Connect with us

Editorial

പഠിപ്പ് മുടക്കി സമരം വേണ്ട

Published

|

Last Updated

പഠിപ്പ് മുടക്ക് സമരത്തെക്കുറിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണം വിദ്യാര്‍ഥികളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന ആരും സ്വാഗതം ചെയ്യാതിരിക്കില്ല. അധ്യയനം തടസ്സപ്പെടുത്തിയിട്ടുള്ള പഠിപ്പുമുടക്ക് സമരങ്ങള്‍ അനുവദിക്കാവതല്ലെന്നും സമരം നടത്തണമെന്നുള്ളവര്‍ക്ക് അവരുടെ ക്ലാസ് വേണ്ടെന്നുവെച്ച് സമരത്തിനു ഇറങ്ങുകയല്ലാതെ പഠിക്കാന്‍ തയ്യാറായി ക്ലാസിലേക്ക് വരുന്ന മറ്റു വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടുത്താന്‍ അവകാശമില്ലെന്നാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ ഉത്തരവ്. സമരത്തിന്റെ പേരില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിദ്യാര്‍ഥികളെ സ്ഥാപനാധികൃതര്‍ക്ക് പോലീസിനെ ഉപയോഗിച്ചു നീക്കം ചെയ്യുകയും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയുംചെയ്യാം. പഠിക്കാന്‍ തയാറായി വരുന്ന ഒരു കുട്ടിയെങ്കിലും ക്ലാസിലുണ്ടെങ്കില്‍ അവനു വേണ്ടി ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചിരിക്കണമെന്നും ഉന്നത വിദ്യാഭ്യാസം മൗലികാവകാശമല്ലെങ്കിലും വ്യക്തി വികാസത്തിനു വേണ്ടിയുള്ള മനുഷ്യാവകാശമായി കണക്കാക്കാമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി.
വിദ്യാഭ്യാസ കാലം കുട്ടികള്‍ക്ക് പഠിച്ചു വളരാനുള്ളതാണ്. ഈ വിലപ്പെട്ട സമയം സമരത്തിന് വിനിയോഗിക്കുന്നത് രക്ഷിതാക്കള്‍ക്കും രാജ്യത്തിനും സൂഹത്തിനും തീരാനഷ്ടമാണ് .വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും ബഹുഭൂരിപക്ഷവും പഠിപ്പ് മുടക്കി സമരത്തോട് ആഭിമുഖ്യമുള്ളവരല്ല. സമരമുക്തവും പഠനത്തിന് സഹായകവുമായ സ്വസ്ഥമായ കലാലയാന്തരീക്ഷമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ രക്ഷിതാവും തന്റെ കുട്ടിയെ വിദ്യാലയത്തിലേക്കയക്കുന്നത്. എല്ലു മുറിയെ പണി ചെയ്തു നേടുന്ന സമ്പാദ്യം കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി ചെലവഴിക്കുമ്പോള്‍ അവരുടെ മുമ്പില്‍ സ്വപ്‌നങ്ങേറെയുണ്ട്. പഠിപ്പു മുടക്ക് സമരങ്ങള്‍ ഈ പ്രതീക്ഷകളെ തകിടം മറിക്കുയാണ്. ഇത്തരം സമരങ്ങളിലേക്ക് വിദ്യാര്‍ഥികളെ പ്രചോദിതരാക്കിയിരുന്ന പിപ്ലവ പ്രസ്ഥാന നേതാക്കള്‍ പോലും മാറിച്ചിന്തിച്ചു കൊണ്ടിരിക്കയാണിപ്പോള്‍. വിദ്യാര്‍ഥി സമരങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരിക്കണമെന്നും പഠിപ്പ് മുടക്കാനായിരിക്കരുതെന്നുമാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഇതിനിടെ അഭിപ്രായപ്പെട്ടത്. എസ് എഫ് ഐ ദേശീയ വൈസ് പ്രസിഡണ്ട് വി ശിവദാസന്‍ അതിനെ അനുകൂലിച്ച് രംഗത്ത് വരികയുമുണ്ടായി. പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010ല്‍ തിരുവനന്തപുരത്ത് സ്‌കൂള്‍ പ്രവേശനോദ്ഘാടത്തില്‍ സംസാരിക്കവെ സി പി എഎം നേതാവ് എം എ ബേബി വിദ്യാര്‍ഥി സമൂഹത്തോട് ആവശ്യപ്പെട്ടതും പഠിപ്പ് മുടക്ക് സമരങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാനായിരുന്നു.
