Connect with us

National

'അവര്‍ പറഞ്ഞു: എസ് പി ചതിച്ചു'

Published

|

Last Updated

എസ് പിക്കൊപ്പം ഭീകരര്‍
തട്ടിക്കൊണ്ടുപോയ
ആഭരണ വ്യാപാരിയുടെ
വെളിപ്പെടുത്തല്‍

പത്താന്‍കോട്: തങ്ങളെ ബന്ദിയാക്കിയവര്‍ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ഓരോ പത്ത് മിനുട്ട് കൂടുമ്പോഴും, “കമാന്‍ഡര്‍ സാഹിബ്” എന്ന് അഭിസംബോധന ചെയ്ത ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഗുരുദാസ്പൂര്‍ എസ് പിയുടെ സുഹൃത്തായ ആഭരണ വ്യാപാരി രാജേഷ് വര്‍മ. ഇദ്ദേഹത്തെ എസ് പി സല്‍വിന്ദര്‍ സംഗിനൊപ്പം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീകരര്‍ വാഹനം തട്ടിയെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.
“കമാന്‍ഡര്‍ സാഹിബ്” എന്ന് അഭിസംബോധ ചെയ്ത ഒരാളുമായി ഭീകരര്‍ നിരന്തരം ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നെന്നും, തങ്ങള്‍ എത്തിപ്പെട്ട സ്ഥലം സമാധാനപരമാണെന്നും വൈകാതെ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കുന്നുണ്ടായിരുന്നെന്നും രാജേഷ് വര്‍മ പറഞ്ഞു. ദൗത്യം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സായുധരായ ഭീകരര്‍ ഫോണില്‍ പറയുന്നത് കേട്ടുവെന്നും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന വര്‍മ പറഞ്ഞു.
തട്ടിക്കൊണ്ടുപോകുമ്പോള്‍, എസ് പിയുടെ വാഹനത്തില്‍ ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നയാളെ “മേജര്‍ സാഹിബ്” എന്നാണ് വിളിച്ചിരുന്നത്. അയാളാണ് “കമാന്‍ഡര്‍ സാഹിബ്” എന്ന് ബഹുമാനപൂര്‍വം ഫോണില്‍ മറ്റാരോടോ സംസാരിച്ചത്. ഭീകര സംഘത്തിലുണ്ടായിരുന്ന മറ്റാരും സംസാരിച്ചിരുന്നില്ല. ഭീകര സംഘം വാഹനത്തില്‍ നീങ്ങുമ്പോള്‍ ജി പി എസ് സംവിധാനം ഉപയോഗിച്ചിരുന്നു. പലപ്പോഴും അവര്‍ക്ക് വഴിതെറ്റുമ്പോള്‍, ഇതല്ല ശരിയായ വഴിയെന്ന് ഡ്രൈവര്‍ പറയുകയും മറ്റൊരാള്‍ ജി പി എസ് നോക്കി തിരുത്തുകയും ചെയ്തിരുന്നു. പുലര്‍ച്ചെ 12 മുതല്‍ നാല് വരെയാണ് തങ്ങള്‍ ഭീകരരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നതെന്നും രാജേഷ് വര്‍മ പറഞ്ഞു. അവരുടെ കൈയില്‍ ഗ്രനേഡടക്കമുള്ള ഉഗ്രസ്‌ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു. തന്റെ കൈയില്‍ നിന്ന് 2,000 രൂപയും ഭീകരര്‍ പിടിച്ചുവാങ്ങി. അഞ്ച് മൊബൈല്‍ ഫോണുകളാണ് അവര്‍ ഉപയോഗിച്ചത്. അതില്‍ ഒന്ന് തന്റേതും മറ്റ് രണ്ടെണ്ണം എസ് പിയുടേതുമായിരുന്നു. അതിനിടെ, എസ് പിയുടെ ഫോണിലേക്ക് വന്ന വിളി ഭീകരരാണ് എടുത്തത്. എസ് പിയുടെ ഗണ്‍മാനായിരുന്നു അതെന്നും വര്‍മ പറഞ്ഞു. ഇതോടെ ബന്ധിയാക്കിയത് എസ് പിയെ ആണെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തു.
ലക്ഷ്യത്തിലേക്കടുത്തപ്പോള്‍ തന്നെ കഴുത്തുഞെരിച്ച് കൊല്ലാന്‍ അവര്‍ ശ്രമിച്ചിരുന്നു. കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം റൈഫിള്‍ കൊണ്ട് മര്‍ദിക്കുകയും ചെയ്തു. ഇതിനിടയിലൊക്കെ എന്തോ പാനീയം കുടിക്കുകയും ചോക്ലേറ്റ് തിന്നുകയും ചെയ്യുന്നുണ്ടായിരുന്നു അവര്‍. എസ് പിയും കുക്കും (ഇവരോടൊപ്പം തട്ടിക്കൊണ്ടുപോയ മൂന്നാമത്തെയാള്‍) തങ്ങളെ വഞ്ചിച്ചുവെന്നും ഭീകരര്‍ തന്നോട് പറഞ്ഞു.
മര്‍ദനത്തിനിടയില്‍ ബോധം നഷ്ടപ്പെട്ട താന്‍ ഉണരുമ്പോള്‍ വാഹനത്തിനകത്തായിരുന്നു. തന്നെ ഭീകരര്‍ ഉപേക്ഷിച്ചുവെന്ന് കുറേ നിമിഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചറിയാനായത്. കെട്ടുകളില്‍ നിന്ന് മുക്തനായി അര കിലോമീറ്ററോളം ഓടി താന്‍ ഒരു ഗുരുദ്വാരയില്‍ എത്തിച്ചേര്‍ന്നു. അവിടത്തെ പുരോഹിതന്റെ ഫോണില്‍ നിന്ന് ഭാര്യാസഹോദരനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തിയതെന്നും രാജേഷ് വര്‍മ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മരണത്തിന് പകരം വീട്ടുന്നതിനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് ഭീകരര്‍ പറഞ്ഞെന്നും രാജേഷ് വര്‍മ മൊഴി നല്‍കിയിട്ടുണ്ട്. 18നും 21നുമിടക്ക് പ്രായമുള്ള നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഞങ്ങളെ തടവിലാക്കിയശേഷം അവര്‍ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും രാജേഷ് മൊഴി നല്‍കി.

പാളിച്ചകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായി സൈനിക ആസ്ഥാനത്ത് ഏതാനും ഭീകരര്‍ കയറി ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയിട്ടും നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിനും സൈന്യത്തിനും നേരിട്ട പാളിച്ചകള്‍ വിമര്‍ശിക്കപ്പെടുന്നു. റിപബ്ലിക് ദിനാഘോഷം ലക്ഷ്യമിട്ട് രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തുന്നതിന് രണ്ട് ഭീകരസംഘങ്ങള്‍ ഇന്ത്യയിലേക്ക് കടന്നതായി കഴിഞ്ഞ മാസം ആദ്യവും ആക്രമണത്തിന് തൊട്ടുമുമ്പും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും സുരക്ഷാ കാര്യത്തില്‍ ഈ പിഴവ് ഉണ്ടായിരിക്കുന്നു. ഇത് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുണ്ട്.
ഒരു മാസത്തിനിടെ രഹസ്യാന്വേഷണ വിഭാഗം രണ്ടുതവണ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടും സൈനിക താവളത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതിരുന്നതെന്തുകൊണ്ടാണ്? രണ്ടാമത് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അക്രമണത്തിന്റെ തലേന്ന് സമീപത്തെ കടകളടപ്പിച്ച് ജാഗ്രത പാലിച്ചിട്ടും ഭീകരര്‍ താവളത്തിലേക്ക് കയറുന്നത് തടയാന്‍ കഴിഞ്ഞില്ല. മികച്ച പ്രവര്‍ത്തന ക്ഷമതയുള്ള സി സി ടി വി ക്യാമറകള്‍ മറികടന്ന് ഭീകരര്‍ക്ക് സൈനിക താവളത്തിലേക്ക് കടക്കാന്‍ കഴിഞ്ഞ തെങ്ങനെയെന്ന് വ്യക്തമല്ല. പ്രതിരോധ മന്ത്രി പറയുന്നത് ശരിയാണെങ്കില്‍ 50 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ ഭീകരര്‍ക്ക് എങ്ങനെ താവളത്തിനകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞു? കൊല്ലപ്പെട്ട ഭീകരുടെ എണ്ണത്തിലുള്‍പ്പെടെ ആഭ്യന്തരമന്ത്രി തെറ്റായ വിവരം നല്‍കിയത് സംശയത്തിനിടയാക്കുന്നു. ബോംബ് നിര്‍വര്യമാക്കുന്നതുള്‍പ്പെടെ യുദ്ധസാഹചര്യങ്ങള്‍ നേരിടുന്നതില്‍ മികച്ച പരിശീലനം ലഭിച്ച എന്‍ എസ് ജി കമാന്‍ഡോ ഗ്രനേഡ് പൊട്ടി മരിക്കാനുണ്ടായ സാഹചര്യം എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. സൈനിക താവളത്തിനകത്ത് കയറിയ ഭീകരരെ നേരിടാന്‍ കരസേന യൂനിറ്റിനെ ഉപയോഗിക്കാതെ എന്‍ എസ് വരുന്നത് വരെ 12 മണിക്കൂളോളം അവര്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ അവസരമൊരുക്കിയതെന്തിന്? ഓപറേഷന്‍ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും ഭീകരരുടെ എണ്ണത്തില്‍ വ്യക്തവരുത്താന്‍ ബന്ധപ്പട്ടവര്‍ക്ക് കഴിയുന്നില്ല. സൈനികര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കയറി ഒളിച്ചിരിക്കാന്‍ ഭീകരര്‍ക്ക് എങ്ങനെ കഴിഞ്ഞു? ഭീകരരെത്തിയ വാഹനം തട്ടിയെടുക്കപ്പെട്ട എസ് പിയില്‍ നിന്ന് വിവരം തേടുന്നതിലും മറ്റും അമാന്തം കാണിച്ചു. 24 മണിക്കൂറും സുരക്ഷയുള്ള താവളത്തിനകത്ത് ചതിക്കുഴികളൊരുക്കാന്‍ ഭീകരര്‍ക്ക് എങ്ങനെ കഴിഞ്ഞു?