ആണവ പരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ; പരീക്ഷിച്ചത് ഹൈഡ്രജന്‍ ബോംബ്

Posted on: January 6, 2016 10:31 am | Last updated: January 7, 2016 at 10:21 am

kim-jong-un

സിയോള്‍: അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അറിയിച്ചു. രാജ്യത്തിന്റെ നാലാമത്തെ അണുവായുധ പരീക്ഷണമാണിത്. ഉത്തര കൊറിയയുടെ ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പരീക്ഷണ വാര്‍ത്ത രാജ്യം പുറത്തുവിട്ടത്. ഈ മാസം ആറിന് രാവിലെ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണെന്ന് വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് ചാനല്‍ അവതാരകന്‍ പറഞ്ഞു. ആണവായുധ നിര്‍മാണത്തിന്റെ ആദ്യ പടിയായാണ് ബോംബ് പരീക്ഷണമെന്നും തികച്ചും ആധികാരികതയോടെ ചാനല്‍ അവതാരകന്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രകോപനത്തിന് എതിരായാണ് ഈ പരീക്ഷണമെന്നും പിന്നീട് ഇതേ ചാനല്‍ പറഞ്ഞു.

തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്ന് 90 കിലോ മീറ്റര്‍ മാറിയുള്ള പ്രധാന ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നിരുന്നു. ഇത് ആണവ പരീക്ഷണത്തെ തുടര്‍ന്നാണെന്ന് ദക്ഷിണ കൊറിയയും ജപ്പാനും ചൈനയും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ വിജയകരമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന അവകാശവാദവുമായി ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ചാനല്‍ രംഗത്തെത്തിയത്. 2013 ഫെബ്രുവരി 12ന് ഉത്തര കൊറിയ മൂന്നാം ഭൂഗര്‍ഭ ആണവ പരീക്ഷണം നടത്തിയപ്പോഴുണ്ടായതിന് സമാനമായ ഭൂചലനമാണ് ഇത്തവണയും ഉണ്ടായതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയുടെ നീക്കത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ മന്ത്രിമാര്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

North Korea hydrogen_bomb_test_

2009ലാണ് ഉത്തര കൊറിയ ആദ്യമായി ആണവ പരീക്ഷണം നടത്തിയത്. 2013ലെ ആണവ പരീക്ഷണത്തെ തുടര്‍ന്ന് അവര്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. 2005ല്‍ അണുബോംബ് ഉണ്ടാക്കിയതായി അവകാശപ്പെട്ട ഉത്തര കൊറിയ അതിന് ശേഷമാണ് മൂന്ന് തവണ ആണവപരീക്ഷണം നടത്തിയത്. 2006ല്‍ നടത്തിയ പരീക്ഷണം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രകമ്പനമുണ്ടാക്കിയിരുന്നു.

ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഉത്തര കൊറിയയെ വിശ്വസിക്കാനാകില്ലെന്നുമായിരുന്നു അമേരിക്കയുടെ ആദ്യ പ്രതികരണം. അണുപരീക്ഷണം നടന്നെങ്കില്‍ അത് അപലപനീയമാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. നടപടി വിലയിരുത്താനായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ ഇന്ന് ചേര്‍ന്നേക്കും. എല്ലാ തരത്തിലുള്ള ആണവ പരീക്ഷണങ്ങളും ഉത്തര കൊറിയ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.

സാധാരണ ആറ്റം ബോംബിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയാണ് ഹൈഡ്രജന്‍ ബോംബിനുള്ളത്. 1100 കിലോഗ്രാം ഹൈഡ്രജന്‍ കണങ്ങള്‍ കൊണ്ട് 1.2 മില്ല്യണ്‍ ടണ്‍ പ്രഹരശേഷി ഉണ്ടാക്കാന്‍ സാധിക്കും. ഹൈഡ്രജന്‍ ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനം നടത്തുന്നത്.