ഡ്രൈവര്‍ നിയമനം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ലീഗ്

Posted on: January 7, 2016 11:57 am | Last updated: January 7, 2016 at 11:57 am
SHARE

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ നിയമനത്തെ ചൊല്ലി ഭരണകക്ഷിയിലെ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.
തങ്ങളുടെ നോമിനിയായ ആളെ ഡ്രൈവറായി നിയമിച്ചില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ലീഗ് നേതൃത്വം ഭീഷണി മുഴക്കുമ്പോള്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിന് ലഭിച്ചപ്പോള്‍ ലീഗ് നോമിനിയായി തൊണ്ടര്‍നാട് സ്വദേശിയെ ഡ്രൈവറായി നിയമിച്ചിരുന്നു. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷം ഡ്രൈവറായിരുന്ന പിലാക്കാവ് സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ആളെ തന്നെ ഡ്രൈവറായി നിയമിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പ്രതിപക്ഷമായ എല്‍ ഡി എഫ് അംഗങ്ങള്‍ ഇടപെടുകയും കൂടിക്കാഴ്ച നടത്തി ഡ്രൈവറെ നിയമിച്ച ശേഷം വാഹനം ഉപയോഗിച്ചാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. വാഹനം ഉപയോഗിക്കാതെ ഷെഡ്ഡിലായിരുന്നു. രണ്ട് തവണ ഡ്രൈവര്‍ നിയമനത്തിനായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും പ്രസിഡന്റിന്റെ അസൗകര്യം കണക്കിലെടുത്ത് മാറ്റി വെക്കുകയായിരുന്നു.
ഒടുവില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയപ്പോള്‍ നിലവിലുള്ള ഡ്രൈവറടക്കം മൂന്ന് പേരാണ് പങ്കെടുത്തത്. തങ്ങള്‍ ആവശ്യപ്പെട്ട ഡ്രൈവറെ നിയമിച്ചില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയില്‍ ആണ് ലീഗ് നേതൃത്വം. എന്നാല്‍ ലീഗിന്റെ ഈ സമ്മര്‍ദ്ദത്തിനെതിരെ തങ്ങള്‍ക്ക് ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുള്ളത്. ലീഗിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡ്രൈവര്‍ നിയമനം സംബന്ധിച്ച് ഭരണ കക്ഷിയിലെ തന്നെ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നത രൂക്ഷമായതോടെ ഇരു പാര്‍ട്ടികളുടേയും ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടാനാണ് സാധ്യത.