ഒരുക്കങ്ങള്‍ തകൃതിയില്‍; എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനം ഒമ്പതിന്

Posted on: January 7, 2016 10:58 am | Last updated: January 7, 2016 at 10:58 am

ചെര്‍പ്പുളശേരി: ‘ധര്‍മപതാകയേന്തുക’ ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിയ മെമ്പര്‍ഷിപ്പ് – പുനഃസംഘന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഒമ്പതിന് റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍.
എസ് വൈ എസ് സ്റ്റേറ്റ് ഇലക്ഷന്‍ ഡയറക്ടറേറ്റ് തയ്യാറാക്കിയ ക്രമീകരണം അനുസരിച്ച് മെമ്പര്‍ഷിപ്പ് ജോലികളും പുനഃസംഘടനകളും വളരെ കൃത്യമായി നടത്തി. പാലക്കാട് ജില്ലയില്‍ മറ്റൊരു സംഘടനക്കും സാധിക്കാത്ത വിധം രണ്ട് മാസക്കാലയളവില്‍ പ്രസ്ഥാനത്തിന്റെ ജനകീയാടിത്തറയും സംഘടന ക്ഷമതയും ബോധ്യപ്പെടുത്തി 450 ഓളം പ്രാദേശിക ഘടകങ്ങളും 60 സര്‍ക്കിള്‍ ഘടകങ്ങളും 14 സോണ്‍ പുനസംഘടനകളും പൂര്‍ത്തിയായി.
ജില്ലയില്‍ വിവിധ സര്‍ക്കിളുകളില്‍ നിന്നും സോണുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 600 അംഗങ്ങള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തോടെ, ധര്‍മപതാകയേന്താന്‍ സംഘടനക്ക് ഭാവിയില്‍ കൂടുതല്‍ ഊര്‍ജവും പ്രചോദനവും നല്‍കും. രാവിലെ 11 മണിക്ക് ചെര്‍പ്പുളശേരി- പാലക്കാട് റോഡിലെ റോയല്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ വാര്‍ഷിക കൗണ്‍സില്‍, പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. സെക്രട്ടറിമാരായ സുലൈമാന്‍ ചുണ്ടമ്പറ്റ, എം എ നാസര്‍ സഖാഫി പള്ളിക്കുന്ന്, അലിയാര്‍ മാസ്റ്റര്‍ അമ്പലപ്പാറ, അശ്‌റഫ് മമ്പാട് യഥാക്രമം ഓര്‍ഗൈനസിംഗ്, ദഅ്‌വ, വെല്‍ഫെയര്‍, അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടുകളും അവതരിപ്പിക്കും.
റിപ്പോര്‍ട്ടുകള്‍ വെച്ച് വിപുലമായ ചര്‍ച്ചക്കും വിലയിരുത്തലിനും ശേഷം 14 സോണ്‍ കൗണ്‍സിലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പുതിയ ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് അടുത്ത മൂന്ന് വര്‍ഷം ജില്ലയിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട യുവ സാരഥികളെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കും. 73 ശതമാനം മെമ്പര്‍മാരെ അധികം ചേര്‍ത്ത് സംസ്ഥാനത്ത് ഒന്നാമാതെത്തിയ ജില്ലയിലെ പുനഃസംഘടന നടപടികള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ് മാന്‍ ദാരിമിയും സെക്രട്ടറി മുഹമ്മദ് പറവൂരും വരണാധികാരികളാകും. സുതാര്യവും ജനാധിപത്യരീതിയിലുമായിരിക്കും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുക. തുടര്‍ന്ന് രണ്ടിന് ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക് പുറമെ സോണ്‍ പ്രവര്‍ത്തന സമിതിയംഗങ്ങളും സര്‍ക്കിള്‍ ഭാരവാഹികളും പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വെച്ച് ജില്ലാ സാരഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ചെര്‍പ്പുളശേരി റോയല്‍ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂരിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സെക്രട്ടറി മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തും.
അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം വി സിദ്ദീഖ് സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി പങ്കെടുക്കും.