മെസി മികച്ച പ്ലേമേക്കര്‍

Posted on: January 6, 2016 5:34 am | Last updated: January 6, 2016 at 12:35 am
SHARE

ബാഴ്‌സലോണ: 2015ലെ മികച്ച പ്ലേമേക്കറായി ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയെയും മികച്ച ക്ലബ് കോച്ചായി ലൂയിസ് എന്റിക്വെയെയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐ എഫ് എഫ് എച്ച് എസ്) തിരഞ്ഞെടുത്തു. ആദ്യമായി മികച്ച പ്ലേമേക്കര്‍ അവാര്‍ഡ് നേടിയ മെസി കഴിഞ്ഞയാഴ്ച ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു. മികച്ച റഫറിയായി ഇറ്റലിയുടെ നിക്കോളാ റിസ്സോലിയെ തിരഞ്ഞെടുത്തു.
ബാഴ്‌സലോണയിലെ തന്റെ സഹതാരം ആന്ദ്രേ ഇനിയേസ്റ്റയെ പിന്തള്ളിയാണ് 168 പോയിന്റോടെ മെസി ഒന്നാംസ്ഥാനത്തെത്തിയത്. ഇനിയേസ്റ്റ 91 പോയിന്റ് നേടി. 54 പോയിന്റ് നേടി ആന്ദ്രേ പിര്‍ലോ മൂന്നാമതും 22 പോയിന്റ് നേടി എഡന്‍ ഹസാര്‍ഡ്, കെവിന്‍ ബ്രൂണെ എന്നിവര്‍ നാലാം സ്ഥാനത്തുമെത്തി. 2014ല്‍ അവാര്‍ഡ് നേടിയ റയല്‍ മാഡ്രിഡിന്റെ ടോണി ക്രൂസ് പതിനൊന്ന് പോയിന്റോടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. മികച്ച കോച്ചുമാരില്‍ ബയേണിന്റെ പെപ് ഗാര്‍ഡിയോള രണ്ടാം സ്ഥാനവും യുവെന്റസിന്റെ മാസിമിലാനോ അല്ലെഗ്രി മൂന്നാം സ്ഥാനവും നേടി.