കേരളത്തിലെ വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ

Posted on: January 6, 2016 6:00 am | Last updated: January 5, 2016 at 11:58 pm
SHARE

നെടുമ്പാശ്ശേരി: പത്താന്‍കോട്ട് വ്യോമയാനത്താവളത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായും കേരളത്തിലെ മൂന്ന് വിമാനത്താവളത്തിലും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശാനുസരണമാണ് സുരക്ഷ കര്‍ശനമാക്കിത്്.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ ആക്രമണം നടക്കുന്നതിനും തീവ്രവാദികള്‍ യാത്ര ചെയ്യുന്നതിനും സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുവാന്‍ നിര്‍ദേശം നല്‍കിയത്. പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഈ മാസം പത്ത് വരെയും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി 15 മുതല്‍ 31 വരെയുമാണ് സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. സുരക്ഷ കര്‍ശനമാക്കിയതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കാവുന്ന സന്ദര്‍ശനപാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ യാത്രക്കാരുടെയും അവരുടെ കൂടെ വരുന്നവരുടെയും വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
ടെര്‍മിലിനകത്ത് നടക്കുന്ന പരിശോധനകള്‍ കൂടാതെ വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ പോലീസിന്റയും സി എസ് എഫിന്റെയും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരുടെ ബാഗേജുകള്‍ പൂര്‍ണമായും തുറന്ന് പരിശോധനകള്‍ നടത്തിയതിനുശേഷമേ കടത്തിവിടുകയുള്ളൂ.
യാത്രക്കാരുടെ ബാഗേജുകള്‍ കൂടാതെ കാര്‍ഗോ വിഭാഗത്തില്‍ എത്തുന്ന കൊറിയറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും പരിശോധിക്കും. വിമാനത്താവളത്തിനകത്ത് സി എസ് എഫും വിമാനത്താവളറോഡുകളിലും പരിസരപ്രദേശങ്ങളിലും കേരളപോലീസും സുരക്ഷാ സംവിധാനത്തിന്റെ ചുമതല വഹിക്കും. കൂടാതെ ദ്രുതകര്‍മസേനയും ബോംബ് – ഡോഗ് സ്‌ക്വാഡുകളും 24 മണിക്കൂറും നിരീക്ഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here