Connect with us

Editorial

പത്താന്‍കോട്ടിന്റെ സന്ദേഹങ്ങള്‍

Published

|

Last Updated

പുതുവത്സര ദിനത്തില്‍ ഭീകരാക്രമണം അരങ്ങേറിയ പത്താന്‍കോട്ടില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ വാര്‍ത്തകള്‍ അത്ര സുഖകരമല്ല. വ്യോമസേനാ താവളത്തിലെ സുരക്ഷാ സംവിധാനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നതിലപ്പുറം ആശങ്കാ ജനകമാണ് ഗുരുദാപൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുകേള്‍ക്കുന്ന വിവരങ്ങള്‍. രാജ്യത്തിനകത്തെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെ സഹാത്തോടെയാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്ര്രത്തിലെത്തിയതെന്നാണ് ഇത് നല്‍കുന്ന സൂചന. എസ് പി സല്‍വീന്ദര്‍ സിംഗിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഭീകരര്‍ പത്താന്‍കോട്ടെത്തുന്നത്. ആക്രമണം നടന്നതിന്റെ തലേ ദിവസം രാത്രി എസ് പിയും സുഹൃത്തായ ജ്വല്ലറി ഉടമ രാജേഷ് വര്‍മയും പാചകക്കാരന്‍ മദര്‍ ഗോപാലും ഔദ്യോഗിക വാഹനത്തില്‍ അതിര്‍ത്തിക്ക് സമീപം യാത്ര ചെയ്യവെ, ഭീകരര്‍ വാഹനം തട്ടിയെടുക്കുകയും തന്റെ കൈയും കാലും ബന്ധിച്ചു വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് എസ് പിയുടെ വിശദീകരണം. എന്നാല്‍, കഴിഞ്ഞ ദിവസം എന്‍ ഐ എ ചോദ്യം ചെയ്തപ്പോള്‍ സല്‍വീന്ദര്‍ സിംഗില്‍ നിന്നും പരസ്പര വിരുദ്ധമായ മറുപടികളാണുണ്ടായതത്രെ. പലപ്പോഴും അദ്ദേഹത്തിന് ഉത്തരം മുട്ടുകയും ചെയ്തു. ഭീകരാക്രമണം പതിവായ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തു കൂടെ പാതിരാത്രി മതിയായ ആയുധ സജ്ജീകരണമോ ഗണ്‍മാനോ ഇല്ലാതെ എസ് പി എന്തിന് യാത്ര ചെയ്തുവെന്ന കാര്യം ദുരൂഹമാണ്. ക്ഷേത്രസന്ദര്‍ശനത്തിനെന്ന മറുപടിയില്‍ എന്‍ ഐ എ സംതൃപ്തരല്ല. രാജ്യത്തിനകത്തേക്ക് കടന്നുവരാനായി ഭീകരര്‍ തട്ടിയെടുത്ത മറ്റൊരു ഇന്നോവ കാറിന്റെ ഡ്രൈവറെ അവര്‍ കൊന്നു വഴിയില്‍ തള്ളിയപ്പോള്‍, എന്ത് കൊണ്ടാണ് എസ് പിയുടെ വാഹനം തട്ടിയെടുത്തപ്പോള്‍ മുതിര്‍ന്ന പോലീസുദ്യോഗസ്ഥനായിട്ടും അദ്ദേഹത്തെ വെറുതെ വിട്ടതെന്ന ചോദ്യവും ഉത്തരം തേടുന്നു. ആദ്യഘട്ടത്തില്‍ ഭീകരരുടെ ഇരയെന്നു കരുതപ്പെട്ടിരുന്ന സല്‍വീന്ദര്‍ സിംഗ് വില്ലനായി മാറുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
പുതുവത്സര ദിനത്തില്‍ പത്താന്‍കോട്ടെ വ്യോമസേനാ കേന്ദ്രത്തില്‍ ആക്രമണ സാധ്യത ഉണ്ടെന്നു തലേദിവസം വിവരം ലഭിച്ചിരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഭീകരര്‍ക്ക് എങ്ങനെ സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ചു പ്രയാസമന്യേ അവിടെ എത്താനായി? ഭീകരര്‍ എത്തുന്നതിനു വളരെ മുമ്പേ തന്നെ അവരുടെ ആയുധങ്ങള്‍ പത്താന്‍കോട്ടില്‍ എത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം രാജ്യത്തിനകത്തുള്ളവരുടെ സഹായം അവര്‍ക്ക് ലഭിച്ചിരിക്കണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ ബലമായ സംശയമെന്നാണ് വിവരം. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് അടുത്തിടെ മലയാളി വ്യോമസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്ത് പിടിയിലായത് ഈ വിശ്വാസത്തിന് കരുത്തേകുന്നുണ്ട്. മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന സിംഗിനെക്കുറിച്ചു പഞ്ചാബ് പോലീസിന് നേരത്തെ തന്നെ മതിപ്പ് കുറവാണെന്ന വിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് നടക്കുന്ന പല ഭീകരാക്രമണങ്ങള്‍ക്കും കേന്ദ്രത്തിലെ ഭരണ കക്ഷി അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലമുണ്ടാകാറുണ്ട്. പാര്‍ലിമെന്റ് ആക്രമണ കേസിലുള്‍പ്പെടെ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയതാണ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനും മോദിയുടെ വിശ്വസ്തനുമായ അരുണ്‍ ജെയ്റ്റലിയുടെ പേരും ഉയര്‍ന്നു വന്നിരിക്കയാണ്. സ്വന്തം പാര്‍ട്ടി എം പി തന്നെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷമായ ആരോപണവുമായി രംഗത്തു വന്നത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഓഫീസ് സി ബി ഐ റെയ്ഡ് ചെയ്തത് ഈ അഴിമതി സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനാണെന്ന ആരോപണമുയരുകയുമുണ്ടായി. ഇതെല്ലാം ജയ്റ്റ്‌ലിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് ഭീകരാക്രമണങ്ങള്‍ അരങ്ങേറുമ്പോഴെല്ലാം അധികൃതരുടെ നാവില്‍ നിന്നു പുറത്തു വന്ന ആദ്യവാക്യം ലഷ്‌കറെ തയ്യിബ്, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയവയാണ്. മലേഗാവ്, നന്ദേഡ്, സംതേ്ധാ എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, വരാണസി, ജയ്പൂര്‍ സ്‌ഫോടനങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളുടെ തുടക്കത്തിലും ഈ സംഘടനകളുടെ പേരുകളാണ് ഉയര്‍ന്നു കേട്ടിരുന്നത്. രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന തീവ്രവാദി സംഘടനകളെന്ന നിലയില്‍ ഈ നിഗമനം സ്വാഭാവികവുമാണ്. പിന്നീട് മുംബൈ ആന്റി ടെററിസം സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന നിഷ്പക്ഷാന്വേഷണത്തില്‍ ഹിന്ദുത്വ ഗൂഢാലോചനയുടെ ഭീകരമുഖമാണ് ഇവക്ക് പിന്നിലെല്ലാമെന്ന് കണ്ടെത്തുകയുണ്ടായി. പാക്കിസ്ഥാനുമായി സൗഹൃദം മെച്ചപ്പെടുത്താനുള്ള നീക്കത്തോട് രാജ്യത്തിനകത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കടുത്ത വിയോജിപ്പാണുള്ളതെന്നത് പരസ്യമായ വസ്തുതയാണ്. ഈ നീക്കത്തെ അട്ടിമറിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരാണ് ഈ വിഭാഗം. ഭീകരര്‍ക്ക് ഇത്തരം ശക്തികളുടെ സഹായം വല്ലതും കിട്ടിയോ തുടങ്ങി പത്താന്‍കോട് സംഭവത്തെക്കുറിച്ച അന്വേഷണം ഈ വഴികളിലൂടെയെല്ലാം നീങ്ങേണ്ടതുണ്ട്.

Latest