പ്രവാസത്തിനു വിരമിക്കല്‍ പ്രായം

അറേബ്യന്‍ പോസ്റ്റ്
Posted on: January 6, 2016 11:23 pm | Last updated: February 20, 2016 at 4:03 pm
SHARE

പ്രവാസികളും കുടുംബാംഗങ്ങളും പൊതുവേ സന്തോഷിക്കേണ്ടതും വലിയ ചര്‍ച്ചക്കു വിധേയമാക്കേണ്ടതുമായ വിഷയത്തിനാണ് കഴിഞ്ഞ ദിവസം കുവൈത്ത് ഗവണ്‍മെന്റ് ആശയം നല്‍കിയത്. പക്ഷേ, താത്വിക വിശകലനങ്ങള്‍ക്ക് പൊതുവേ താത്പര്യം പ്രകടിപ്പിക്കാത്ത പ്രവാസലോകം അത് അവഗണിച്ചു. വിരമിക്കല്‍ പ്രായമാണ് വിഷയം. അമ്പതു വയസ്സു കഴിഞ്ഞ വിദേശികള്‍ക്ക് വിസ അനുവദിക്കേണ്ടതില്ലെന്നൊരു തീരുമാനം കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ നിയമത്തിനു പ്രാബല്യമുണ്ടാകും. വിദേശികളെ കുറക്കുന്നതിന്റെ ഭാഗമായാണ് നീക്കമെങ്കിലും അതു പ്രവാസ മലയാളം പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സെന്റിമെന്‍സ് കഥകളുടെ റിയാലിറ്റിയിയെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പോസിറ്റീവും സൈക്കോളജിക്കലുമായ മൂവ് ആയിരുന്നു. പക്ഷേ, പത്രങ്ങളുടെ പതിവു വാര്‍ത്താ പരിപാടിയായ ‘സമ്മിശ്ര പ്രതികരണം’ തലക്കെട്ടില്‍ കുവൈത്ത് ടൈംസില് ഒരു വാര്‍ത്താ സ്‌റ്റോറി വന്നതല്ലാതെ പ്രവാസത്തോ പ്രവാസികളുടെ ചുമരുകളിലോ കാര്യമായ വര്‍ത്തമാനങ്ങളുണ്ടായില്ല.
ഒരിക്കല്‍ വന്നുപെടുകയും കഷ്ടപ്പാടുകളും ദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുകയും ഒടുവില്‍ ഒരുപാട് രോഗങ്ങളും ചുമച്ചും കിതച്ചും തളര്‍ന്ന ശരീരവുമായി ഗള്‍ഫില്‍നിന്നും വിരമിച്ചെത്തുന്ന ഹതഭാഗ്യരും ബാധ്യതകള്‍ അവസാനിക്കാത്തവരുമായ പ്രവാസികളാണ് സെന്റി കഥകളിലെ നായകര്‍. എന്നാല്‍ എല്ലാ കഥകളും ഇങ്ങനെയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. മെച്ചപ്പെടുകയും കുടുംബമായി ഇവിടെ ജീവിക്കുകയും ഇടക്കിടെ നാട്ടില്‍ പോയി വരികയും അധികകാലം ഇവിടെ നില്‍ക്കാതെ നാട്ടിലേക്കു മാറുകയും നാട്ടിലും ഇവിടെയുമായി ജീവിക്കുകയുമൊക്കെ ചെയ്യുന്ന ഒരുപാട് പ്രവാസങ്ങളുണ്ട്. ബഹുഭൂരിഭാഗം വരുന്ന ഇടത്തരക്കാരെ എടുത്താല്‍ അവരൊക്കെയും വന്ന കൊല്ലം തൊട്ടു തുടങ്ങിയതാകും നാട്ടില്‍ പോകാന്‍. ഈ നില്‍പ്പിലൊന്നും ഒരു കഥയുമില്ല എന്നും ഇതൊക്കെ എന്തു ജീവിതം എന്നും ഇങ്ങനെ ജീവിച്ചിട്ട് എന്തുണ്ടാക്കാനാ എന്നും പലവരു പറയുകയും പറയുന്നതിനേക്കാള്‍ പതിന്മടങ്ങുവട്ടം വിചാരിക്കുകയും ചെയ്തവരാണവര്‍. ഇതേ ആശയക്കാര്‍ തന്നെയാണ് അവരുടെ കുടുംബിനികളും കുട്ടികളും കുടുംബക്കാരും. പക്ഷേ, തുടരെത്തുടരെ വരുന്ന ആവശ്യങ്ങള്‍… ഇതു തന്നെ, ഇതു തന്നെയാണ് നാം കേട്ടുമടുത്ത സെന്റി കഥകളുടെ ട്വിസ്റ്റ് പോയിന്റ്.
പറഞ്ഞു വന്നത് ആവശ്യങ്ങളും സൗകര്യങ്ങളും സ്വപ്‌നങ്ങളും ധൈര്യക്കുറവും എല്ലാംകൂടി സമം ചേര്‍ക്കുമ്പോള്‍ നാട്ടില്‍ പോകാന്‍ കഴിയാതെ പിന്നെയും പിന്നെയും ഇവിടെ തുടരുന്നവരെ നിര്‍ബന്ധപൂര്‍വം പിരിച്ചയക്കാനുള്ള നിയമമാണ് കുവൈത്ത് അവരിപ്പിച്ചത്. അമ്പത് എന്ന ഒരു കേപ്പ് ഉണ്ടാകുകയും അതിനകം പോകുന്നതിനുള്ള തയാറെടുപ്പു നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് ഒരു സാമൂഹിക ജീവിതത്തിലെ പുരുഷജീവിതം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പുനരധിവാസമുള്‍പ്പെടെയുള്ള ഭാവി സാഹചര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്ന പ്രവാസിക്ക് സ്വന്തമായി കരുതല്‍കൂട്ടാനുള്ള അവസരമാണിത്. ഈ ദിശയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടതുണ്ട്. എല്ലാ കാലവും അല്ലെങ്കില്‍ പല്ലു കൊഴിയുംവരെ ഇവിടെ തുടരാമെന്ന മോഹത്തില്‍ പ്രവാസങ്ങളുണ്ടാകുക എന്നത് നമ്മുടെ സാമൂഹിക ഘടനയുടെ അന്ധാവസ്ഥകൂടിയാണ്.
വന്‍കിട, ചെറുകിട കച്ചവടക്കാര്‍ക്കും പണക്കാര്‍ക്കും ഇതൊന്നും പ്രശ്‌നമല്ല. അവര്‍ക്ക് എത്രകാലം വരെയും ഇവിടെ തുടരാം. അവര്‍ തുടരുകയും ചെയ്യണം. പക്ഷേ ഇടത്തരം ശമ്പളജോലിക്കാരുടെ സ്ഥിതി അതല്ലല്ലോ. വന്നു കുടുങ്ങി, ബാധ്യതകള്‍ തീര്‍ന്നില്ല പോലുള്ള ദയനീയതയുടെ കഥകള്‍ ഉണ്ടാകാമെങ്കിലും അമ്പതില്‍ പിരിഞ്ഞു പോയി നാട്ടില്‍ ജീവക്കാന്‍ അവസരം നല്‍കുന്ന തീരുമാനം എല്ലാ ഗള്‍ഫ് നാടുകളിലും വരേണ്ടതുണ്ടെന്നാ അതിന്റെ ഒരിത്. പ്രവാസി സമൂഹം പൊതുവേ ഈ നീക്കങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട്. സ്വന്തം കുടുംബത്തിനു വേണ്ടി നാടുപിടിക്കുക എന്നതിനൊപ്പം പുതിയ തലമുറക്കു വേണ്ടി നാടൊഴിഞ്ഞു കൊടുക്കുന്നതിനുകൂടിയാണ് അവസരം കിട്ടുന്നത്.
അമ്പതു കഴിഞ്ഞിട്ടും പോകാന്‍ കൂട്ടാക്കാത്തവരില്‍ തികയാത്തവരേക്കാള്‍ മതിയാകാത്തവരാണ് അധികം. കൂടെയുള്ളവരൊക്കെ ഇവിടെയുണ്ടാകുമ്പോള്‍ ഞാന്‍ മാത്രമായി എങ്ങനെ പോകും എന്നാലോചിച്ച് ആശയക്കുഴപ്പത്തിലാകുന്നവര്‍. എല്ലാവരും പോകുകയാണെങ്കില്‍ പോകാന്‍ സമ്മതമുള്ളവരാണ് ഒത്തിരിയും. സഊദിയില്‍ നിതാഖാത് വന്നത് അനുഗ്രഹമായി ആസ്വദിച്ചവര്‍ അങ്ങനെയുള്ളവരായിരുന്നു. എല്ലാവരും പോകുമ്പോള്‍ അതിനൊപ്പം പോകാന്‍, അഥവാ തന്റെതല്ലാത്ത കാരണത്താല്‍ ജോലി നഷ്ടപ്പെട്ട എന്ന വിശേഷണത്തോടെ പോകാന്‍ ഗള്‍ഫുകാരന്‍ മേല്‍വിലാസം നിര്‍ബന്ധിക്കുന്നു. ഗള്ഫുകാരനല്ലാതായാലുള്ള ഗതികേട് ഓർത്തിട്ടാണ് പാവങ്ങള്. അതുകൊണ്ട് ഒരു നിര്‍ബന്ധിതാവസ്ഥയെങ്കിലും തുറന്നു വരട്ടെ. അമ്പതുകാരെല്ലാം നാട്ടില്‍ എത്തുമ്പോള്‍ കുടുംബം മാത്രമല്ല, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലമെല്ലാം പുഷ്പിക്കപ്പെടും. മധ്യവയ്‌സ്‌കരും ഗള്‍ഫ് എക്‌സ്പീരിയന്‍സുള്ളവരും സര്‍വോപരി മുന്‍ പ്രവാസികളുമായവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരിക്കും പൊതുരംഗവും അകരംഗവും. കുവൈത്തിനെ കടമെടുക്കാന്‍ മറ്റു ഗള്‍ഫ് നാടുകള്‍ക്കും തോന്നണേ എന്നു പ്രാര്‍ഥിക്കാം.