Connect with us

National

തിരുന്നല്‍വേലിയില്‍ ബസ് മറിഞ്ഞ് അഞ്ച് മലയാളികള്‍ അടക്കം ഒമ്പത് മരണം

Published

|

Last Updated

തിരുന്നല്‍വേലി: തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയിലുണ്ടായ ബസ്സപകടത്തില്‍ മലയാളികള്‍ അടക്കം ഒമ്പത് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. നാഗര്‍കോവില്‍ – തിരുന്നല്‍വേലി ദേശീയ പാതയില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം കൊച്ചുതുറ സ്വദേശി ലിയോയുടെ മകന്‍ സുജിന്‍(6), കൊല്ലം സ്വദേശിനി മേരി നിഷ(30) മകള്‍ ആള്‍ട്രോയ്(5) വലിയതുറ സ്വദേശി ആന്‍സി, ആന്‍സിയുടെ ഭര്‍ത്താവ് വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ചവരില്‍ അഞ്ച് പേര്‍ പുരുഷന്മാരും മൂന്ന് പേര്‍ സ്ത്രീകളും രണ്ട് പേര്‍ കുട്ടികളുമാണ്. ഇതില്‍ രണ്ട് കന്യാകുമാരി സ്വദേശികളും രണ്ട് ഗുജറാത്ത് സ്വദേശികളുമുണ്ട്.  മരിച്ച ആന്‍സിയുടെയും വിനോദിന്റെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസമേ ആയിട്ടുള്ളൂ.

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യൂനിവേഴ്‌സല്‍ എന്ന ലക്ഷ്വറി ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടസമയം 38 പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബസ് ക്രയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. ഡ്രെെവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിക്കേറ്റവരെ നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാരക്കോണത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലേക്ക് പോയത്. പത്ത് ആംബുലന്‍സുകളും അയച്ചിട്ടുണ്ട്. എെജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല.

കൂടുതല്‍ വിവരങ്ങള്‍ക്ക് അഗസ്തീശ്വരം തഹസില്‍ദാര്‍ വാസുകിയുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 9445000689

Latest