Connect with us

Wayanad

ജില്ലയിലെ കാര്‍ഷിക വിഭവങ്ങള്‍ക്ക് അര്‍ഹമായ വിപണി കണ്ടെത്താന്‍ ശ്രമിക്കണം: ടി ഉഷാകുമാരി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ വൈവിധ്യമാര്‍ന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് അര്‍ഹമായ വിപണി കണ്ടെത്താന്‍ സംരംഭകര്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു.
കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിപണനം ചെയ്യുന്നതിനുള്ള വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം കല്‍പ്പറ്റ വുഡ്‌ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ദ്വിദിന സാങ്കേതിക ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൂല്യവര്‍ധിത ഉത്പന്നങ്ങളായും അല്ലാതെയും രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള ചക്ക വയനാട്ടില്‍ സുലഭമാണ്. എന്നാല്‍ സീസണാകുന്നതോടെ ജില്ലയുടെ മുക്കിലും മൂലയിലും ചക്ക പാഴായിപ്പോകുന്നത് പതിവു കാഴ്ചയുമാണ്. വിപണന സാധ്യതകളെ കുറിച്ചുള്ള അജ്ഞതയാണ് ഇതിനു കാരണം. നമ്മുടെ നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന പല കാര്‍ഷിക വിഭവങ്ങളുടെയും സ്ഥിതി മറിച്ചല്ല. ഇവയുടെ മാര്‍ക്കറ്റ് മനസ്സിലാക്കി മറ്റു സംസ്ഥാനങ്ങളും രാജ്യക്കാരും അവിടുത്തെ കാലാവസ്ഥയോടു പൊരുതി ഇവ നട്ടു പിടിപ്പിക്കുകയാണ്. ഓരോ കാര്‍ഷിക വിഭവങ്ങളുടെയും വിപണന സാധ്യതയും ഉത്പന്ന നിര്‍മാണവും മനസ്സിലാക്കാനായാല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാനും സ്വയം പര്യാപ്തത കൈവരിക്കാനും ഓരോരുത്തര്‍ക്കും കഴിയും. അതിന് ഇത്തരം ശ്രമങ്ങള്‍ സഹായകമാവുമെന്നും അവര്‍ പറഞ്ഞു.
ജില്ലയില്‍ സുലഭമായി ലഭിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് സ്വദേശത്തും വിദേശത്തും വിപണി കണ്ടെത്തുക, അതിന് നിലവിലുള്ളവരെയും പുതിയ സംരംഭകരെയും പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് “കാര്‍ഷികം ഭക്ഷ്യ സംസ്‌കരണം, പായ്ക്കിങ്ങ് ” എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ശില്‍പ്പശാല സംഘടിപ്പിച്ചത്. മൈസൂര്‍ പ്രതിരോധ ഭക്ഷ്യ ഗവേഷണ ലബോറട്ടറി ശാസ്ത്രജ്ഞനും ന്യൂട്രീഷന്‍ വിഭാഗം മേധാവിയുമായ ഡോ.കെ ആര്‍ അനിലകുമാര്‍, ഐ ആര്‍ സി കെ (യുകെ) ലീഡ് ഓഡിറ്റര്‍ എ ഗോവിന്ദന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍.അനില്‍ കുമാര്‍ അധ്യക്ഷനായി. കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് ഡോ.സത്യാനന്ദന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി കെ ശ്രീജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന ശില്‍പശാലയില്‍ “നാളികേരവും നാളികേരാധിഷ്ഠിത ഉല്‍പ്പന്നങ്ങളും- പുതിയ ടെക്‌നോളജികള്‍, സാധ്യതകള്‍” , “ഭക്ഷ്യ ഉല്‍പ്പന്ന മേഖലയില്‍ പുതിയ യന്ത്രവല്‍കരണ സാധ്യതകള്‍, ലഭ്യതകള്‍” , “ഭക്ഷ്യ ഉല്‍പ്പന്ന മേഖലയില്‍ പുതിയ പായ്ക്കിങ്ങ് രീതികള്‍, പ്രത്യേകതകള്‍” തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. ശില്‍പശാല ഇന്ന് സമാപിക്കും.

Latest