ടെന്നീസ് വോളിബോളില്‍ പുതുപ്പാടിപ്പെരുമ

Posted on: January 7, 2016 10:42 am | Last updated: January 7, 2016 at 10:42 am
SHARE

താമരശ്ശേരി: ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മാറ്റുരക്കുന്ന കേരള ടീമില്‍ പുതുപ്പാടിയുടെ ആധിപത്യം. ഇന്ന് മഹാരാഷ്ട്രയില്‍ ആരംഭിക്കുന്ന ദേശീയ മീറ്റിലും ഈമാസം 10 മുതല്‍ ആന്ധ്രാപ്രദേശില്‍ നടക്കുന്ന മീറ്റിലും കളത്തിലിറങ്ങുന്ന കേരള ടീമിന്റെ കടിഞ്ഞാണ്‍ പുതുപ്പാടിക്കാരുടെ കരങ്ങളിലാണ്.
ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന കേരളത്തിന്റെ സീനിയര്‍ ഗേള്‍സ് ടീമിലെ ആറുപേരില്‍ ദയ ചന്ദ്രനും സ്‌നേഹ സജിയും പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ളവരാണ്. സീനിയര്‍ ബോയ്‌സിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് യഹിയയും പുതുപ്പാടിയിലാണ് പരിശീലനം നേടിയത്. ഈ മാസം 10,11,12 തീയ്യതികളില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടക്കുന്ന ദേശീയ യൂത്ത് ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിലെ ഒരാളൊഴികെ എല്ലാവരും പുതുപ്പാടിയുടെ സംഭാവനയാണ്. കേരള ടീം ക്യാപ്റ്റന്‍ സിറിയക് ബാബു, സുധിന്‍ ചന്ദ്രന്‍, ഷാഹുല്‍, അമല്‍, പി ജൗഹര്‍, പ്രജുല്‍ പ്രമോദ്, രതിക് സുന്ദര്‍, ഇ സഫര്‍, അജ്‌നാസ് എന്നിവരാണ് പുതുപ്പാടിയില്‍ നിന്നുള്ളവര്‍.
സ്‌കൂളിലെ കായികാധ്യാപകന്‍ ടി എം അബ്ദുര്‍റഹ്മാനാണ് ഇവരുടെ പരിശീലകന്‍. ടെന്നീസിന്റെ നിയമത്തില്‍ വോളിബോളുകൊണ്ടുള്ള ഈ കളി താമരശ്ശേരിയിലും പുതുപ്പാടിയിലുമാണ് ആരംഭിച്ചതെങ്കിലും ഇന്ന് വിവിധ ജില്ലകളിലായി നിരവധി ടീമുകള്‍ പരിശീലനം നേടുന്നുണ്ടെന്ന് ടി എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതിനാല്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
പുതുപ്പാടിയിലിലെ പരിമിതികള്‍ക്കിടയില്‍നിന്ന് വിവിധ മത്സരങ്ങളിലായി ഇതിനകം നിരവധി താരങ്ങള്‍ ദേശീയ തലത്തിലെത്തിയിട്ടുണ്ട്. അധികൃതരുടെ ചെറിയൊരു കൈതാങ്ങുകൂടെയായാല്‍ കായിക രംഗത്ത് പുതുപ്പാടിക്ക് മികച്ച നേട്ടം കൊയ്യാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.