ഏറ്റവും വലിയ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു

Posted on: January 6, 2016 7:40 pm | Last updated: January 9, 2016 at 10:45 pm
SHARE
പൈപ്പിടല്‍ പുരോഗമിക്കുന്നു (നിര്‍മാണ കമ്പനി പുറത്തുവിട്ട ചിത്രം)
പൈപ്പിടല്‍ പുരോഗമിക്കുന്നു (നിര്‍മാണ കമ്പനി പുറത്തുവിട്ട ചിത്രം)

ദോഹ: ഖത്വറിലെ വലിയ ജല വിതരണ പദ്ധതിയായ ഇ- ബിഡിന്റെ ആദ്യ ഘട്ട നിര്‍മാണം ആരംഭിച്ചു. ചൈനയിലെ പ്രധാന നിര്‍മാണ കമ്പനിയായ സി ജി ജി സി ആണ് പദ്ധതിയുടെ നിര്‍മാതാക്കള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ 15 ദിവസം മുമ്പാണ് പദ്ധതിയുടെ ആദ്യഘട്ടമായ കുടിവെള്ള വിതരണ പൈപ്പ്‌ലൈന്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിച്ചത്.. ഇത് പദ്ധതി നിര്‍വഹണത്തെ കൂടുതല്‍ സുമഗമമാക്കും.
ആദ്യഘട്ടത്തില്‍ 11.2 കിലോമീറ്റര്‍ ദൂരത്തില്‍ 1200- 1600 എം എം പൈപ്പ് ആണ് സ്ഥാപിക്കുക. 14 വാല്‍വ് സ്റ്റേഷനുകളും 16 ആങ്കറേജ് ബ്ലോക്കുകളും ഉള്‍പ്പെടുന്നതാണ് ഇത്. ഇപ്പോള്‍ വാല്‍വ് സ്റ്റേഷന്റെയും ആങ്കറേജ് ബ്ലോക്കിന്റെയും നിര്‍മാണമാണ് നടക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തില്‍ സി ജി ജി സിയുടെ പ്രകടനത്തിലും മികച്ച നിലവാരത്തിലും കാര്യക്ഷമമായ നിര്‍വഹണത്തിലും അധികൃതര്‍ തൃപ്തരാണ്. മെഗാ റിസര്‍വോയര്‍ പി ആര്‍ പി എസി (പാക്കേജ് ഇ)ന്റെ തറക്കല്ലിടല്‍ ചടങ്ങ് 2015 മെയ് 12ന് ഉംസലാലൈതില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ താനിയാണ് നിര്‍വഹിച്ചത്. സി ജി ജി സി അഞ്ചാം നമ്പര്‍ കമ്പനിയും സി ജി ജി സി ഇന്റര്‍നാഷനല്‍ കമ്പനിയുമാണ് ഇതിന്റെ കരാറുകാര്‍.
നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ റിസര്‍വോയര്‍ ആയിരിക്കുമിത്. കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍ റിസര്‍വോയറിന് ചുറ്റും സ്ഥാപിച്ച് സമഗ്രമായ ജലവിതരണ സംവിധാനമായി ഇത് മാറും. ജനങ്ങള്‍ക്കും മറ്റ് കമ്പനികള്‍ക്കും കൂടുതല്‍ സുരക്ഷിതമായ കുടിവെള്ള വിതരണത്തിന് ഇത് ഇടയാക്കും. 36 മാസം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കുക. 4,96,000 ക്യൂബിക് മീറ്റര്‍ വീതം വരുന്ന അഞ്ച് പ്രധാന റിസര്‍വോയറുകളും ഒരു പമ്പ് സ്റ്റേഷനും 33.2 കിലോമീറ്റര്‍ പൈപ്പ്‌ലൈനും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ ദോഹയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. കാര്യക്ഷമമായ ജലസംഭരണ പദ്ധതിയെന്ന നിലക്കാണ് ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ) ഇതിന് രൂപം നല്‍കിയത്.
2026ലെ വെള്ള ആവശ്യം കണക്കാക്കി അദ്യ ഘട്ടത്തില്‍ അഞ്ച് റിസര്‍വോയറുകളിലായി ഏഴ് ദിവസത്തെ ജലം സംഭരിക്കാന്‍ സാധിക്കും. 2036ലെ വെള്ള ആവശ്യം മുന്നില്‍കണ്ട് കൂടുതല്‍ റിസര്‍വോയറുകളോടുകൂടെ ഏഴ് ദിവസത്തെ ജലം സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.