സാധ്യതകളുടെ കല പയറ്റിയ രാഷ്ട്രീയ നേതാവ്

Posted on: January 8, 2016 5:02 am | Last updated: January 7, 2016 at 11:04 pm
SHARE

muftiഉത്തരധ്രുവവും ദക്ഷിണധ്രുവവും തമ്മിലുള്ള സമാഗമമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മാര്‍ച്ച് ഒന്നിന് മുഫ്തി മുഹമ്മദ് സഈദ് ജമ്മു കാശ്മീരിന്റെ പന്ത്രാണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരത്തിലേറയത്. ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരില്‍ ബി ജെ പിക്ക് അധികാരം നേടിയെടുക്കാനുള്ള അവസരം നല്‍കിയെന്ന ആരോപണം ഉയര്‍ന്നിട്ടും ആറ് പതിറ്റാണ്ടിന്റെ രാഷ്ടീയാനുഭവം അനുയോജ്യമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് മുഫ്തിയെ പിന്തിരിപ്പിച്ചില്ല. രണ്ടും കല്‍പ്പിച്ച് ബി ജെ പിയോടൊപ്പം കൂട്ടുഭരണം നടത്തി പത്ത് മാസം പൂര്‍ത്തിയാക്കിയ മുഫ്തി ഒടുവില്‍ വരാനിരിക്കുന്ന രാഷ്ടീയ പ്രതിസന്ധിയിലേക്ക് വിരല്‍ചൂണ്ടി യാത്രയായിരിക്കുന്നു. രാഷ്ട്രീയമെന്നാല്‍ സാധ്യതകളുടെ കലയാണെന്ന് രാജ്യത്തോട് പ്രഖ്യാപിച്ച ഈ മുഖ്യമന്ത്രി ഭരണത്തിലിരിക്കുമ്പോഴും പി ഡി പിയെ നയിക്കുമ്പോഴും മറ്റേതു മുഖ്യമന്ത്രിമാരില്‍ നിന്നും തികച്ചും വ്യതിരിക്തനായിരുന്നു. കാശ്മീര്‍ പോലൊരു സംസ്ഥാനത്ത് അതീവ ഉത്കണ്ഠയും കഠിന പ്രതിസന്ധികളും സധൈര്യം തരണം ചെയ്തുകൊണ്ടാണ് ഔദ്യോഗിക രാഷ്ട്രീയ ജീവിതം അദ്ദേഹം മുന്നോട്ട് നയിച്ചത്.
ഇന്ത്യയില്‍ കാശ്മീര്‍ ഒഴിച്ചുളള ഭൂരിഭാഗം സംസ്ഥാനങ്ങളിലേയും പ്രാദേശിക മാധ്യമങ്ങള്‍ ഭരണ, രാഷ്ട്രീയ നേതൃത്വ സംബന്ധിയായ വാര്‍ത്തകളുമായിട്ടാണ് മിക്ക ദിവസങ്ങളിലും വായനക്കാര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍, ജമ്മുവില്‍ നിന്നും ശ്രീനഗറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗ്രേറ്റര്‍ കശ്മീര്‍, കാശ്മീര്‍ റീഡര്‍, കാശ്മീര്‍ ടൈംസ് ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് പത്രങ്ങളും അതിലധികം ഉറുദു പത്രങ്ങളും പ്രധാന വാര്‍ത്തകള്‍ മഹാഭൂരിഭാഗവും കോണ്‍ഗ്രസിനെയോ ബി ജെ പിയെയോ നാഷനല്‍ കോണ്‍ഫറന്‍സിനേയോ പരാമര്‍ശിക്കുന്നതാകാറില്ല. അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളോ കൊല്ലപ്പെട്ട സാധാരണക്കാരുടെ മരണാനന്തര ചടങ്ങുകളില്‍ പ്രതിഷേധിച്ച് ജനം നടത്തുന്ന നിത്യ സമരങ്ങളുടേയോ അടഞ്ഞുകിടന്ന നഗരക്കാഴ്ചകളോ വിഘടനവാദികളുടെ പ്രസ്താവനകളോ ഒെക്കെയാരിക്കും പ്രധാന വിഭവങ്ങള്‍. അഴിമതിയും വികസനപദ്ധതികളും രാഷ്ട്രീയ പ്രസ്ഥനങ്ങളുടെ ജനകീയ ഇടപെടലുകളുമൊന്നും വാര്‍ത്താ പ്രധാന്യമുള്ള