Connect with us

Gulf

ഇത്തിഹാദ് റെയില്‍ ഒന്നാം ഘട്ടം; ചരക്ക് നീക്കത്തിന് കരാറായി

Published

|

Last Updated

ഇത്തിഹാദ് റെയില്‍

അബുദാബി: യു എ ഇയുടെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയിലും സിവ ലോജിസ്റ്റിക്‌സും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ചരക്കുഗതാഗത നീക്കത്തിനാണിത്. താമസിയാതെ യാത്രാ ട്രെയിനുകള്‍കൂടി യാഥാര്‍ഥ്യമാകുമെന്ന് സി ഇ ഒ ഫാരിസ് സൈഫ് അല്‍ മസ്‌റൂഇ പറഞ്ഞു. ഇത്തിഹാദ് റെയില്‍വെയുടെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അബുദാബിയിലാണ് പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാം ഘട്ട നിര്‍മാണത്തിന് 70 കോടി കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു. നിര്‍മാണം നടന്നുവരികയാണ്. രണ്ടാംഘട്ടത്തില്‍ 628 കിലോമീറ്ററാണ് നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 264 കിലോമീറ്ററാണ് നിര്‍മിച്ചത്. 470കോടി ദിര്‍ഹമാണ് ചെലവ് ചെയ്തത്. ഷാ ഹബ്‌സാനില്‍ നിന്ന് റുവൈസിലേക്കായിരുന്നു ഇത്. ഇതിലൂടെ ചരക്കുഗതാഗതം ആരംഭിച്ചിട്ടുണ്ട്.
1,200 കിലോമീറ്ററാണ് ഇത്തിഹാദ് റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. യു എ ഇയിലെ ഏഴ് എമിറേറ്റുകളെ ഇത് ബന്ധിപ്പിക്കും. പിന്നീട് ജി സി സി റെയിലുമായും ബന്ധിപ്പിക്കും. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,177 കിലോമീറ്ററിലാണ് ജി സി സി റെയിലിന്റെ ആദ്യഘട്ട നിര്‍മാണം. ജി സി സി റെയില്‍ 2020 ഓടെ പൂര്‍ത്തിയാകും.
2009ലാണ് നിര്‍മാണം തുടങ്ങിയത്. ഷാ ഹബ്‌സാനില്‍ നിന്ന് റുവൈസിലേക്ക് സള്‍ഫറും മറ്റും കൊണ്ടുവരാന്‍ ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടിട്ടില്ല. രണ്ടാംഘട്ടത്തില്‍ മുസഫ്ഫ, ഖലീഫ തുറമുഖം, ജബല്‍ അലി തുറമുഖം എന്നിവയെ ബന്ധിപ്പിക്കും.
കഴിഞ്ഞ ദിവസമാണ് ഇത്തിഹാദ് റെയിലും ചരക്കുഗതാഗത കമ്പനിയായ സിവയും കരാര്‍ ഒപ്പിട്ടത്. ഇത്തിഹാദ് റെയിലിനുവേണ്ടി ഫാരിസ് സെയ്ഫ് അല്‍ മസ്‌റൂഇയും സിവ ലോജിസ്റ്റിക്‌സിനുവേണ്ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജറോം ലോറയും കരാര്‍ ഒപ്പിട്ടു.