എന്‍ എസ് ജിയെ വിളിച്ചതിനെതിരെ സുരക്ഷാ വിദഗ്ധര്‍

Posted on: January 7, 2016 5:24 am | Last updated: January 7, 2016 at 12:25 am
SHARE

ന്യൂഡല്‍ഹി: പത്താന്‍കോട്ടിലെ തീവ്രവാദികളെ നേരിടാന്‍ സമീപ പ്രദേശത്തുണ്ടായിരുന്ന കരസേന കമാന്‍ഡോകളെ ഉപയോഗിക്കാതെ ഡല്‍ഹിയില്‍ നിന്ന് ദേശീയ സുരക്ഷാ സേന (എന്‍ എസ് ജി)യെ വിളിച്ചതിനെതിരെ സുരക്ഷാ വിദഗ്ധര്‍. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ദൂരത്തില്‍ സൈന്യത്തിന്റെ തീവ്രവാദ വിരുദ്ധ കമാന്‍ഡോവിഭാഗം ഉണ്ടായിക്കെ പന്ത്രണ്ട് മണിക്കൂര്‍ കാത്ത് നിന്ന് ഡല്‍ഹിയില്‍ നിന്ന് എന്‍ എസ് ജിയെ എത്തിച്ചത് തെറ്റായിപ്പോയെന്ന് പല സുരക്ഷാ വിദഗ്ധരും തുറന്നു പറഞ്ഞു.
തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ പ്രത്യേക പരിശീലനം ലഭിച്ച പത്തോളം വിഭാഗങ്ങള്‍ കരസേനയിലുണ്ട്. പത്താന്‍കോട്ടില്‍ നിന്ന് രണ്ട് മണിക്കൂര്‍ മാത്രം അകലെയുള്ള ഉധംപൂരില്‍ ആ വിഭാഗത്തിന്റെ യൂനിറ്റുമുണ്ട്. എന്നിട്ടും അവരെ വിളിക്കാതെ എന്‍ എസ് ജി കമാന്‍ഡോകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഇത്രയും വലിയ മണ്ടത്തരം ഇതിന് മുമ്പ് ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കയറിയ ഭീകരരെ തുരത്തിയെങ്കിലും രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ച സംശയങ്ങള്‍ ഉയരുകയാണുണ്ടായത്. ആറ് ഭീകരര്‍ വിളിച്ചു പറഞ്ഞത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനവും പ്രതിരോധ രംഗവും പൂര്‍ണപരാജയമെന്നതാണ്. വ്യോമത്താവളത്തില്‍ ഭീകരവിളയാട്ടം നടക്കുമ്പോള്‍ കരസേനയും വ്യോമസേനയും എന്‍ എസ് ജിയും സൈനിക നടപടിയുടെ നിയന്ത്രണത്തിനായി വടംവലിയിലായിരുന്നുവെന്നും സൈനിക സുരക്ഷാ വിദഗ്ധന്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇത്രയും കാലം സുരക്ഷാ ഓപറേഷനുകളുടെ നിയന്ത്രണം സൈന്യത്തിനായിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് സേനയായ എന്‍ എസ് ജിക്ക് പൂര്‍ണ അധികാരം നല്‍കിയുള്ള ഒരു സന്ദര്‍ഭവുമുണ്ടായിട്ടില്ലെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
പത്താന്‍കോട്ടില്‍ 60 പേരടങ്ങുന്ന രണ്ട് കോളം സൈനികരെ ഭീകരരുടെ ആക്രമണം മുന്‍കൂട്ടിക്കണ്ട് വിന്യസിച്ച ശേഷമാണ് എന്‍ എസ് ജിക്ക് ഓപറേഷന്‍ നടത്താനുള്ള ചുമതല കൈമാറുന്നത്. ഭീകരര്‍ക്കെതിരെ സൈനിക നടപടിക്ക് അനുമതി തേടിയാല്‍ സൈന്യത്തിന് അതിനുള്ള അധികാരം ലഭിക്കാറുണ്ട്. എന്നാല്‍ ഇവിടെ വ്യോമതാവളത്തിന്റെ പ്രതിരോധത്തിനായിരുന്നു ചുമതല നല്‍കിയതെന്ന് മുന്‍ കരസേനാ മേധാവി വി പി മാലിക് പറഞ്ഞു.