സമസ്യകളല്ല, ഭീകരവാദ അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന സൈനികന്റെയും സൈനികന്റെ വെടിയേറ്റു മരിക്കുന്ന സാധാരണക്കാരുടെയും മുന്നില്‍. മുഫ്തി ഭരണത്തിലിരുന്ന പത്ത് മാസവും ഇതു തന്നെയായിരുന്നു മാധ്യമ ഇടപെടലിന്റെ രീതി. ഇത്തരം വാര്‍ത്ത എഴുത്തുകള്‍ ജനങ്ങളെ സ്വാധീനിക്കുന്നു. ഈ സ്വധീനത്തെത്തുടര്‍ന്ന് വാര്‍ത്തകള്‍ക്കനുസൃതമായി ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പോലീസുദ്യോഗസ്ഥരോ സൈന്യമോ പ്രക്ഷുബ്ധമായ സാമൂഹികാന്തരീക്ഷത്തില്‍ വെടിയുതിര്‍ത്താല്‍ മുഫ്തിയോട് അനിഷ്ടമേറും. മുഖ്യമന്ത്രി നിരപരാധിയാണോ അപരാധിയാണോ എന്നൊക്കെയുള്ള സൂക്ഷ്മ വിശകലനങ്ങളൊന്നും നടക്കാറില്ല. ആ അനിഷ്ടത്തെ മറി കടക്കുന്ന ഒരു രാഷ്ട്രീയ നീക്കത്തിലൂടെ, ഒരു തീരുമാനത്തിലൂടെ, പ്രിയപ്പെട്ട മുഖ്യമന്ത്രിയായി നിറംമാറാനുളള അസാമാന്യ കഴിവും മുഫ്തിക്കുണ്ടായിരുന്നു. ഇവ്വിധം വിവിധ വികാരങ്ങളെ സമ്മിശ്രമായി സ്വാംശീകരിച്ച് കാശ്മീരികളെ രണ്ട് തവണ മുന്നോട്ടു നയിച്ച മുഖ്യമന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സഈദ്.
രണ്ടാമൂഴത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടനെ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് മിലിറ്റന്റ്‌സും പാകിസ്ഥാനും സഹായിച്ചതിന് നന്ദി അറിയിച്ച് അദ്ദേഹം പ്രസംഗിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. നിലപാട് തുറന്നു പറയുന്നതില്‍ മുഫ്തി ആരെയും ഭയപ്പെട്ടില്ല. 25 വര്‍ഷത്തിനിടെ ആദ്യമായി ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ അക്രമം അഴിച്ചുവിടാതെയാണ് സഹായിച്ചതെന്ന വിലയിരുത്തല്‍ ഉണ്ടായപ്പോള്‍ മുഫ്തി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബി ജെ പിയുമായി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണത്തിലേറിയ ശേഷം വിഘനടവാദി നേതാവായ മസ്‌റത്ത് ആലം ഭട്ടിനെ ജയില്‍ മോചിതനാക്കിയിരുന്നു. ബി ജെ പി-പി ഡി പി സഖ്യഭരണത്തിന്‍മേല്‍ വിള്ളല്‍ വീഴ്ത്തിയ രണ്ടാമത്തെ സംഭവമായിരുന്നു ഇത്. ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാത്ത രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുളള തീരൂമാനത്തെ തുടര്‍ന്നായിരുന്നു മസ്‌റത്തിന്റെ മോചനം. പി ഡി പിയുടെയും മുഫ്തിയുടെയും തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുകയുണ്ടായി. പക്ഷേ, മുഫ്തി തിരിച്ചടിച്ചു. 