Connect with us

National

പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടത്തിയത് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ്; ഒരു സംഘം 24 മണിക്കൂര്‍ മുമ്പേ എത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരര്‍ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിച്ചത് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ്. ഇവയില്‍ ഒരു ഗ്രൂപ്പ് ആക്രമണം തുടങ്ങിയതിന് 24 മണിക്കൂര്‍ മുമ്പ് തന്നെ വ്യോമകേന്ദ്രത്തില്‍ പ്രവേശിച്ചു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ആറ് ഭീകരര്‍അടങ്ങിയ സംഘമാണ് പത്താന്‍കോട് വ്യോമകേന്ദ്രം ആക്രമിച്ചത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഇവരുടെ പ്രവര്‍ത്തനം. രണ്ട് പേരടങ്ങിയ ഒരു ഗ്രൂപ്പും നാല് പേരടങ്ങിയ മറ്റൊരു ഗ്രൂപ്പുമാണ് ഉണ്ടായിരുന്നത്. രണ്ട് പേരടങ്ങിയ സംഘത്തിനായിരുന്നു ആക്രമണ ചുമതല. സൈന്യത്തിന്റെ ശ്രദ്ധതിരിക്കലും സൈന്യത്തെ വഴിതെറ്റിക്കലുമായിരുന്നു നാലംഗ സംഘത്തിന്റെ ദൗത്യം.

വ്യോമ കേന്ദ്രത്തിലുണ്ടായിരുന്ന ഫൈറ്റര്‍ ജെറ്റ് അടക്കമുള്ള വിമാനങ്ങളും കോപ്പറ്ററുകളും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ പത്താന്‍കൊട്ട് എത്തിയത്. രണ്ടംഗ സംഘം ആക്രമണത്തിന് 24 മണിക്കൂര്‍ മുമ്പ് തന്നെ വ്യോമതാവളത്തില്‍ എത്തുകയും ഒളിച്ചിരിക്കുകയുമായിരുന്നുവെന്നാണ് സൂചന. ഇതിന് സൈനിക കേന്ദ്രത്തിന് അകത്ത് നിന്ന് തന്നെ ഇവര്‍ക്ക് സഹായം ലഭിച്ചതായി സംശയിക്കുന്നുണ്ട്. ഒരു ടാക്‌സി വാഹനത്തിലാണ് ഈ സംഘം വ്യോമ കേന്ദ്രത്തില്‍ എത്തിയത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഇകഗര്‍ സിംഗ് എന്ന ടാക്‌സി ഡ്രൈവറെ കഴുത്തറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇതിലേക്കുള്ള സൂചനയാണ് നല്‍കുന്നത്.

ഗുരുദാസ്പൂര്‍ എസ് പി സാല്‍വീന്ദര്‍ സിംഗിന്റെ ഔദ്യോഗിക വാഹനം തട്ടിയെടുത്താണ് രണ്ടാമത്തെ സംഘം കേന്ദ്രത്തില്‍ എത്തിയത്. 11 അടി ഉയരമുള്ള വ്യോമകേന്ദ്രത്തിന്റെ ചുറ്റുമതില്‍ വടം ഉപയോഗിച്ച് ചാടിക്കടന്നാണ് ഈ സംഘം വ്യോമ കേന്ദ്രത്തില്‍ പ്രവേശിച്ചത് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ വ്യോമ കേന്ദ്രത്തിലേക്ക് പ്രവേശിച്ച ഭാഗത്തെ ഫഌഡ്‌ലൈറ്റുകള്‍ സ്ഥാനം മാറികിടക്കുന്നത് അകത്ത് നിന്ന് സംഘത്തിന് സഹായം ലഭിച്ചതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

---- facebook comment plugin here -----

Latest