പത്താന്‍കോട്: ഭീകരര്‍ക്ക് വ്യോമകേന്ദ്രത്തില്‍ നിന്നു തന്നെ സഹായം കിട്ടിയതായി സംശയം

Posted on: January 8, 2016 4:47 pm | Last updated: January 9, 2016 at 12:03 pm

pathankot airforce centreന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമകേന്ദ്രം ആക്രമിക്കാന്‍ ഭീകരര്‍ക്ക് കേന്ദ്രത്തിനകത്ത് നിന്ന് തന്നെ സഹായം കിട്ടിയതായി സംശയം. ഭീകരര്‍ താവളത്തിലേക്ക് കടന്നുകയറിയ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫഌഡ്‌ലൈറ്റുകള്‍ ദിശമാറ്റിയതായി കണ്ടെത്തിയത് ഇതിന് ബലം നല്‍കുന്നു.

വ്യോമസേനാ കേന്ദ്രത്തിന് പുറത്തെ കൂറ്റന്‍ ചുറ്റുമതില്‍ ചാടിക്കടന്നാണ് ഭീകരര്‍ വ്യോമകേന്ദ്രത്തിന് ഉള്ളില്‍ കയറിയത്. ഭീകരര്‍ കയറിയ സ്ഥലത്ത് ചുറ്റുമതിലിലേക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്ന ഫഌഡ്‌ലൈറ്റുകള്‍ തലതിരിച്ച് വെച്ച നിലയിലാണുള്ളത്. ഇത് ഭീകരര്‍ക്ക് ഉള്ളില്‍ നിന്ന് സഹായം ലഭിച്ചതിന്റെ സൂചനാണ് നല്‍കുന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താവളത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വ്യോമസേനാ കേന്ദ്രത്തെക്കുറിച്ചുള്ള നിരവധി രഹസ്യവിവരങ്ങള്‍ ചോര്‍ന്നതായും സംശയമുണ്ട്.