കേവലം അവകാശ സമരം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന മട്ടിലാണ് ചില വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം. എന്തിനും ഏതിനും സമരത്തിലേക്ക് എടുത്തുചാടുന്ന ഇവരുടെ മനോഭാവത്തിലും പ്രവര്‍ത്തന രീതിയിലും കാതലായ മാറ്റം വരേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നന്നായി പഠിച്ചു വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയായിരിക്കണം വിദ്യാര്‍ഥി സംഘടനകളുടെ പ്രഥമ ലക്ഷ്യം. അനിവാര്യഘട്ടത്തില്‍ സമരം ചെയ്യേണ്ടി വന്നാല്‍ അത് മറ്റുള്ളവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകരുത്. പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് അതിനുള്ള സാഹചര്യം നിഷേധിക്കുന്ന തരത്തിലുമാകരുത്. രണ്ട് വര്‍ഷം മുമ്പ് വിദ്യാര്‍ഥി സമരം മൂലം എറണാകുളം ഗവ. ലോ കോളജില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമാക്കിയപ്പോള്‍ ഇത്തരം സമരമുറകളെ തടയാന്‍ സാധിക്കുന്നില്ലെങ്കില്‍ കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘനടകളെ നിരോധിക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടത്. മുമ്പും പല തവണ വിദ്യാര്‍ഥി സംഘടനകളുടെ വഴിവിട്ട പ്രവര്‍ത്തന രീതികളെ കോടതി അപലപിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഇനിയും ബോധവാന്മാരായി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നിരിക്കും.
പലപ്പോഴും വിദ്യാര്‍ഥികള്‍ സമരങ്ങളിലേര്‍പ്പെടുന്നത് രാഷ്ട്രീയ മേലാളന്മാരുടെ പ്രേരണയാലാണ്. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥി കളെ കരുവാക്കുന്ന ഇവരിലേറെ പേരും സ്വന്തം മക്കളെ സമരങ്ങള്‍ ബാധിക്കാത്ത സ്ഥാപനങ്ങളിലാണ് ചേര്‍ക്കുന്നത്. സ്വന്തം മക്കളെ കോഴയും ഉയര്‍ന്ന ഫീസും നല്‍കി സ്വകാര്യ കോളജുകളില്‍ ചേര്‍ത്തു പഠിപ്പിക്കുന്ന നേതാക്കള്‍, വിദ്യാഭ്യാസ രംഗത്തെ കോഴ സമ്പ്രദായത്തിനും സ്വാശ്രയ കോളജുകള്‍ക്കുമെതിരെ കൊടി പിടിച്ച ചരിത്രമുള്ള നാടാണ് നമ്മുടേത്. ഇതൊന്നുമാലോചിക്കാതെയാണ് നേതാക്കളുടെ വാക്കുകള്‍ കേട്ട് വിദ്യാര്‍ഥികള്‍ സമരങ്ങളിലേര്‍പ്പെടുന്നതും പഠിക്കാന്‍ ക്ലാസിലെത്തുന്ന കുട്ടികള്‍ക്ക് അതിനുള്ള അവസരം നഷ്ടപ്പെടുത്തുന്നതും. പുതിയ കോടതി വിധി വിദ്യാര്‍ഥി നേതാക്കള്‍ക്ക് പുനര്‍വിചന്തനത്തിനുള്ള പ്രചോദനമാകേണ്ടതാണ്.