ഈ വര്‍ഷത്തെ ലോക മെട്രോപോളിറ്റന്‍ ലൈബ്രറി സമ്മേളനം ഖത്വറില്‍

Posted on: January 6, 2016 10:06 pm | Last updated: January 7, 2016 at 9:05 pm

metlibദോഹ: ലോകത്തെ മെട്രോപോളിറ്റന്‍ ലൈബ്രറികളുടെ സമ്മേളനമായ മെറ്റ്‌ലിബ് 2016ന് ഖത്വര്‍ നാഷനല്‍ ലൈബ്രറി ഏപ്രിലില്‍ ആതിഥേയത്വം വഹിക്കും. മിഡില്‍ ഈസ്റ്റ്, മിന മേഖലയില്‍ ആദ്യമായാണ് ഈ സമ്മേളനം നടക്കുന്നതെന്ന് ഖത്വര്‍ നാഷനല്‍ ലൈബ്രറി പ്രൊജക്ട് ഡയറക്ടര്‍ ക്ലോഡിയ ലക്‌സ് പറഞ്ഞു.
തങ്ങളുടെത് മാത്രമായ സേവനങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. ‘പേള്‍സ് ഇന്‍ ദ ഡിസര്‍ട്ട്: അണ്‍ലീഷിംഗ് പൊട്ടന്‍ഷ്യല്‍’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. സമൂഹ നിര്‍മാണത്തില്‍ തങ്ങളുടെതായ ഭാഗധേയം നിര്‍വഹിക്കാന്‍ ജനതയെ പ്രാപ്തമാക്കുകയെന്ന കര്‍ത്തവ്യമാണ് മെട്രോപോളിറ്റന്‍ ലൈബ്രറികള്‍ നിര്‍വഹിക്കുന്നത്. ഇതിനാവശ്യമായ വിവരങ്ങളും അറിവുകളും പകര്‍ന്നുനല്‍കുന്നു. ഇതിന് നവീനമായ സാങ്കേതികവിദ്യകളും മറ്റ് മാര്‍ഗങ്ങളും സ്വായത്തമാക്കേണ്ടതുണ്ട്. ദേശീയ ലൈബ്രറി, യൂനിവേഴ്‌സിറ്റി- ഗവേഷണ ലൈബ്രറി, ഡിജിറ്റല്‍ യുഗത്തിലെ മെട്രോപോളിറ്റന്‍ പബ്ലിക് ലൈബ്രറി എന്നീ മൂന്ന് ധര്‍മങ്ങളാണ് ഖത്വര്‍ നാഷനല്‍ ലൈബ്രറി നിര്‍വഹിക്കുന്നത്. ഖത്വറിനും മേഖലക്കും പ്രധാനപ്പെട്ട ആഗോളതലത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കുകയും വിതരണവും ചെയ്യുന്നു. മേഖലയുടെയും രാജ്യത്തിന്റെയും പൈതൃകസംരക്ഷണവും പ്രദര്‍ശനവും ഇതില്‍ മുഖ്യമാണ്. അച്ചടി, ഡിജിറ്റല്‍ വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും നല്‍കുന്നതിലൂടെ വിദ്യാഭ്യാസ പുരോഗതിയിലും പ്രധാന പങ്കുവഹിക്കുന്നു.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ചേര്‍ന്ന 81 ാമത് ഇഫ്‌ല വേള്‍ഡ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കോണ്‍ഗ്രസ്സില്‍ ഖത്വര്‍ നാഷനല്‍ ലൈബ്രറി പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ വെച്ച് റീജ്യനല്‍ അറബിക് സ്പീകിംഗ് പ്രിസര്‍വേഷന്‍ ആന്‍ഡ്കണ്‍സര്‍വേഷന്‍ സെന്റര്‍ (പി എ സി) ആയി നാഷനല്‍ ലൈബ്രറിയെ പ്രഖ്യാപിച്ചു. ഇതിലൂടെ മിന മേഖലയിലെ അറബി സംസാരിക്കുന്ന 25 രാഷ്ട്രങ്ങളുടെ ചരിത്ര, പൈതൃകങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രധാന കേന്ദ്രമായി ഖത്വര്‍ നാഷനല്‍ ലൈബ്രറി മാറി. കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം വിവിധ പരിപാടികളിലൂടെ സമൂഹത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഖത്വര്‍ നാഷനല്‍ ലൈബ്രറിക്ക് പദ്ധതിയുണ്ട്.