യു പി എയുടെ തെറ്റുകള്‍ മോദി ആവര്‍ത്തിക്കുന്നു

Posted on: January 7, 2016 6:00 am | Last updated: January 7, 2016 at 12:24 am

Narendra-modi-pollമുംബൈ: കേന്ദ്ര സര്‍ക്കാറിനെതിരെ തുടര്‍ച്ചയായ വിമര്‍ശവുമായി സഖ്യകക്ഷിയായ ശിവസേന. മോദി സര്‍ക്കാര്‍ പത്താന്‍കോട്ട് ഭീകരാക്രമണം കൈകാര്യം ചെയ്ത രീതി കോണ്‍ഗ്രസിന് പുനര്‍ജന്മം നല്‍കിയിരിക്കുകയാണെന്ന് ശിവസേന മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
യു പി എ സര്‍ക്കാറിന് സംഭവിച്ച തെറ്റുകള്‍ ബി ജെ പിയും ആവര്‍ത്തിക്കുകയാണെന്ന് വിമര്‍ശിച്ച ലേഖനം, ചത്ത കോണ്‍ഗ്രസിനെ നിരന്തരമായി പുനരുജ്ജീവിപ്പിക്കുന്നത് അവരെ തുരത്തിയവര്‍ തന്നെയാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും വ്യക്തമാക്കി. അടിയന്തരാവസ്ഥക്ക് ശേഷമുണ്ടായ തിരിച്ചടിയില്‍ നിന്ന് തിരിച്ചെത്തിയത് പോലെ മടങ്ങിവരാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും ശിവസേന ബി ജെ പിയെ ഓര്‍മിപ്പിച്ചു. മരിച്ച സൈനികര്‍ക്ക് ട്വിറ്ററില്‍ ആദരാഞ്ജലി അര്‍പ്പിക്കല്‍ മാത്രമാണ് കേന്ദ്രത്തിന്റെ പണിയെന്ന് ശിവസേന ഇന്നലെ പരിഹസിച്ചിരുന്നു.