Connect with us

Editorial

അറുകൊലക്ക് അറുതി വരണം

Published

|

Last Updated

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സി പി എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും ആത്മാര്‍ഥതയോടെയാണ് ഈ നിര്‍ദേശമെങ്കില്‍ സ്വാഗതം ചെയ്യുന്നതായി പിണറായി വിജയനും പ്രസ്താവിച്ചിരിക്കുന്നു. പരസ്പരം തലയെണ്ണി കൊന്നൊടുക്കുന്ന രാഷ്ട്രീയ പാരമ്പര്യമാണ് കണ്ണൂരിന്റേത്. ഇതിന് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴായി നടന്നതാണ്. ചര്‍ച്ചകളില്‍ സമാധാനന്തരീക്ഷം സ്ഥാപിക്കാന്‍ ഇരു വിഭാഗവും സമ്മതിച്ചു പിരിയുമെങ്കിലും വീണ്ടും അക്രമം തലപൊക്കുകയാണ് പതിവ്.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനു അര നൂറ്റാണ്ടോളം പഴക്കമുണ്ട്. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലൊന്നും കാണാത്തവിധം വന്‍തോതിലാണ് ഇവിടെ സംഘട്ടനങ്ങളും പ്രതികാര രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും അരങ്ങേറുന്നത്. 1969 ഏപ്രില്‍ 21ന് നടന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകമാണ് ജില്ലയുടെ ശാപമായി മാറിയ തലയറുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കമായി അറിയപ്പെടുന്നത്. തുടര്‍ന്ന് 400 ലേറെ പേര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഇവിടെ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഗുരുതരമായി പരുക്കേറ്റും അംഗഭംഗം സംഭവിച്ചും “മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന മട്ടില്‍ കഴിയുന്നവര്‍ വേറെയുമുണ്ട്. എതിരാളിയെ വധിക്കാനുള്ള ബോംബ് നിര്‍മിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു മരണപ്പെട്ടവരോ പരുക്കേറ്റവരോ ആണ് ഇവരില്‍ നല്ലൊരു ഭാഗവും. മാനസികാഘാതങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ആത്മഹത്യകള്‍, ഒളിച്ചോട്ടങ്ങള്‍, നാടുകടത്തലുകള്‍, വിലക്കുകള്‍, നിരപരാധികളുടെ ജയില്‍ വാസങ്ങള്‍ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ വേറെയും.
കൊലപാതക രാഷ്ട്രീയം കണ്ണൂരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും നന്നായി വശമാണെങ്കിലും സിപി എമ്മും ആര്‍ എസ് എസുമാണ് ഇവിടുത്തെ പ്രധാന എതിരാളികള്‍. അവര്‍ക്കിടയിലാണ് സംഘട്ടനവും ബോംബേറും കൊലപാതകവും കൂടുതലായി അരങ്ങേറുന്നത്. ഇടക്കാലത്ത് ഒന്നോ രണ്ടോ വര്‍ഷത്തെ ഇടവേളകളുണ്ടാകാറുണ്ടെങ്കിലും പിന്നെയും ജില്ലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് വീണ്ടും സംഘര്‍ഷമോ കൊലപാതകമോ തലപൊക്കുകയും വീണ്ടും അക്രമ പരമ്പര അരങ്ങേറുകയുമായി. കളിക്കളങ്ങളിലെ സ്‌കോര്‍ബോര്‍ഡില്‍ എണ്ണം തികയ്ക്കുന്ന ലാഘവത്തോടെയാണ് ഓരോ പക്ഷവും എതിരാളികളുടെ തലയറുക്കുന്നത്. സ്‌കോര്‍ബോര്‍ഡില്‍ എപ്പോഴും മുന്‍തൂക്കം തങ്ങള്‍ക്കായിരിക്കണമെന്ന ഭ്രാന്തമായ വാശിയാണ് ഇരുപക്ഷത്തിനും.
പ്രതിരോധത്തിന് വേണ്ടി മാത്രമാണ് തങ്ങള്‍ ആയുധമെടുക്കാറുള്ളതെന്നും ആരെയും അകാരണമായി അക്രമിക്കാറില്ലെന്നുമാണ് സി പി എമ്മിന്റെയും ആര്‍ എസ് എസിന്റെയും അവകാശവാദം. വസ്തുത എന്തായാലും ജില്ലയില്‍ എന്നും ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എല്ലായ്‌പ്പോഴുമുണ്ടാകുന്നത്. അണികളില്‍ ഉടലെടുക്കുന്ന അസംതൃപ്തിയോ കൊഴിഞ്ഞുപോക്കോ ആയിരിക്കും ഇതിന്റെ പശ്ചാത്തലം. എന്നാല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അണികളെ എക്കാലത്തും പിടിച്ചുനിര്‍ത്താമെന്ന് കരുതുന്നത് മൗഢ്യമാണ്. അക്രമത്തിന്റെ പാത ഒരു പ്രസ്ഥാനത്തേയും വളര്‍ച്ചയിലേക്കല്ല, തകര്‍ച്ചയിലേക്കാണ് നയിച്ചതെന്നാണ് അനുഭവപാഠം. ഈ ബോധം ഉള്‍ക്കൊണ്ട് അണികളെയും പ്രവര്‍ത്തകരെയും സമാധാനത്തിന്റെ വഴിയിലൂടെ നയിക്കണമെന്ന നേര്‍ചിന്തയാണ് ഭഗവതിന്റെയും പിണറായിയുടെയും ഇപ്പോഴത്തെ പ്രസ്താവനകള്‍ക്ക് പ്രേരകമെങ്കില്‍ സ്വാഗതാര്‍ഹമാണ്.
എതിര്‍വിഭാഗം തങ്ങളുടെ പ്രവര്‍ത്തകരെ ദ്രോഹിക്കുകയോ അക്രമിക്കുകയോ ചെയ്താല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കില്ലെന്നും നിയമത്തിന്റെ മാര്‍ഗത്തിലൂടെ മാത്രമേ അതിനെ നേരിടുകയുള്ളൂവെന്നും ഇരുപക്ഷവും തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും വേണം. ഇതിന് വിരുദ്ധമായി കഠാരയും ബോംബുമായി ഇറങ്ങിത്തിരിക്കുന്ന അണികളെ പരസ്യമായി തള്ളിപ്പറയാനുള്ള ആര്‍ജവം കാട്ടുകയും അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയും വേണം. കൊലപാതകം നടത്തുന്നവരെയും കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളെയും അതത് പാര്‍ട്ടിക്കാര്‍ സംക്ഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന കീഴ്‌വഴക്കമാണ് നിലനിന്നുവരുന്നത്. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാറുമില്ല. അക്രമങ്ങള്‍ക്ക് ശേഷം പാര്‍ട്ടി നേതൃത്വങ്ങള്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്ന് പ്രതികളെ ചേര്‍ക്കുന്ന പ്രവണത പോലും ഇവിടെയുണ്ട്. മിക്ക കേസുകളിലും യഥാര്‍ഥ പ്രതികളല്ല പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. ഇത് അണികള്‍ക്ക് വീണ്ടും അക്രമത്തിന് പ്രചോദനമായി മാറുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ നടക്കുന്ന ഇത്തരം കള്ളക്കളികള്‍ അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ചോരക്കളി രാഷ്ട്രീയം കണ്ണൂരിന് വരുത്തിവെച്ച ദുഷ്‌പേരും കുടുംബങ്ങള്‍ വഴിയാധാരമാകുന്ന ദുരവസ്ഥയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ.