മൊബൈലിലെ പരസ്യ സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ നിയമ നിര്‍ദേശം

Posted on: January 8, 2016 8:53 pm | Last updated: January 8, 2016 at 8:53 pm
SHARE

mobileദോഹ: ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്ന രീതിയില്‍ മൊബൈല്‍ ഫോണുകളില്‍ വരുന്ന പരസ്യ സന്ദേശങ്ങള്‍ നിയയന്ത്രിക്കുന്നതിന് ഡാറ്റാ പ്രൈവസി നിയമത്തില്‍ വ്യവസ്ഥ. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകരിച്ച് ശൂറ കൗണ്‍സിലിന്റെ പരിഗണനക്കു വിട്ട നിയമമാണ് സ്പാം മെസ്സേജുകളെ നിയന്ത്രിക്കുക. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കമ്പനികള്‍ക്ക് എളുപ്പത്തില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയക്കുക സാധ്യമാകില്ല.
മാര്‍ക്കറ്റിംഗ് മെസ്സേജുകള്‍ നേരിട്ട് പൊതുജനങ്ങള്‍ക്ക് അയക്കുന്നത് നിയമം തടയുന്നു. വ്യക്തികളുടെ നേരത്തേയുള്ള അനുമതി തേടാതെ ഇത്തരം സന്ദേശങ്ങള്‍ മൊബൈലിലും ഇ മെയിലിലും അയക്കാന്‍ സാധിക്കില്ല.
സമാനമായ നിയമം ഇന്ത്യയുള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ സ്വീകരിക്കണോ നിരാകരിക്കണോ എന്ന് നേരത്തേ തീരുമാനിക്കാന്‍ അവസരം നല്‍കുകയും ഒരിക്കല്‍ സമ്മതം അറിയിച്ച സന്ദേശങ്ങള്‍ പിന്നീട് നിയന്ത്രിക്കുന്നതിനുമെല്ലാം സംവിധാനമുണ്ട്. എന്നാല്‍ ഖത്വറില്‍ നിലവില്‍ വരാന്‍ പോകുന്ന നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
നിലവില്‍ രാജ്യത്തെ മൊബൈല്‍ വരിക്കാര്‍ക്ക് അനിയന്ത്രിതമായി സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശല്യമാകുന്ന രീതിയില്‍ മെസ്സേജുകള്‍ വരുന്നതായി ഇതിനകം നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ബന്ധവുമില്ലാത്ത സ്ഥാപനങ്ങളില്‍നിന്നു പോലും സന്ദേശങ്ങള്‍ വരുന്നുണ്ട്. ഒരിക്കല്‍ മാത്രം പര്‍ച്ചേസ് നടത്തുന്ന സ്ഥാപനങ്ങളില്‍നിന്നും വ്യാപാര സന്ദേശങ്ങള്‍ വരുന്നു. സമ്മാന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് മൊബൈല്‍ നമ്പര്‍ കൂപ്പണില്‍ എഴുതിയിട്ടവര്‍ക്കും പതിവായി സന്ദേശങ്ങള്‍ വരുന്നുണ്ട്.
ഇത്തരം മെസ്സേജുകള്‍ക്കെതിരായ പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന് അവ നിര്‍ത്തലാക്കാന്‍ unsub, കമ്പനി പേര് എന്നിവ ടൈപ്പ് ചെയ്ത് 92600ലേക്കു മെസ്സേജ് അയക്കാനുള്ള സേവനം ഒരീദു അവതരിപ്പിച്ചിരുന്നു.
വോഡഫോണ്‍ ഉപഭോക്തക്കള്‍ക്ക് 111 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത്തരം സന്ദേശങ്ങള്‍ വരുന്നത് നിര്‍ത്താം. എന്നാല്‍ ഇതൊന്നും അറിയാത്ത ധാരാളം മൊബൈല്‍ ഉപഭോക്താക്കള്‍ ഇപ്പോഴും സന്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here