വാഹനനിയന്ത്രണം: മലിനീകരണം സംബന്ധിച്ച കണക്ക് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Posted on: January 6, 2016 1:39 pm | Last updated: January 6, 2016 at 1:39 pm

delhi-air-pollution-traffic-cars-ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ ഒറ്റ-ഇരട്ടയക്ക വാഹനനിയന്ത്രണത്തില്‍ ഡല്‍ഹി ഹൈക്കോടതിക്ക് അതൃപ്തി. വാഹനനിയന്ത്രണ പരീക്ഷണം ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നതിന് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊതുഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയും വാഹനനിയന്ത്രണവും ജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പരാതികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

വാഹന നിയന്ത്രണം നടപ്പിലാക്കിയതിന് ശേഷം മലിനീകരണ തോതിലുണ്ടായ മാറ്റം സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. വാഹന നിയന്ത്രണം നടപ്പില്‍ വന്നതോടെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ കാര്യമായ കുറവുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു.