ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവെച്ചു

Posted on: January 7, 2016 5:17 am | Last updated: January 7, 2016 at 12:17 am
SHARE

jamathധാക്ക: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്ന നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിക്ക് 1971ലെ യുദ്ധക്കുറ്റത്തിന്റെയും കൂട്ടക്കൊലയുടെയും ബലാത്സംഗങ്ങളുടെയും പേരില്‍ വിധിച്ചിരുന്ന വധ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹ അടങ്ങിയ നാലംഗ ബെഞ്ചിന്റേതാണ് വിധി.
72കാരനായ മുതീഉര്‍റഹ്മാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ സമുന്നത നേതാവും അല്‍ബദര്‍ സായുധ സംഘത്തിന്റെ പൂര്‍വ കമാന്‍ഡറുമായിരുന്നു. 1971ല്‍ ബംഗ്ലാദേശ് ആക്രമിച്ച പാക്കിസ്ഥാന്‍ സൈന്യത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. സുപ്രീം കോടതി നടത്തിയ വിധിയില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി ഇന്ന് രാജ്യവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
യുദ്ധക്കുറ്റത്തിന്റെ പേരില്‍ ചുമത്തപ്പെട്ട ഏഴ് കേസുകളില്‍ അഞ്ചെണ്ണത്തിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതില്‍ ഏറ്റവു പ്രധാനപ്പെട്ടത് 1971 യുദ്ധക്കാലത്തുണ്ടായ കൂട്ടക്കൊലയാണ്. ഉയര്‍ന്ന തസ്തികയിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബുദ്ധി ജീവികള്‍ തുടങ്ങിയവരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സൈന്യം അടിയറവ് വെക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സംഭവം നടത്തിയതെന്ന് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റാന്വേഷണ കോടതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി 1971 ല്‍ നടന്ന യുദ്ധത്തെ ആഭ്യന്തര യുദ്ധം എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല ആന്‍ഡി ലിബറേഷന്‍ ആര്‍മി നിലവിലില്ലെന്നും 1971 ലെ യുദ്ധക്കുറ്റത്തില്‍ ജമാഅത്തെ ഇസ്‌ലാമി പങ്കാളികളായിട്ടില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം.
സുപ്രീം കോടതി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെയുള്ള വധശിക്ഷ ശരിവെച്ചതോടെ രക്ഷപ്പെടാനുള്ള വഴികള്‍ അവസാനിച്ചിരിക്കുകയാണ്. പ്രസിഡന്റിന് ദയാഹരജി നല്‍കാനുള്ള വഴി ശേഷിക്കുന്നുണ്ടെങ്കിലും ഇതിന് സാധ്യതയില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2010ല്‍ പ്രധാനമന്ത്രി ശേഖ് ഹസീനയാണ് യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടി പ്രത്യേക കോടതി സ്ഥാപിക്കുന്നത്. യുദ്ധത്തിനിടെ 30 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇതിന് പുറമെ രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ ബലാത്കാരത്തിനും വിധേയമാക്കി. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ മൂന്ന് നേതാക്കളുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here