പത്താന്‍കോട്ട് ആക്രമണത്തിന് മുമ്പ് ഭീകരര്‍ പാക് വ്യോമ കേന്ദ്രത്തില്‍ മോക്ഡ്രില്‍ നടത്തിയെന്ന് ഇന്റലിജന്‍സ്

Posted on: January 6, 2016 10:57 am | Last updated: January 7, 2016 at 10:12 am

pathankotന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമകേന്ദ്രം ആക്രമിക്കുന്നതിന് മുന്നോടിയായി ഭീകരര്‍ പാക്കിസ്ഥാനില്‍ മോക്ഡ്രില്‍ നടത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഒരു വ്യോമ കേന്ദ്രത്തില്‍ പരീശീലനവും മോക് ഡ്രില്ലും നടത്തിയെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും സഹായത്തോടെയായിരുന്നു ഈ പരീക്ഷണങ്ങളും പരിശീലനങ്ങളും നടന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാനിലെ ചില ഭീകരവാദി ഗ്രൂപ്പുകളില്‍ നിന്നാണ് ഇന്റലിജന്‍സ് ബ്യൂറോക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. ദിവസങ്ങള്‍ നീണ്ട പരിശീലനവും തുടര്‍ന്ന് സുരക്ഷാ വേലിക്കെട്ടുകള്‍ മറികടക്കുന്നുള്ള ആക്രമണത്തിന്റെ മോക് ഡ്രില്ലും ഭീകരര്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം സംബന്ധിച്ച് ഭീകരര്‍ക്ക് വിശദമായ ക്ലാസ് ലഭിക്കുകയും ചെയ്തിരുന്നുവത്രെ.