2002-2008 കാലയളവില്‍ പി ഡി പിയോടൊപ്പം സംസ്ഥാനഭരണം കോണ്‍ഗ്രസും കൈയാളിയിരുന്നു. അന്ന് ഹുറിയത്ത് വിഘടനവാദി നേതാക്കളെ ജയില്‍ മോചിതരാക്കിയപ്പോള്‍ കോണ്‍ഗ്രസിന് സമ്മതമില്ലായിരുന്നോ എന്ന് പി ഡി പി. എം പി ഫയാസ് അഹ്മദ് രാജ്യസഭയില്‍ ചോദ്യമുയര്‍ത്തിയതോടെ കോണ്‍ഗ്രസിന് മറുപടിയില്ലായിരുന്നു. ഇതോടെ പി ഡി പിയും മുഫ്തിയും തലയുയര്‍ത്തി. നിലപാടുകളില്‍ വൈവിധ്യം കുറവില്ലാത്ത ഒരു ജനതയുടെ മുന്നില്‍ ജനസമ്മതി താളംതെറ്റാതെ നിലനിര്‍ത്താന്‍ ആവത് ശ്രമിച്ച മുഖ്യമന്ത്രിയും നേതാവുമായിരുന്നു മുഫ്തി.
1989ല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായതോടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം അഭ്യന്തരമന്ത്രിയെന്ന സവിശേഷതക്കര്‍ഹനായി മുഫ്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ സംഭവബഹുലമാമായിരുന്നു പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍. പഞ്ചാബിലെ സിഖ് വിഘടനവാദം അടങ്ങിയ തൊണ്ണൂറുകളില്‍ കാശ്മീരിലെ വിഘടനവാദം അതിന്റെ പരകോടിയിലെത്തി. കലാപങ്ങളും ഏറ്റു മുട്ടലുകളും തകര്‍ത്താടിയ കാലസന്ധിയില്‍ മുഫ്തിയായിരുന്നു നേതൃസ്ഥാനത്തുണ്ടായിരുന്നുത്. അഭ്യന്തര മന്ത്രിയായിരിക്കെയാണ് തന്റെ മൂന്നാമത്തെ മകള്‍ റൂബയ്യയെ ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി അഞ്ച് തീവ്രവാദികളുടെ മോചനമാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ അഞ്ച് തടവുകാരേയും വിട്ടയക്കാനായിരുന്നു തീരുമാനം. ഒരു കേന്ദ്ര അഭ്യന്തര മന്ത്രിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു ഈ സംഭവം.
ബി ജെ പി, കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് എന്നിവ ഒരു ഭാഗത്ത് രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മറുഭാഗത്ത് ഹുറിയത്തും ലിബറേഷന്‍ ഫ്രണ്ടും ഉള്‍െപ്പടെയുള്ള ഇരുപത്തഞ്ചോളം വിഘടനവാദി പ്രസ്ഥാനങ്ങളെയും മുഫ്തിക്ക് അനുനയിപ്പിക്കേണ്ടിവന്നു. അതിനിടെ ഡല്‍ഹിയേയും ഇസ്‌ലാമാബാദിനേയും പിണക്കാതെ കാശ്മീരികളെ കൂടെ നിര്‍ത്തി. വിവിധ നിറങ്ങളും നിലപാടുകളും പോരാട്ടങ്ങളും ശക്തമായൊരു ഭൂമിയില്‍ അജയ്യമായി നിലകൊണ്ടു അദ്ദേഹം. ജമ്മു കാശ്മീരില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി വിദ്യഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന മര്‍കസിന്റെ യാസീന്‍ മിഷന്‍ സ്ഥാപനങ്ങള്‍ക്കും കര്‍മപദ്ധതികള്‍ക്കും മുഫ്തി ഏറെ സഹായങ്ങള്‍ നല്‍കിയിരുന്നു. മിഷന്‍ ഡയറക്ടര്‍ ശൗഖത്ത് നഈമിയോട് കാശ്മീരിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍വപിന്തുണയും മുഫ്തി വാഗദാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here