സീഡ്‌സ് ടെക്‌നോളജീസ് സി ഇ ഒ അരുണ്‍ ബാബു പറഞ്ഞു. ഫോണ്‍ കേടുവരക, തീ പിടിക്കുക, വൈറസ് ബാധിക്കുക, മോഷ്ടിക്കപ്പെടുക, ഡാറ്റകള്‍ നഷ്ടപ്പെടുക തുടങ്ങി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പ്രശ്‌നങ്ങളെല്ലാം നൈറ്റ്‌ഫോക്‌സ് വാറന്റി ഏറ്റെടുക്കുന്നു.
ഫോണ്‍ നഷ്ടപ്പെട്ടുവെന്നു മനസ്സിലാക്കുന്ന ഉടന്‍ റിമോട്ട് ലൊക്കേറ്റ് ഫീച്ചര്‍ ഫോണ്‍ എവിടെയെന്നു കണ്ടുപിടിക്കുന്നു. ജി പി എസ് ഉപയോഗിച്ചാണ് ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കുന്നത്. ഫോണ്‍ തെഫ്റ്റ് മോഡിലായിക്കഴിഞ്ഞാല്‍ മോഷ്ടാവ് ഓരോ തവണ ഫോണ്‍ സ്‌ക്രീനില്‍ ടച്ച് ചെയ്യുമ്പോഴും മോഷ്ടാവിന്റെ ചിത്രം എടുത്തുണ്ടിരിക്കും. ഈ ചിത്രങ്ങള്‍ നൈറ്റ്‌ഫോക്‌സ് ആന്റി തെഫ്റ്റ് സൈറ്റില്‍ സേവ് ചെയ്യപ്പെടും. ഇതേസമയം ഫോണിലെ ഡാറ്റാഫയലുകളിലേക്ക് പ്രവേശിക്കുന്നത് തടയപ്പെടും. ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യാന്‍ പറ്റാത്തവിധം ലോക്ക് ചെയ്യും. ഫോണിലെ ഫീച്ചറുകളും പ്രവര്‍ത്തനരഹിതമാകും. ഇതെല്ലാം ഫോണ്‍ കണ്ടുപിടിക്കാന്‍ വഴിയൊരുക്കും. ഫോണ്‍ നഷ്ടപ്പെട്ടതായി സന്ദേശം പോകുന്നതോടെ ഫോണിലെ അലാറം ഉച്ചത്തില്‍ ശബ്ദിച്ചു തുടങ്ങും. സൈലന്റ് മോഡിലാണെങ്കില്‍ കൂടി അലാറം ശബ്ദിക്കും.
മോഷ്ടാവിന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനോ സൈലന്റ് ആക്കാനോ റിംഗ് നിര്‍ത്താനോ കഴിയില്ല. ഫോണ്‍ ആര്‍ക്കും വില്‍ക്കാനാകുമാകില്ല. സിം മാറ്റിയാലും ഫോണ്‍ പ്രവര്‍ത്തനരഹിതമായിരിക്കും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നല്ല അംഗീകാരം ലഭിച്ച ആപ്പാണിതെന്നും ഖത്വറിലെ ഉപഭോക്താക്കളും കമ്പനികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോണുകള്‍ക്കനുസരിച്ചാണ് ആപ്പിന്റെ നിരക്ക്. ഒരു വര്‍ഷത്തേക്ക് 59 മുതല്‍ 240 റിയാല്‍ വരെയാണ് നിരക്ക്. ഖത്വറില്‍ നിന്നു വാങ്ങുന്ന എല്ലാ മൊബൈലുകള്‍ക്കും നൈറ്റ്‌ഫോക്‌സ് സമാര്‍ട്ട് വാറന്റി ലഭിക്കും.

Latest