ഡി ഡി സി എ അഴിമതി: പണം കൈപ്പറ്റിയിട്ടില്ലെന്ന് ജെയ്റ്റ്‌ലിയുടെ മൊഴി

Posted on: January 6, 2016 5:52 am | Last updated: January 6, 2016 at 12:53 am
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കോടതിയില്‍ മൊഴി നല്‍കി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലെത്തി ജെയ്റ്റ്‌ലി മൊഴി നല്‍കിയിത്.
അസോസിയേഷനുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഡി ഡി സി എയുടെ അധ്യക്ഷ സ്ഥാനത്തിരുന്നപ്പോള്‍ അനധികൃതമായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും നവീകരണത്തിന് മേല്‍നോട്ടം വഹിച്ച സമിതിയില്‍ താന്‍ അംഗമല്ലായിരുന്നെന്നും ജെയ്റ്റ്‌ലി മൊഴിയില്‍ വ്യക്തമാക്കി. കെജ്‌രിവാള്‍ തന്നെയും തന്റെ കുടുംബത്തെയും അവഹേളിക്കാന്‍ ശ്രമിക്കുയാണ്. അനുയായിയായ കീഴുദ്യോഗസ്ഥന്‍ രാജേന്ദര്‍ കുമാറിനെതിരായ അഴിമതി കേസുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിന് വേണ്ടിയാണ് തനിക്കതിരായി ആരോപണം ഉന്നയിച്ചതെന്നും ജെയ്റ്റ്‌ലി മൊഴിയില്‍ പറഞ്ഞു. തെറ്റായതും മാനഹാനിയുണ്ടാക്കുന്നതുമായ ആരോപണങ്ങള്‍ തന്നെയും തന്റെ കുടുംബത്തെപ്പറ്റിയും ഉന്നയിച്ചതിനെ തുടര്‍ന്നാണ് മാനനഷ്ട കേസ് നല്‍കിയത്. ഡിസംബര്‍ 15 മുതല്‍ നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ കെജ്‌രിവാളും അഞ്ച് എ എ പി നേതാക്കളും തനിക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം മൊഴിയില്‍ വ്യക്തമാക്കി.
കെജ്‌രിവാള്‍ അടക്കം അഞ്ച് ആം ആദ്മി നേതാക്കള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ജെയ്റ്റ്‌ലി 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കെജ്‌രിവാളിന് പുറമേ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ്പയ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ ഡിസംബര്‍ 21ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു.