സാമൂഹിക നീതി ദിനാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Posted on: January 7, 2016 10:44 am | Last updated: January 7, 2016 at 10:44 am
SHARE

കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാനതല സാമൂഹികനീതി ദിനാഘോഷങ്ങള്‍ക്ക് ഇന്ന് കോഴിക്കോട് തുടക്കം. രാവിലെ ഒമ്പതിന് മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ ഏഴായിരത്തോളം പേര്‍ പങ്കെടുക്കും. സാമൂഹിക ക്ഷേമ വകുപ്പ് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 40 മുത്തുക്കുടകളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ അണിനിരക്കും. സാമൂഹികനീതിയുമായി ബന്ധപ്പെട്ട വിവിധ പ്ലോട്ടുകള്‍ ഘോഷയാത്രക്ക് മിഴിവേകും. 10 മണിയോടെ ഘോഷയാത്ര പ്രധാന വേദിയായ സ്വപ്‌നനഗരിയില്‍ സമാപിക്കും. സാമൂഹിക ക്ഷേമത്തിലൂടെ സാമൂഹിക നീതിയിലേക്ക് എന്ന സന്ദേശവുമായി നടത്തുന്ന പരിപാടി തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.15 വരെ സ്വപ്‌നനഗരിയിലെ ഡോ. എ പി ജെ അബ്ദുള്‍കലാം ഹാളില്‍ ഭിന്നലിംഗ സൗഹൃദ കേരളം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മന്ത്രിമാരായ പി കെ ജയലക്ഷ്മി, ഷിബു ബേബി ജോണ്‍ സംബന്ധിക്കും. 3.15 മുതല്‍ അഞ്ച് വരെ ഇതേ വേദിയില്‍ ഭിന്നശേഷി സൗഹൃദകേരളം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
ഉച്ചക്ക് 12ന് ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ നടക്കുന്ന നാഷനല്‍ ട്രസ്റ്റ് ആക്ട് സെമിനാര്‍ മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി സ്വപ്‌നനഗരിയില്‍ എക്‌സിബിഷന്‍, വയോജനങ്ങള്‍ക്കായുള്ള അദാലത്ത്, വൃക്കരോഗനിര്‍ണയ ക്യാമ്പ്, ഭിന്നശേഷി നിര്‍ണയ ക്യാമ്പ്, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കലാപരിപാടികളും നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്ന ശേഷിക്കാരുള്‍പ്പെടെ 30,000ത്തിലേറെ പേര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.