ഗര്‍ഭാശയ കാന്‍സര്‍ പരിശോധനക്കൊപ്പം സ്വര്‍ണ സമ്മാനങ്ങളും

Posted on: January 7, 2016 8:19 pm | Last updated: January 7, 2016 at 8:19 pm
SHARE

ദോഹ: ഗര്‍ഭാശയ കാന്‍സറിനെ സംബന്ധിച്ച് അവബോധമുണ്ടാകുന്നതിനൊപ്പം സ്വര്‍ണം നേടാനും അവസരമൊരുക്കി ഖത്വര്‍ കാന്‍സര്‍ സൊസൈറ്റി. കാന്‍സര്‍ പരിശോധനക്ക് യുവതികളെ പ്രത്യേകിച്ച് 30 വയസ്സിന് മുകളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഹെല്‍ത്ത് സെന്ററുകളില്‍ നേരത്തെ കാന്‍സര്‍ കണ്ടെത്താനുള്ള സംവിധാനമുണ്ട്.
ഗര്‍ഭാശയ കാന്‍സറിനെ സംബന്ധിച്ച സ്ത്രീകളുടെ തെറ്റുധാരണകളും ഭയവും ഇല്ലാതാക്കലാണ് പ്രചാരണത്തിന്റെ മുഖ്യലക്ഷ്യം. മുപ്പതുകളിലുള്ള യുവതികളിലാണ് പൊതുവെ രോഗം കണ്ടുവരുന്നത്. ഈ മാസം 25ന് ഗ്രാന്‍ഡ് ഹയാത് ഹോട്ടലിലാണ് ഖത്വര്‍ കാന്‍സര്‍ സൊസൈറ്റി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഗര്‍ഭാശയ കാന്‍സറിനെ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും വിദഗ്ധര്‍ മറുപടി നല്‍കും. പരിപാടിയോടനുബന്ധിച്ച് രോഗപരിശോധന നടത്താന്‍ തയ്യാറാകുന്നവരെ പങ്കെടുപ്പിച്ച് നറുക്കെടുപ്പ് നടത്തും. ഭാഗ്യവതികള്‍ക്ക് മൂന്ന് വീതം സ്വര്‍ണനാണയങ്ങളും വജ്ര മോതിരങ്ങളും ലഭിക്കും. ദമാസ്, മലബാര്‍ ജ്വല്ലറി ഷോപ്പുകളാണ് ആഭരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ ജനുവരി അന്താരാഷ്ട്രതലത്തില്‍ ഗര്‍ഭാശയ കാന്‍സര്‍ ബോധവത്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ഖത്വര്‍ കാന്‍സര്‍ സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ മറിയം ഹമദ് അള്‍ നൈമി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ കാന്‍സറാണ് ഗര്‍ഭാശയത്തിന് പിടിപെടുന്നത്. രോഗം വിവിധ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കൂ. കാന്‍സര്‍ പ്രതിരോധ മാര്‍ഗങ്ങള്‍, നേരത്തെ കണ്ടുപിടിക്കുക തുടങ്ങിയവയില്‍ ഊന്നിയാരിക്കും ബോധവത്കരണം. നിത്യേനയുള്ള പരിശോധന 90 ശതമാനം ഗര്‍ഭാശയ കാന്‍സറിനെയും തടയും. പുകവലി, ഗര്‍ഭാശയമുഖത്തെ പഴുപ്പ്, പാരമ്പര്യരോഗം, ഗര്‍ഭനിരോധക ഔഷധങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ് ഗര്‍ഭാശയ കാന്‍സറിനുള്ള പ്രധാന കാരണങ്ങള്‍. പുകവലി ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണരീതി, മെച്ചപ്പെട്ട ജീവിതശൈലി, വ്യായാമം തുടങ്ങിയവയാണ് രോഗം തടയാനുള്ള മാര്‍ഗങ്ങള്‍. വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം മുതല്‍ പരിശോധനക്ക് വിധേയമാകാം. 65 ാം വയസ്സ് വരെ രണ്ട് വര്‍ഷം ഇടവിട്ട് പരിശോധിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പരിശോധന നിര്‍ത്താം. പ്രൈമറി ഹെല്‍ത്ത് സെന്ററിലും വിമന്‍ ഫിറ്റ്‌നസ് ക്ലിനിക്കിലും പരിശോധനക്ക് അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here