ഭീകരാക്രമണം:ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല

മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പാളിച്ചകള്‍ക്കും പിടിപ്പുകേടുകള്‍ക്കുമെതിരെ ആഞ്ഞടിച്ചത് ബി ജെ പിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായിരുന്നു. ഇപ്പോഴിതാ അതേ നരേന്ദ്രമോദി ഇന്ത്യ ഭരിക്കുമ്പോള്‍ പത്താന്‍ കോട്ടില്‍ ഭീകരാക്രമണമുണ്ടായിരിക്കുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 25 കിലോ മീറ്റര്‍ മാത്രം അകലെയുള്ള തന്ത്രപ്രധാന വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ബെംഗളൂരുവില്‍ യോഗാ ക്ലാസിലും അനുബന്ധ പരിപാടികളിലും പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും. എത്ര ലാഘവത്തോടെയാണ് അവര്‍ വിഷയം കൈകാര്യം ചെയ്തതെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകളിലും പ്രവര്‍ത്തനങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. തീവ്രവാദി ആക്രമണങ്ങളുടെ പേരില്‍ യു പി എ സര്‍ക്കാറിനെ എന്നും വേട്ടയാടിയിട്ടുള്ളവര്‍ക്ക് എങ്ങനെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ പറ്റിയ പാളിച്ചയെ 'വീഴ്ച പറ്റി'യെന്ന ഏറ്റുപറച്ചിലിലൂടെ ഉത്തരവാദിത്വമൊഴിയാന്‍ കഴിയും?
Posted on: January 7, 2016 6:00 am | Last updated: January 7, 2016 at 12:03 am
SHARE

pathankot-attack_650x400_61451836116യു പി എ സര്‍ക്കാറിന്റെ കാലത്ത് വന്‍ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണം(26/11) നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞെത്തിയത് അന്ന് വന്‍ വിമര്‍ശത്തിനിടയാക്കിയിരുന്നു. തീവ്രവാദവിരുദ്ധ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട നിര്‍ണായക സമയത്ത് കുപ്പായം മാറ്റിമാറ്റിക്കളിച്ചതിന് അന്ന് കണക്കിന് കിട്ടി. അന്ന് കേന്ദ്ര സര്‍ക്കാറിന്റെ പാളിച്ചകള്‍ക്കും പിടിപ്പുകേടുകള്‍ക്കുമെതിരെ ആഞ്ഞടിച്ചത് ബി ജെ പിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായിരുന്നു. ഇപ്പോഴിതാ അതേ നരേന്ദ്രമോദി ഇന്ത്യ ഭരിക്കുമ്പോള്‍ പത്താന്‍കോട്ടില്‍ ഭീകരാക്രമണമുണ്ടായിരിക്കുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 25 കിലോ മീറ്റര്‍ മാത്രം അകലെയുള്ള തന്ത്രപ്രധാന വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ബെംഗളൂരുവില്‍ യോഗാ ക്ലാസിലും അനുബന്ധ പരിപാടികളിലും പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും. എത്ര ലാഘവത്തോടെയാണ് അവര്‍ വിഷയം കൈകാര്യം ചെയ്തതെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകളിലും പ്രവര്‍ത്തനങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. നേപ്പാളില്‍ ഭൂകമ്പമുണ്ടായപ്പോള്‍ താനാണ് ആദ്യം അവിടെയുള്ള പ്രധാനമന്ത്രിയെ അറിയിച്ചതെന്ന് അവകാശപ്പെട്ട മോദിക്ക് പക്ഷേ, ഇന്ത്യയിലെ പത്താന്‍കോട്ട് ആക്രമണം അത്ര പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നിയില്ലേ എന്ന ചോദ്യം ബാക്കിയാകുന്നു. തീവ്രവാദി ആക്രമണങ്ങളുടെ പേരില്‍ യു പി എ സര്‍ക്കാറിനെ എന്നും വേട്ടയാടിയിട്ടുള്ളവര്‍ക്ക് എങ്ങനെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ പറ്റിയ പാളിച്ചയെ ‘വീഴ്ച പറ്റി’യെന്ന ഏറ്റുപറച്ചിലിലൂടെ ഉത്തരവാദിത്വമൊഴിയാന്‍ കഴിയും? വളരെ കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും അതിനനുസൃതമായ പ്രതിരോധം തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതില്‍ രണ്ടഭിപ്രായമില്ല. കഴിഞ്ഞ ജൂണില്‍ ഗുരുദാസ്പൂരില്‍ തീവ്രവാദി ആക്രമണമുണ്ടായിട്ടും തൊട്ടടുത്ത ഈ തന്ത്രപ്രധാനമേഖലയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നാണ് പത്താന്‍കോട്ട് സംഭവം ഓര്‍മിപ്പിക്കുന്നത്. പുതുവത്സരത്തിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് മോദിയും ശരീഫും സത്കാരത്തില്‍ പങ്കെടുത്തത് വഴി ഉരുത്തിരിഞ്ഞ സമാധാന സാഹചര്യം ആക്രമണത്തോടു കൂടി അട്ടിമറിക്കപ്പെടുകയായിരുന്നു. മോദിയുടെ ലാഹോര്‍ സന്ദര്‍ശന സമയത്ത് തട്ടിക്കൂട്ടിയ തീവ്രവാദി ഓപറേഷനാണ് ഇതെന്ന് കരുതാനാകില്ല. അത്ര ലാഘവത്തോടെ പദ്ധതി തയ്യാറാക്കുന്നവരാണോ ഭീകരര്‍? മാസങ്ങള്‍ക്ക് മുമ്പെ തയ്യാറാക്കിയ പദ്ധതി വേഗമാക്കാന്‍ ഒരുപക്ഷേ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ഒരു നിമിത്തമായെന്ന് മാത്രം. പാക്കിസ്ഥാനുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ എപ്പോഴൊക്കെ നടത്തിയോ ആ സമയത്തെല്ലാം സ്വാസ്ഥ്യം നഷ്ടപ്പെട്ട ചരിത്രം മാത്രമേ ഇന്ത്യക്ക് ഓര്‍ക്കാനുണ്ടായിട്ടുള്ളൂ. വാജ്പയ് പ്രധാനമന്ത്രിയായ കാലത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനദൂതുമായി ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും കാര്‍ഗില്‍ യുദ്ധത്തിലൂടെ അത് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഒരു ഭാഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറായി സമാധാന ചര്‍ച്ചകള്‍ക്ക് കോപ്പുകൂട്ടുന്ന പാക്കിസ്ഥാനില്‍ നിന്ന് തന്നെ അതിനെ അട്ടിമറിക്കുന്ന പ്രവണതയും ഉണ്ടാകുന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്. ജനാധിപത്യ സര്‍ക്കാര്‍ നിലവിലുണ്ടെങ്കിലും ഐ എസ് ഐയും സൈന്യവും സര്‍ക്കാറിനെ നിയന്ത്രിക്കുമ്പോള്‍ സമാധാനത്തിനുള്ള സ്വപ്‌നം എപ്പോഴും മരീചികയായി മാറുന്നു. ഇന്ത്യയുമായുള്ള സൗഹൃദ നീക്കങ്ങളെ ഒരിക്കല്‍ പോലും ജയ്‌ഷെ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതിനെ കളങ്കപ്പെടുത്താന്‍ ഇത്തരം സംഘടനകള്‍ ഓരോ സന്ദര്‍ഭങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് മുന്‍ചരിത്രം. ഓരോ സംഭവത്തിലും പാക്കിസ്ഥാന്റെ മണ്ണില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, പത്താന്‍കോട്ട് സംഭവത്തില്‍ പുറത്തുനിന്നുള്ള പിന്തുണയൊടൊപ്പം തന്നെ ഇന്ത്യക്കകത്ത് തന്നെയുള്ള സഹകരണം പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ഥലം മാറ്റിയിട്ടും പത്താന്‍കോട്ട് മേഖലയിലെ അതിര്‍ത്തിക്ക് സമീപമുണ്ടായിരുന്ന ഗുരുദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിന്റെ നീക്കങ്ങള്‍ ഇക്കാര്യത്തിലുള്ള ദുരൂഹതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സാല്‍വീന്ദര്‍ സിംഗ് നടപടി നേരിട്ടത്. എസ് പി ആയിരുന്നിട്ടും ആയുധമോ അംഗരക്ഷകനോ ഇല്ലാതെ രാത്രിയില്‍ സഞ്ചരിച്ചതും പത്താന്‍കോട്ട് അതിര്‍ത്തിയില്‍ വിജനമായ പ്രദേശത്ത് പോയതും എന്തിനെന്നും ചോദ്യമുയരുന്നു. ബീക്കന്‍ ലൈറ്റ് ഉള്‍പ്പെടെയുള്ള പോലീസ് വാഹനത്തില്‍ നിന്നാണ് സല്‍വീന്ദറിനെ ഭീകരര്‍ ബന്ദികളാക്കിയത്. എന്നിട്ടും ബന്ദികളില്‍ പോലീസ് ഉദ്യോഗസ്ഥനുണ്ടെന്ന് ഭീകരര്‍ തിരിച്ചറിഞ്ഞില്ലാ എന്നത് വിശ്വാസ്യയോഗ്യമല്ല. തന്നെ തട്ടിക്കൊണ്ടുപോയി വാഹനവുമായി കടന്ന തീവ്രവാദികളാണ് പത്താന്‍കോട്ടില്‍ ആക്രമണമഴിച്ചുവിട്ടതെന്നാണ് അദ്ദേഹം പറയുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യത്യസ്ത മൊഴികളും സംശയം ജനിപ്പിക്കുന്നതാണ്. തന്നെയുമല്ല ഒരു ഉന്നത ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ വിട്ടയക്കുന്നതിലെ അനൗചിത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയിലെ സ്ത്രീകളെ ഉപയോഗിച്ച് എസ് പിയെ തീവ്രവാദികള്‍ വീഴ്ത്തുകയായിരുന്നോ എന്നത് സുരക്ഷാ വൃത്തങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സല്‍വീന്ദറിന് മുറിവുകളൊന്നും ഏല്‍ക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. സാധാരണ ഗതിയില്‍ കാശ്മീരില്‍ തണുപ്പ് കാലത്ത് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറ്റങ്ങള്‍ വര്‍ധിക്കാറുണ്ട്. അതിര്‍ത്തിയില്‍ നിന്ന് അത്രയൊന്നും അകലെയല്ലാത്ത പത്താന്‍കോട്ടിലേക്കും എങ്ങനെ തീവ്രവാദികള്‍ എത്തിയെന്ന് സ്വാഭാവികമായുയരുന്ന ചോദ്യമാണ്. എന്നാല്‍ അതിര്‍ത്തി കടന്ന് ഈയടുത്ത് ആരും തന്നെ എത്തിയിട്ടില്ലെന്ന് സൈന്യം പറയുമ്പോള്‍ ഇന്ത്യക്കകത്ത് നിന്ന് തന്നെ തീവ്രവാദികള്‍ക്ക് ലഭിച്ച പിന്തുണയാണ് ചര്‍ച്ചാ വിഷയമാകുന്നത്. പ്രത്യേകിച്ചും ഇത്രയേറെ ആയുധങ്ങള്‍ അതീവ സുരക്ഷാ മേഖലയില്‍ തീവ്രവാദികള്‍ക്ക് എങ്ങനെ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാന ചോദ്യം.
ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥനില്‍ നിന്ന് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള സംഭവത്തില്‍ പിടിക്കപ്പെട്ടാല്‍ അവരില്‍ നിന്നുള്ള വിവരങ്ങള്‍ ഒരിക്കല്‍ പോലും പുറത്തുവരാറില്ലെന്നതാണ് കൗതുകം. മലയാളി വ്യോമസേനാ ഉദ്യോഗസ്ഥനെ പാക് ചാര വനിത വലയിലാക്കിയതുപോലെ സല്‍വീന്ദറിനെയും കുടുക്കിയതാകാം എന്നും അന്വേഷണ ഉദ്യാഗസ്ഥരില്‍ സംശയമുണര്‍ത്തുന്നുണ്ട്. വ്യോമസേന ഉദ്യോഗസ്ഥനെ പിടികൂടി ദിവസങ്ങള്‍ക്കകമാണ് ആക്രമണമെന്നത് ശ്രദ്ധേയമാണ്.
പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐ ആണെന്ന് വൈറ്റ് ഹൗസ് മുന്‍ ഉദ്യോഗസ്ഥനും സി ഐ എ അംഗവുമായ ബ്രൂസ് റീഡല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഐ എസ് ഐ 15 വര്‍ഷം മുമ്പ് രൂപം നല്‍കിയ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാര്‍ഗില്‍ യുദ്ധകാലത്ത് 1999ല്‍ നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സന്നിഹിതനായ ചുരുക്കം ഓഫീസര്‍മാരില്‍ ഒരാളായ റീഡല്‍ വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ദിനത്തില്‍ നടത്തിയ പാകിസ്ഥാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നപരിഹാരം ഉണ്ടാകുന്നത് തടയുന്നതിനാണ് ആക്രമണമെന്നും റീഡല്‍ പറയുന്നു.
പത്താന്‍കോട്ടുള്‍പ്പെടുന്ന പഞ്ചാബില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ എട്ട് തീവ്രവാദി ആക്രമണമാണുണ്ടായത്. ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ ഒരുക്കേണ്ട സുരക്ഷയുടെ കാര്യത്തില്‍ മാത്രമല്ല സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത്. മറ്റ് അതിര്‍ത്തി മേഖലകള്‍ വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും അവര്‍ക്ക് ലഭിക്കുന്ന സഹായവും പരിശോധിക്കപ്പെടണം. പത്താന്‍കോട്ട് നല്‍കുന്ന പാഠവും അത് തന്നെയാണ്. സൈനികര്‍ക്ക് മാത്രമല്ല, അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയാന്‍ കഴിയുക. ഇതിന് പ്രദേശവാസികളുടെ സഹകരണം സൈന്യം പ്രയോജനപ്പെടുത്താറുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണം അത്യാവശ്യമാണെന്ന് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് സമാധാന ശ്രമങ്ങളുടെ ഗതിയെന്തായിരിക്കുമെന്ന് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്. തീവ്രവാദി ആക്രമണ അന്വേഷണത്തിന് സഹകരണം അറിയിച്ചു കൊണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ത്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തുടരുന്ന സമാധാന ശ്രമങ്ങള്‍ ഒരു വഴിപാടാകുന്ന അവസ്ഥയാണ് ഉള്ളത്. ഓരോ ചര്‍ച്ചകള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും ശേഷം അത് അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്.