ലീഗ് കപ്പ് സെമി: ലിവര്‍പൂളിന് നേരിയ ജയം

Posted on: January 7, 2016 5:35 am | Last updated: January 7, 2016 at 12:37 am

1452025833678_lc_galleryImage_Liverpool_s_Philippe_Coutലണ്ടന്‍: ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിന് ജയം. സ്റ്റോക് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂള്‍ മറികടന്നത്. പകരക്കാരന്‍ ജൊര്‍ദന്‍ ഇബെയാണ് ഗോളടിച്ചത്. പ്ലേ മേക്കര്‍ ഫിലിപ് കോട്ടീഞ്ഞോയും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ദെജാന്‍ ലൗറനും മുപ്പത്തഞ്ചാം മിനുട്ടില്‍ പരുക്കേറ്റ് കളം വിട്ടത് ലിവര്‍പൂളിനെ പ്രതിസന്ധിയിലാക്കി.
പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിനോട് 2-0ന് തോറ്റതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്റകെയെ ഒഴിവാക്കിയാണ് ലീഗ് കപ്പിന് ഇറങ്ങിയത്. ആകെയുള്ള സ്‌ട്രൈക്കറെ പുറത്തിരുത്തിയ ക്ലോപ് ഫാള്‍സ് നയന്‍ പദ്ധതിയിലാണ് തന്ത്രം മെനഞ്ഞത്. റോബര്‍ടോ ഫിര്‍മിഞ്ഞോ ആയിരുന്നു ക്ലോപിന്റെ മുഖ്യായുധം.
ലോംഗ് റേഞ്ചറുകളിലൂടെ ഫിര്‍മിനോയും ആദം ലല്ലാനയും സ്റ്റോക്ക് ഗോള്‍മുഖം വിറപ്പിച്ചു ആദ്യ നിമിഷങ്ങളില്‍ തന്നെ. കോട്ടീഞ്ഞോക്ക് പകരമിറങ്ങിയ ഇബെ 25 വാര അകലെ നിന്ന് ഗോള്‍ബാറിന് മുകളിലൂടെ ഒന്നാന്തരമൊരു ഷോട്ട് പായിച്ചു.
അതൊരു മുന്നറിയിപ്പായിരുന്നു.. അധികം വൈകാതെ, സ്റ്റോക് ഗോളി ബട്‌ലാന്‍ഡിനെ മറികടന്ന് ഇബെയുടെ ഗോള്‍ വല തുളച്ചു.
നിമിഷങ്ങള്‍ക്കകം ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ഫിര്‍മിനോയിലൂടെ ലിവര്‍പൂളിന് കൈവന്നു. റിയാന്‍ ഷാക്രൂസിന്റെ സമയോചിത ഇടപെടലില്‍ ആ ഗോളവസരം ഇല്ലാതായി.
സ്റ്റോക് സിറ്റി കോച്ച് മാര്‍ക് ഹ്യൂസ് രണ്ടാം പകുതിയില്‍ ജൊനാഥന്‍ വാള്‍ട്ടേഴ്‌സിനെ കളത്തിലിറക്കിയത് യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രങ്ങളെ ബാധിച്ചു.
ആക്രമിച്ചു കളിച്ച സ്റ്റോക് ഏത് നിമിഷവും സമനില പിടിച്ചേക്കുമെന്ന് തോന്നിച്ചു. ഇതിനിടെ ഫിര്‍മിനോയുടെ തകര്‍പ്പന്‍ ഷോട്ട് ഗോളി ബട്‌ലാന്‍ഡിനെ പരീക്ഷിച്ചു.