Connect with us

Articles

സംഘ്പരിവാര്‍ വളര്‍ച്ചയും കോണ്‍ഗ്രസും

Published

|

Last Updated

മൊറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ നിന്ന് തനിക്കെതിരെ ഉയര്‍ന്നുവന്നേക്കാനിടയുള്ള എതിര്‍ സ്വരങ്ങളെയും ആ എതിര്‍ സ്വരങ്ങള്‍ക്ക് രാജ്യവ്യാപകമായി ലഭിച്ചേക്കാവുന്ന സ്വീകാര്യതയെയും തീര്‍ത്തും അടിച്ചമര്‍ത്താനുള്ള ഒരു ഫാസിസ്റ്റ് നടപടിയായിരുന്നു ഇന്ദിരാ ഗാന്ധിയിലൂടെ രാജ്യം അനുഭവിച്ച അടിയന്തിരാവസ്ഥ. ഇന്ദിരാ ഗാന്ധിയുടെ സര്‍വാധിപത്യത്തിന്റെ ഫലമായി കോണ്‍ഗ്രസിനെ പ്രചോദിപ്പിക്കുന്ന നേതൃബിംബങ്ങളുടെ പട്ടിക നന്നേ കുറഞ്ഞു വന്ന് ഏറ്റവും ഒടുവിലത് ഇന്ദിരാ ഗാന്ധി മാത്രമായി തീര്‍ന്നു. സര്‍ദാര്‍ പട്ടേല്‍, ഡോ. രാജേന്ദ്ര പ്രസാദ്, മൗലാനാ അബുല്‍ കാലാം ആസാദ്, സി രാജഗോപാല്‍ ആചാരി എന്നുവേണ്ട ജവഹര്‍ലാല്‍ നെഹ്‌റു പോലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ഇല്ലാത്തവരായി. ഇക്കണ്ടവാര്യര്‍, വി കെ കൃഷ്ണമേനോന്‍, വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍, കെ പി കേശവമേനോന്‍, കെ കേളപ്പന്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, പനമ്പിള്ളി ഗോവിന്ദ മേനോന്‍ തുടങ്ങിയ കേരളീയ നേതാക്കളും ഇന്ദിരാമന്ത്രിധ്വനിയില്‍ തീര്‍ത്തും മുങ്ങിപ്പോയി. ഇങ്ങനെ കോണ്‍ഗ്രസ് എന്നത് “ഇന്ത്യന്‍ നാഷനല്‍” എന്നതിന് പകരം “ഇന്ദിരാ നാഷനല്‍” പ്രസ്ഥാനമായി ചുരുക്കപ്പെട്ടു. ഇന്ദിരയും ഇന്ദിരാ കുടുംബവും അതിന്റെ സ്തുതിപാഠകരും എന്നിടത്തേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് തീരെ നിവൃത്തികെട്ട സാഹചര്യത്തില്‍ മാത്രമാണ് സീതാറാം കേസരിയെ കോണ്‍ഗ്രസ് പ്രസിഡന്റും നരസിംഹ റാവുവിനെയും മന്‍മോഹന്‍ സിംഗിനെയും പ്രധാനമന്ത്രിമാരുമാക്കാന്‍ തയ്യാറായത്.
ഇവ്വിധം കുടുംബാധിപത്യത്തിന്റെതായ ഒരു ഏകപക്ഷീയതയിലേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം തരം താഴാതിരുന്നെങ്കില്‍ ഇന്ത്യയില്‍ ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയോ ഗാന്ധിജിയും പട്ടേലും പിറന്ന ഗുജറാത്തില്‍ നരേന്ദ്ര മോദി ഭരണമോ അതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് മോദി എത്തിപ്പെടുന്ന സ്ഥിതിയോ സംജാതമാകുകയില്ലായിരുന്നു. അഞ്ചോ പത്തോ ഹെലികോപ്ടറില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് അയോധ്യയിലൂടെ ഒന്ന് രണ്ട് റൗണ്ട് ചുറ്റാന്‍ ഇന്ത്യന്‍ സൈന്യത്തിന് പി വി നരസിംഹ റാവു എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ പോലും സംഭവിക്കുക സാധ്യമല്ലാത്തതായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. എന്നാല്‍, നരസിംഹ റാവു മൗനം സമ്മതമെന്ന മട്ടില്‍ കര്‍സേവകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയായിരുന്നു