Connect with us

Gulf

അസാധ്യമായവ ഏറ്റെടുക്കുമ്പോള്‍ പരാജയത്തെ എന്തിന് ഭയക്കണം

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

“എളുപ്പവഴികള്‍ പൗരുഷങ്ങളെയോ രാജ്യങ്ങളെയോ സൃഷ്ടിക്കുന്നില്ല. വെല്ലുവിളികളാണ് കരുത്തരെ വാര്‍ത്തെടുക്കുന്നത്. അത്തരം ആളുകള്‍ രാഷ്ട്ര നിര്‍മിതിയും നടത്തുന്നു”- ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം (ചിന്തയുടെ സ്ഫുരണങ്ങള്‍ എന്ന പുസ്തകത്തില്‍).
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠമാണിത്. അനേകം വെല്ലുവിളികള്‍ ശൈഖ് മുഹമ്മദിനെ കരുത്തുറ്റതാക്കി. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യം പിടിച്ചുലച്ചപ്പോള്‍ ദുബൈയെ രക്ഷപ്പെടുത്തിയത് പതറാത്ത കാല്‍വെപ്പുകളാണ്. ചില രാജ്യാന്തര മാധ്യമങ്ങളില്‍ നിഷേധാത്മകമായ വിശകലനങ്ങള്‍ വന്നപ്പോഴും ദുബൈ കുലുങ്ങിയില്ല. എല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസമായിരുന്നു കാരണം. ആ ശക്തി ദുബൈക്ക് പകര്‍ന്നു നല്‍കിയത് ശൈഖ് മുഹമ്മദാണ്.
1970ല്‍ യു എ ഇയുടെ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം. യു എ ഇയുടെ അതിരുകള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ നിതാന്ത ജാഗ്രത പാലിച്ചു. ഈ പദവിയില്‍ നിന്നാണ് അദ്ദേഹം പില്‍കാലത്തേക്കുള്ള ഊര്‍ജം ആവാഹിക്കുന്നത്. 1985ല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സ്ഥാപിച്ചു. 1999ല്‍ ബുര്‍ജുല്‍ അറബ് ഹോട്ടല്‍. 2001ല്‍ പാം ജുമൈറ. പിന്നീട് ബുര്‍ജ് ഖലീഫ, മെട്രോ റെയില്‍പാത. ഇവയെല്ലാം ലോകത്തിനു മുന്നില്‍ ദുബൈയുടെ അഭിമാനം. ഭാവനാത്മകവും ഇച്ഛാശക്തിയുള്ളതുമായ കാഴ്ചപ്പാടുകളാണ് ദുബൈയുടെ വളര്‍ച്ചക്ക് നിദാനം. ശൈഖ് മുഹമ്മദലിലെ എഴുത്തുകാരന്‍ അതിന് ഊടും പാവും നല്‍കി.
2013ലാണ് “ചിന്തയുടെ സ്ഫുരണങ്ങള്‍” (ഫഌഷസ് ഓഫ് തോട്ട്‌സ്പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹം എഴുതി “20 കോടി യുവാക്കള്‍ വസിക്കുന്ന മേഖല (അറബ്)യാണിത്. അവരെ പ്രചോദിപ്പിക്കാനുള്ള അവസരമുണ്ട്. അവരുടെയും ചുറ്റുപാടുമുള്ള ജീവിത നിലവാരം ഉയര്‍ത്താന്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കുക. ഊര്‍ജം വഴിതിരിച്ചുവിടുക. നമ്മള്‍ അതില്‍ പരാജയപ്പെട്ടാല്‍, അവരെ ഉപേക്ഷിച്ചാല്‍ അവര്‍ ശൂന്യതയിലേക്ക് തള്ളപ്പെടും. അവര്‍ തൊഴിലില്ലാത്തവരാകും. ഭീകരതയുടെ മലീമസമായ പ്രത്യയശാസ്ത്രത്തിലേക്ക് വലിച്ചെറിയപ്പെടും.”
അത് തന്നെയാണ് മേഖല ഉള്‍ക്കൊണ്ട പാഠം. യുവത്വത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ മേഖലയിലെ പല ഭരണാധികാരികള്‍ക്കും കഴിഞ്ഞില്ല. അതിന്റെ ഫലം ചില രാജ്യങ്ങള്‍ അനുഭവിക്കുന്നു.
2021 ആകുമ്പോള്‍ യു എ ഇ രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയാകും. ഒരു വര്‍ഷം മുമ്പാണ് ശൈഖ് മുഹമ്മദ് 2021 ആസൂത്രണ പദ്ധതി പ്രഖ്യാപിച്ചത്. അപ്പോഴേക്കും ചൊവ്വാ ദൗത്യം നടത്തുന്ന ആദ്യ അറബ് രാജ്യമായി യു എ ഇ മാറും. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവും യു എ ഇ ആകും.
“അസാധ്യമെന്നു തോന്നുന്ന വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ പരാജയം ഒരു പരാജയമല്ല. വെല്ലുവിളികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് യഥാര്‍ഥ പരാജയം. (ചിന്തയുടെ സ്ഫുരണങ്ങള്‍)” ശൈഖ് മുഹമ്മദിനെ നയിക്കുന്നത് മഹത്തായ ഈ ചിന്തയാണ്.

Latest