Connect with us

International

അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ സ്വീഡനും ഡെന്‍മാര്‍ക്കും നടപടി തുടങ്ങി

Published

|

Last Updated

കോപന്‍ഹേഗന്‍: അഭയാര്‍ഥികളുടെ ഒഴുക്ക് തടയാനായി അതിര്‍ത്തിയില്‍ സ്വീഡന്‍ നിയന്ത്രണമേര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ഡെന്‍മാര്‍ക്കും അവരുടെ ജര്‍മന്‍ അതിര്‍ത്തിയില്‍ താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. അരനൂറ്റാണ്ടിനിടെ ആദ്യമായി സ്വീഡന്‍ ഡെന്‍മാര്‍ക്കില്‍നിന്നുള്ള യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന് ട്രെയിനുകള്‍ വൈകുകയും യാത്രക്കാര്‍ നിരാശരാകുകയും ചെയ്തു. മതിയായ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ ബസിലും ട്രെയിനിലും യാത്രാ ബോട്ടിലും യാത്രചെയ്യാന്‍ സ്വീഡന്‍ അനുവദിച്ചില്ല. എന്നാല്‍ കാറുകളെ പരിശോധനയില്‍നിന്നും ഒഴിവാക്കി. സ്വീഡന്റെ നീക്കത്തെത്തുടര്‍ന്ന് തങ്ങള്‍ക്ക് സ്വന്തം അതിര്‍ത്തിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയെന്ന ഒറ്റക്കാര്യമെ ചെയ്യാനാകൂവെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി പറഞ്ഞു. കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ഒഴുക്ക് തടയാന്‍ പുറത്തുള്ള അതിര്‍ത്തികളില്‍ മെച്ചപ്പെട്ട സുരക്ഷക്കായി കൂട്ടായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം യുറോപ്യന്‍ യൂനിയനോട് അഭ്യര്‍ഥിച്ചു. സ്വീഡന്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത് കോപ്പന്‍ഹേഗന് ചുറ്റും വന്‍തോതില്‍ അനധികൃത കുടിയേറ്റക്കാര്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ജര്‍മന്‍ അതിര്‍ത്തിയിലെ നിയന്ത്രണത്തെ ന്യായീകരിച്ചുകൊണ്ട് ലാസ് ലോക്കി റാസ്മുസീന്‍ കോപന്‍ഹേഗനില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വീഡനില്‍ 163,000 അഭയാര്‍ഥികളാണ് എത്തിയത്. രാജ്യത്തെ ജനസംഖ്യയെ അപേക്ഷിച്ച് വലിയ കണക്കാണിത്. നവംബറില്‍ ആഴ്ചയില്‍ പതിനായിരം പേര്‍ എന്ന നിലക്കാണ് ഡെന്‍മാര്‍ക്ക് വഴി സ്വീഡനിലേക്ക് അഭയാര്‍ഥികളെത്തിയത്. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സ്വീഡന്‍ തീരുമാനിച്ചത്.

Latest