എച്ച് എം ടി കമ്പനി അടച്ചുപൂട്ടാന്‍ കേന്ദ്രാനുമതി

Posted on: January 7, 2016 5:12 am | Last updated: January 7, 2016 at 12:13 am
SHARE

ന്യൂഡല്‍ഹി: പ്രശസ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടി വാച്ച് കമ്പനികളുടെ മൂന്ന് യൂനിറ്റുകളും അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച് എം ടി) ന് കീഴിലൂള്ള എച്ച് എം ടി വാച്ച് ഉള്‍പ്പെടെ മൂന്ന് എച്ച് എം ടി യൂനിറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. എച്ച് എം ടി ചിനാര്‍ വാച്ച്‌സ്, എച്ച് എം ടി ബിയറിംഗ്‌സ് എന്നിവയാണ് അടച്ചുപൂട്ടുന്ന മറ്റ് രണ്ട് യൂനിറ്റുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി (സി സി ഇ എ) യോഗമാണ് ഇതുസംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തത്. ഈ കമ്പനികളില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് 2007ലെ ശമ്പള നിരക്ക് പ്രകാരം ആകര്‍ഷകമായ റിട്ടയര്‍മെന്റ് സ്‌കീം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് യൂനിറ്റുകളിലുമായി പ്രവര്‍ത്തിക്കുന്ന ആയിരത്തോളം വരുന്ന ജീവനക്കാരുടെ വി ആര്‍ എസ്, വി എസ് എസ് ഉള്‍പ്പെടെയുള്ള കുടിശ്ശികകള്‍ തീര്‍ക്കുന്നതിനായി 427.48 കോടി രൂപ ധനസഹായമായി വകയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചുപൂട്ടുന്ന യൂനിറ്റുകളിലെ സ്ഥാവര ജംഗമ ആസ്തികളെ കുറിച്ചുള്ള തീരുമാനം സര്‍ക്കാര്‍ നയം അനുസരിച്ച് പിന്നീട് നിലപാടെടുക്കും. കമ്പനികള്‍ അടച്ചു പൂട്ടുന്നതിനായി സി സി ഇ എയുടെ അംഗീകാരം തേടി സമര്‍പ്പിച്ച വ്യക്തിഗത അപേക്ഷകളെ തുടര്‍ന്ന് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിനു കീഴിലുള്ള മൂന്ന് എച്ച് എം ടി യൂനിറ്റുകള്‍, തുംഗഭദ്ര സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ കേബിള്‍സ് എന്നീ അഞ്ച് പൊതു മേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനായി മന്ത്രിസഭ നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
തുംഗഭദ്ര സ്റ്റീല്‍ അടച്ചുപൂട്ടുന്നതിന് അനുമതി തേടിയുള്ള വ്യക്തിഗത അപേക്ഷകള്‍ സി സി ഇ എ കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു. ഹെവി ഇന്‍ഡസ്ട്രി വകുപ്പിന് കീഴില്‍ 31 കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ 12 എണ്ണം ലാഭത്തിലും19 എണ്ണം നഷ്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുള്ള സാധ്യത വിലയിരുത്തുന്നതിനായി സ്ഥാപനങ്ങളുടെ മൂല്യനിര്‍ണയം ഹെവി ഇന്‍ഡസ്ട്രി വകുപ്പ് നടത്തിവരികയായിരുന്നു. ഇതേതുടര്‍ന്ന് നഷ്ടത്തില്‍ നിന്ന് കരകയറാന്‍ സാധ്യതയുള്ള കമ്പനികള്‍ക്ക് വേണ്ട സഹായം ചെയ്യുകയും അല്ലാത്ത കമ്പനികളിലെ ജീവനക്കാര്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കി അടച്ചു പൂട്ടാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരം സ്ഥാപനങ്ങള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്.