ഐ ലീഗില്‍ എല്ലാ സംസ്ഥാനത്തേയും ടീമുകള്‍ കളിക്കണം : സുനില്‍ ഛേത്രി

Posted on: January 7, 2016 5:31 am | Last updated: January 7, 2016 at 12:32 am
SHARE

sunil chethriകൊല്‍ക്കത്ത: ഇന്ത്യാ രാജ്യത്തിന്റെ മുഴുവന്‍ പ്രാതിനിധ്യവും ഉറപ്പുവരുത്തുന്നതാകണം ഐ ലീഗ് ഫുട്‌ബോളെന്ന് ദേശീയ ടീം നായകന്‍ സുനില്‍ ഛേത്രി. ശനിയാഴ്ച ഐ ലീഗ് സീസണിന് കിക്കോഫാകും. അതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഛേത്രി പാന്‍ ഇന്ത്യന്‍ പ്രാതിനിധ്യം എ ഐ എഫ് എഫ് ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയര്‍ത്തിയത്. ജമ്മു കാശ്മീര്‍, ആന്തമാന്‍ & നിക്കോബാര്‍, കേരള, ചെന്നൈ എന്നിങ്ങനെ ഇന്ത്യയിലെ എല്ലാ സ്ഥലത്ത് നിന്നുമായി പതിനേഴിലധികം ക്ലബ്ബുകള്‍ ഐ ലീഗില്‍ മാറ്റുരക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടായെങ്കിലേ ഇന്ത്യയിലെ പ്രതിഭാധനരായ കളിക്കാരെ കണ്ടെത്താന്‍ സാധിക്കൂ.
ഐ എസ് എല്ലും ഐ ലീഗും ലയിക്കണമെന്നതിനോട് ഛേത്രിക്ക് അഭിപ്രായമില്ല. രണ്ടും വ്യത്യസ്തമാണ്. ഐ ലീഗ് ഇന്ത്യയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാണ്. ഐ എസ് എല്‍ വിദേശകളിക്കാരും ഇന്ത്യന്‍ താരങ്ങളും ഒത്തൊരുമിക്കുന്ന മികച്ച ചാമ്പ്യന്‍ഷിപ്പും-ഛേത്രി പറഞ്ഞു.
കഴിഞ്ഞ സീസണില്‍ പതിനൊന്ന് ടീമുകളാണ് ഐ ലീഗില്‍ കളിച്ചതെങ്കില്‍ ഇത്തവണ ഒമ്പതാണ്. പൂനെ എഫ് സി, ഭരത് എഫ് സി, റോയല്‍ വാഹിംഗ്‌ദോ ക്ലബ്ബുകള്‍ പിന്‍മാറിയപ്പോള്‍ ഡെംപോ തരംതാഴ്ത്തപ്പെടുകയായിരുന്നു. ഡി എസ് കെ ശിവാജിയന്‍സ്, എയ്‌സ്വാള്‍ എഫ് സി എന്നിവരാണ് പുതുടീമുകള്‍.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഷില്ലോംഗ് പോലുള്ള ക്ലബ്ബുകള്‍ ഫാന്‍ ബേസ് സൃഷ്ടിച്ചെടുക്കുന്നതില്‍ ഊര്‍ജസ്വലത കാണിക്കുന്നുവെന്നും ഛേത്രി നിരീക്ഷിച്ചു. കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനും ഈസ്റ്റ്ബംഗാളിനുമുള്ളതുപോലൊരു ഫാന്‍ ബേസ് ഷില്ലോംഗിനും ഇന്നുണ്ട്. ബെംഗളുരു എഫ് സിയും ആദ്യം മുതല്‍ക്കേ ഇക്കാര്യത്തില്‍ ശ്രദ്ധിച്ച് പോരുന്നു. എന്നാല്‍ ഗോവന്‍ ക്ലബ്ബുകള്‍ ഇതില്‍ പിറകിലാണ്. എ ഐ എഫ് എഫ് മുന്‍ കൈയ്യെടുത്ത് ഗോവന്‍ ഫുട്‌ബോളിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തണമെന്നും ഛേത്രി പറഞ്ഞു. ഈ മാസം ഒമ്പതിന് തിലക് മൈതാനിയില്‍ ബെംഗളുരു എഫ് സി സാല്‍ഗോക്കര്‍ എഫ് സിയെ നേരിടുമ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ബഗാനും അരങ്ങേറ്റക്കാരായ എയ്‌സ്വാള്‍ എഫ് സിയും നേര്‍ക്കുനേര്‍.

LEAVE A REPLY

Please enter your comment!
Please enter your name here