രേഖകള്‍ ചിതലരിച്ചതിനാല്‍ ജോലി സ്ഥിരപ്പെടുത്തിയില്ല; മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

Posted on: January 7, 2016 11:59 am | Last updated: January 7, 2016 at 11:59 am

കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസിലെ രേഖകള്‍ ചിതലരിച്ചു പോയതിന്റെ ഫലമായി ജോലി സ്ഥിരപ്പെടുത്തി കിട്ടാത്ത സി എല്‍ ആര്‍ ജീവനക്കാരിയുടെ കാര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ വിവേചനരഹിതവും മാനുഷികവുമായ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു.
1980 മുതല്‍ ചിമ്മിണി ഡാം പദ്ധതിയില്‍ സി എല്‍ ആര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന വയനാട് കാരാപ്പുഴ പത്തുകുടിയില്‍ എം സുബൈദ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സി എല്‍ ആര്‍ ജോലിക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയപ്പോള്‍ സുബൈദയെ ഒഴിവാക്കിയെന്നാണ് പരാതി. ഒപ്പം ജോലി ചെയ്തവര്‍ സ്ഥിരപ്പെട്ടിട്ടും സുബൈദയുടെ ജോലി സ്ഥിരമായിട്ടില്ല.
കമ്മീഷന്‍ ജലവിഭവ വകുപ്പ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. സുബൈദയുടെ നിയമനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ രേഖകള്‍ ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ഭരണം) ഓഫീസില്‍ ഇല്ലാത്തു കാരണമാണ് ജോലി സ്ഥിരപ്പെടുത്താന്‍ കഴിയാത്തതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
രേഖകളില്‍ ചിലത് ചിതലരിച്ചു. അതേ സമയം സുബൈദയുടെ കൈയില്‍ ചിമ്മിണിഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ ജോലിപരിചയ സര്‍ട്ടിഫിക്കേറ്റുണ്ട്.സര്‍ക്കാര്‍ ഓഫീസില്‍ രേഖകള്‍ ഇല്ലാത്തത് പരാതിക്കാരിയുടെ അയോഗ്യതയായി കണക്കാക്കാനാവില്ലെന്ന് കെ മോഹന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു.
സര്‍ക്കാര്‍ ഉത്തരവ് ഉദേ്യാഗസ്ഥര്‍ വിവേചനപരമായി നടപ്പാക്കിയെന്നും കമ്മീഷന്‍ അനുമാനിച്ചു.30 വര്‍ഷം പഴക്കമുള്ള പരാതി ഇനിയും പരിഹരിക്കാതിരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.