പത്താന്‍കോട്ട് ഭീകരരെ തുരത്താനുള്ള സുരക്ഷാ ഓപറേഷന്റെ ആദ്യഘട്ടത്തില്‍ ആര്‍മി ബ്രിഗേഡിയറും എന്‍ എസ് ജി സംഘത്തിന്റെ ഇന്‍സ്‌പെക്ടര്‍ ജനറലും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ ഓപറേഷന്‍ സംബന്ധിച്ച പ്രധാന തീരുമാനങ്ങളെടുക്കുന്നതിന് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിനോട് പത്താന്‍കോട്ടിലെത്താന്‍ നിര്‍ദേശം നല്‍കിയത് പ്രശ്‌നം സങ്കീര്‍ണമാക്കി. കമാന്‍ഡോ ഓപറേഷന് ചുമതല നല്‍കപ്പെട്ട എന്‍ എസ് ജിയും വ്യോമസേനയും തമ്മിലും തര്‍ക്കമായി. സൈനിക ഓപറേഷന്‍ നടത്തുന്നതില്‍ പരസ്പരം സഹകരണമില്ലാത്തതും ഏകോപനമില്ലാത്തതുമാണ് സ്ഥിതി രൂക്ഷമാക്കിയത്്.
ഒടുവില്‍, ആര്‍മി ബ്രിഗേഡിയര്‍ തന്നെക്കാള്‍ മുതിര്‍ന്ന പദവിയിലുള്ള എന്‍ എസ് ജി ഐ ജിക്ക് കീഴില്‍ നില്‍ക്കുകയും എയര്‍ മാര്‍ഷല്‍ വ്യോമത്താവളത്തില്‍ തുടരുകയും ചെയ്തതോടെ ഓപറേഷന്റെ പൂര്‍ണ നിയന്ത്രണം എന്‍ എസ് ജിയുടെ കൈയിലായി.
പത്താന്‍കോട്ടിലെ രണ്ട് സൈനിക ഡിവിഷനുകള്‍ക്ക് എന്‍ എസ് ജിക്ക് സമമായ സര്‍വസജ്ജരായ അമ്പതിനായിരത്തോളം സൈനികരെ ലഭ്യമായിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലുള്ള എന്‍ എസ് ജിയെ നിയോഗിക്കുന്നത്. പത്താന്‍കോട്ട് വ്യോമ ത്താവളത്തിന്റെ മുക്കും മൂലയും ആറ് മാസത്തിലൊരിക്കല്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുന്നത് സൈനികരാണ്. പത്താന്‍കോട്ടില്‍ നിന്ന് അരമണിക്കൂര്‍ വിമാനയാത്ര കൊണ്ട് എത്താവുന്ന ദൂരത്തിലുള്ള നഹാനില്‍ 800 സൈനികരടങ്ങുന്ന 1 പാര സ്‌പെഷ്യല്‍ ഫോഴ്‌സസ് ബറ്റാലിയന്റെ സേവനം നിര്‍ദേശത്തിന് എത്താവുന്ന വിധം സജ്ജമായിരുന്നു. ഇങ്ങനെയൊക്കെയിരിക്കെ എന്‍ എസ് ജിയെ അയച്ചത് തെറ്റായ തീരുമാനമായിപ്പോയെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ മാലിക് പറഞ്ഞു.
ഭീകരവിരുദ്ധ പോരാട്ടത്തില്‍ പ്രത്യേകം പരിശീലനം നേടിയ കരസേനയുടെ സ്‌ക്വാഡ് ആയ സ്‌പെഷ്യന്‍ ഫോഴ്‌സസിനെ വ്യോമത്താവളത്തില്‍ വിന്യസിച്ചിരുന്നെങ്കിലും, വ്യോമത്താവളത്തിലുള്ള ഹെലികോപ്ടറുകള്‍, ഉപരിതല മിസൈലുകള്‍, റഡാറുകള്‍ തുടങ്ങിയ തന്ത്രപ്രധാന വസ്തുക്കളുടെ സംരക്ഷണമായിരുന്നു ഇവരുടെ ചുമതല.
എന്‍ എസ് ജിയെ ഉപയോഗിച്ചതിനെ ന്യായീകരിച്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ നിലപാടിനെയും പ്രതിരോധ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. കാശ്മീര്‍ വനങ്ങളില്‍ നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും നേരിട്ട് ശീലമുള്ള സൈന്യത്തിന് 1600 ഏക്കറോളം വിസ്തൃതമായ വ്യോമത്താവളത്തില്‍ എന്‍ എസ് ജിയെക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here