ചെയ്ത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ കെട്ടിപ്പൊന്തിച്ചെടുത്തതാണ് ഭരണാധികാരം കൈയാളുന്ന നിലയിലുള്ള സംഘ്പരിവാരത്തിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയ വളര്‍ച്ച. ഈ വസ്തുതകളെ അപ്പാടെ തമസ്‌കരിച്ചുകൊണ്ട് സംഘ്പരിവാര ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീത്തിനെതിരെ വി എം സുധീരന്‍ “ജനരക്ഷാ യാത്ര” നയിക്കുന്നത് കോണ്‍ഗ്രസുകാര്‍ക്ക് പോലും മുഖവിലക്കെടുക്കാനാകില്ല.
ഗലീലിയോയെ പോലുള്ള ശാസ്ത്ര പ്രതിഭകള്‍ക്ക് നേരെയും കുരിശു യുദ്ധകാലത്തും കൈക്കൊണ്ട കൊടും ക്രൂര നടപടികള്‍ക്ക് ആഗോള ക്രൈസ്തവ സഭയുടെ അധിപനായ മാര്‍പ്പാപ്പ സ്വയം വിമര്‍ശം നടത്തി ലോകത്തോട് മാപ്പിരന്നു. ഇത്തരമൊരു സ്വയം വിമര്‍ശവും മാപ്പിരക്കലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ഇന്ദിരാ കോണ്‍ഗ്രസാക്കി തരംതാഴ്ത്തിയതിനും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനും ഒക്കെ കോണ്‍ഗ്രസുകാരും നടത്തേണ്ടതുണ്ട്. എന്നിട്ടു വേണം ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ മതേതര സംരക്ഷണത്തിനുള്ള “ജനരക്ഷാ” യാത്ര നയിക്കാന്‍. അങ്ങനെ ചെയ്യാനുള്ള ആത്മാര്‍ഥതയും ധൈര്യവും കാണിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന്റെ മതേതര സംരക്ഷണ താത്പര്യം നാല് വോട്ട് നേടാനുള്ള പൊറാട്ട് നാടകമല്ലെന്ന നിലയില്‍ നോക്കിക്കാണാന്‍ ചരിത്രബോധമുള്ളവര്‍ക്കാകൂ.
ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് ഇന്ദിരാ കുടുംബാധിപത്യത്തിന് ജനാധിപത്യവിരുദ്ധമായി കീഴ്‌പ്പെട്ട കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുള്ള പങ്ക് വിമര്‍ശനാത്മകമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇടതുപക്ഷം ഒന്നാം യു പി എ സര്‍ക്കാറിന് ഭരണപങ്കാളിത്തം ഉപേക്ഷിച്ചുകൊണ്ടുള്ള സോപാധിക പിന്തുണ നല്‍കിയത്. വ്യത്യസ്താഭിപ്രായങ്ങളുള്ളവരുടെ ഇടയിലേക്ക് ഒരു പേപ്പട്ടി ഓടിക്കേറിവന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് ആ പേപ്പട്ടിയെ എതിരിടും. ഇതിനെയാണ് മനുസ്മൃതി പോലും “ആപദ്ധര്‍മം” എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഈ ആപദ്ധര്‍മ നടപടി കൊണ്ട് സോമനാഥ് ചാറ്റര്‍ജി എന്ന തലയെടുപ്പുള്ള ഒരു നേതാവിനെ നഷ്ടപ്പെട്ടു എന്നതൊഴിച്ചാല്‍ മറ്റൊരു ലാഭവും ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായില്ല.
നാല് എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ വരെ നിര്‍ബന്ധിതനാകും വിധം മുന്നണി രാഷ്ട്രീയം കളിക്കുന്ന ഉമ്മന്‍ ചാണ്ടിയെ പോലുള്ള കോണ്‍ഗ്രസുകാര്‍ 64 എം പിമാരുടെ പിന്തുണ നല്‍കിയിട്ടും ഒരു സഹമന്ത്രിസ്ഥാനം പോലും ആവശ്യപ്പെടാന്‍ തയ്യാറാകാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണെന്നൊക്കെ അധിക്ഷേപിക്കുന്നത് അസംബന്ധമാണ്.

Latest