Connect with us

International

ഇറാനും സഊദിക്കുമിടയില്‍ മധ്യസ്ഥതക്ക് തയ്യാര്‍: ഇറാഖ്

Published

|

Last Updated

ബഗ്ദാദ്: ഇറാന്‍- സഊദി അറേബ്യ പ്രശ്‌നത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്ന് ഇറാഖ്. ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്‌റാഹിം അല്‍ജാഫരി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മധ്യസ്ഥ ഇടപെടലുകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് ളരീഫ് വ്യക്തമാക്കിയിരുന്നു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാകുന്നതിനെ ഇറാന്‍ താത്പര്യപ്പെടുന്നില്ല. തങ്ങളുടെ രാജ്യങ്ങളോട് ഈ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉന്നത ശിയാ പണ്ഡിതന്‍ നിംറ് അന്നിംറിന്റെ വധശിക്ഷ നടപ്പാക്കിയ സഊദിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇറാനിലെ ടെഹ്‌റാനിലുള്ള സഊദി എംബസി പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം സഊദി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സഊദിക്ക് പുറമെ യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളും ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇറാഖിലെ ശിയാ നേതൃത്വത്തിലുള്ള സര്‍ക്കാറുമായി ഇറാന്‍ അടുപ്പത്തിലാണ്. ഇറാഖിലെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇറാന്റെ സഹായം ഉണ്ടായിരുന്നു.
ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത് സിറിയയിലെ യമനിലെയും സമാധാന നീക്കങ്ങളെ ബാധിക്കില്ലെന്ന് സഊദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോ രാജ്യങ്ങളിലെയും നേതാക്കള്‍ വളരെ യുക്തിപൂര്‍വവും ബുദ്ധിപൂര്‍വവും ഇടപെടണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദി കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest