ഡി പി ഐയോട് റിപ്പോര്‍ട്ട് തേടി

Posted on: January 6, 2016 5:46 am | Last updated: January 6, 2016 at 12:47 am

തിരുവനന്തപുരം: സംസ്ഥാനത്ത് 39,000 അധ്യാപകര്‍ അധികമാണെന്ന ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഇത്രയധികം അധ്യാപകര്‍ അധികമായി ഉണ്ടാകുമെന്ന് കരുതുന്നില്ല. സ്‌കൂളുകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് യഥാര്‍ഥ കണക്ക് നല്‍കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഐ ഡി വിവരങ്ങള്‍ പരിശോധിച്ച് സമ്പൂര്‍ണ ആപ്ലിക്കേഷന്‍ വഴിയാണ് വിദ്യാര്‍ഥികളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തികാ നിര്‍ണയം നടത്തുന്നത്. ഇതില്‍ പിഴവ് വരാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നതെന്നത്. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയ സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ നടപടി എടുത്തിരുന്നു. തുടര്‍ന്ന് ഈ സ്‌കൂളുകളിലെ ശരിയായ വിദ്യാര്‍ഥികളുടെ എണ്ണം പരിശോധിച്ചാണ് അധ്യാപകരെ നിയമിച്ചത്. ബാക്കിയുള്ളവരുടെ സസ്‌പെന്‍ഷന്‍ തുടരുകയാണ്.
ആദായകരമല്ലാത്ത സ്‌കൂളുകള്‍ സംയോജിപ്പിക്കണമെന്നത് അടക്കമുള്ള ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ പൊതുവായി ആലോചിക്കേണ്ടതാണ്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ എസ് എസ് എ (സര്‍വ ശിക്ഷാ അഭിയാന്‍) ഫണ്ടില്‍ കുറവുവരുത്തിയതായും മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരികയാണ്. ആദ്യം 75:25 ആയിരുന്ന വിഹിതം ഇപ്പോള്‍ 65:35 ആക്കി. ഇത് 50:50 ആക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് അറിയുന്നത്. ഇത് ഫണ്ടില്‍ വലിയതോതിലുള്ള കുറവ് വരുത്തും. ഈ കുറവ് സംസ്ഥാനം തന്നെ നികത്തേണ്ട സ്ഥിതിയാണുള്ളത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം 11ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെങ്കിലും മാറ്റം കിട്ടിയ ഇടങ്ങളില്‍ പരീക്ഷകള്‍ക്ക് ശേഷം അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാവേളയില്‍ നടക്കുന്ന സ്ഥലംമാറ്റം പരീക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. സ്ഥലംമാറ്റം നീണ്ടുപോയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് വന്നിരിക്കുകയാണ്. സ്ഥലംമാറ്റം പൂര്‍ത്തിയാകുന്നതോടെ പുതിയ നിയമനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തവര്‍ഷം ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. കെട്ടിടങ്ങളുടെ സുരക്ഷിതത്വം മാത്രമല്ല, ശുചിമുറിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രമേ ഇനി സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. അല്ലാത്ത സ്‌കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി 90 ശതമാനം സ്‌കൂളുകളിലും മതിയായ ശുചിമുറികള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ചില സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഇപ്പോഴും ആവശ്യത്തിന് ശുചിമുറിയില്ലാതെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുതുതായി അധികാരത്തിലെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോട് ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ അടിയന്തരമായി ശുചിമുറികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് അന്ത്യശാസനവും നല്‍കി. അടുത്തവര്‍ഷം ശുചിമുറിയോടെയായിരിക്കും സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുക.
സി ആപ്റ്റ് എം ഡിയെ വിദ്യാഭ്യാസമന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണം മന്ത്രി വീണ്ടും നിഷേധിച്ചു. എം ഡിക്കെതിരായ ആരോപണം സംബന്ധിച്ച വിജിലന്‍സ് റിപോര്‍ട്ട് ആഭ്യന്തരവകുപ്പിനാണ് ലഭിച്ചത്. വിദ്യാഭ്യാസവകുപ്പിന്റെ പക്കല്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ നടപടിയെടുക്കാനാകില്ല. ആഭ്യന്തരമന്ത്രി തന്നോട് ആലോചിച്ച ശേഷമാണ് എം ഡിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സിന്റെ ശിപാര്‍ശ നടപ്പാക്കിയത്. വിദ്യാഭ്യാസമന്ത്രിയറിയാതെ എം ഡിയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
50 കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുകൂടി എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ എന്ന നിലക്ക് 1:8 എന്ന അധ്യാപക- വിദ്യാര്‍ഥി അനുപാതത്തിലായിരിക്കും നിയമനമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പീല്‍ പോകുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. പാക്കേജിലെ ചില കാര്യങ്ങള്‍ കോടതി അംഗീകരിക്കുകയും ചിലത് തള്ളുകയുമാണ് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.