അധികാരം ഉപയോഗിക്കും: തോക്ക് നിയന്ത്രണത്തിന് മാര്‍ഗ നിര്‍ദേശങ്ങളുമായി ഒബാമ

Posted on: January 7, 2016 6:00 am | Last updated: January 7, 2016 at 12:20 am
SHARE

obama2211വാഷിംഗ്ടണ്‍: അമേരിക്കിയില്‍ തോക്ക് നിയന്ത്രണത്തിനുള്ള പദ്ധതികള്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ഏറെ വികാരാധീനനായാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്. തോക്ക് നിയന്ത്രണത്തിനായി നിയമത്തില്‍ മാറ്റം വരുത്തുന്നത് കോണ്‍ഗ്രസില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റിന്റെ അധികാരമുപയോഗിച്ചാണ് ഇക്കാര്യം ചെയ്യുന്നത്. തോക്ക് ലോബി കോണ്‍ഗ്രസിനെ ബന്ദിയാക്കിയിരിക്കുകയാണെന്നും എന്നാല്‍ അമേരിക്കയെ ബന്ദിയാക്കാന്‍ അവര്‍ക്കാകില്ലെന്നും ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ടാം ഭേദഗതിയുടെ സാധ്യതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഒബാമ ഇതുകൊണ്ടെ തോക്ക് സംസ്‌കാരത്തിന്റെ ഭാഗമായുള്ള കൂട്ടക്കുരുതികള്‍ ഇല്ലാതാക്കി ഒരു പതിയ സാധാരണ നിലയിലേക്ക് വരാനാകുവെന്നും പറഞ്ഞു. എല്ലാ സമയവും ഞാന്‍ ചിന്തിക്കുന്നത് ആ കുഞ്ഞുങ്ങളെക്കുറിച്ചാണെന്ന് സാന്‍ഡി ഹൂക്ക് വെടിവെപ്പിനെ പരാമര്‍ശിച്ചുകൊണ്ട് ഒബാമ പറഞ്ഞു. ഏറെ സംവാദത്തിന് വഴിവെച്ചതാണ് എല്ലാ പൗരന്‍മാര്‍ക്കും തോക്ക് കൈവശം വെക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ രണ്ടാം ഭേദഗതി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം അമേരിക്കക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് എല്ലാവരുടേയും തോക്കുകള്‍ എടുത്തുമാറ്റാനുള്ള പദ്ധതിയല്ലെന്ന് ഒബാമ പറഞ്ഞു. നിങ്ങള്‍ തോക്കുകള്‍ വാങ്ങുന്നതിനു മുമ്പ് നിങ്ങളുടെ പാശ്ചാത്തലം പരിശോധിക്കുമെന്നും ഇതില്‍ പാസാകണമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ നിയമങ്ങളുടെ കീഴിലാണ് ചില തോക്ക് വ്യാപാരികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒബാമ പറഞ്ഞു. തോക്ക് അവകാശം ഉറപ്പുവരുത്തുന്ന ഒബാമയുടെ നടപടികള്‍ അമേരിക്കയില്‍ വലിയ ചേരിതിരിവുണ്ടാക്കുന്ന പ്രശനമായി മാറുമെന്നുറപ്പാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ ഇതും പ്രചാരണ വിഷയമാകും. അതേ സമയം ഒബാമയുടെ ശ്രമങ്ങളെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നു ഹിലാരി ക്ലിന്റണ്‍ അഭിന്ദിച്ചു.തോക്ക് നിയന്ത്രണം സംബന്ധിച്ച് വെളിപ്പെടുത്തലിനിടെ 2012ല്‍ 20 കുഞ്ഞുങ്ങള്‍ സാന്‍ഡി ഹൂക്ക് എലിമെന്ററി സ്‌കൂളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ അനുസ്മരിച്ച് ഒബാമ കണ്ണീര്‍ പൊഴിച്ചു.