അഡ്രസ് ഹോട്ടല്‍ തീപിടുത്തം: ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കള്‍ ഉടമസ്ഥര്‍ക്കു തിരിച്ചുനല്‍കി

Posted on: January 5, 2016 8:08 pm | Last updated: January 5, 2016 at 8:08 pm
SHARE

dubai fireദുബൈ: പുതുവത്സരാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ ബുര്‍ജ് ഖലീഫക്കു സമീപം തീപിടിച്ച ബഹുനില കെട്ടിടമായ അഡ്രസ് ഹോട്ടലിന് നേരിട്ട നാശനഷ്ടങ്ങളുടെ കണക്കുകള്‍ അധികൃതര്‍ ശേഖരിച്ചുവരുന്നു. സംഭവസ്ഥലത്ത് ഇപ്പോഴും സിവില്‍ ഡിഫന്‍സ് യൂണിറ്റിന്റെയും മൊബൈല്‍ പോലീസ് സ്റ്റേഷന്റെയും സാന്നിധ്യമുണ്ട്.
സംഭവം നടക്കുന്നതിനിടെ ഹോട്ടല്‍വിട്ട് ജീവനും കൊണ്ടോടിയവരില്‍ നിന്നും ആഘോഷപരിപാടികളില്‍ പങ്കെടുക്കാനെത്തി ചിന്നിച്ചിതറിയോടിയവരില്‍ നിന്നും കൈമോശം വന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അവകാശികള്‍ക്ക് തിരിച്ചുനല്‍കിത്തുടങ്ങിയതായി പോലീസ് അറിയിച്ചു. എങ്കിലും ലക്ഷക്കണക്കിന് ദിര്‍ഹം വിലവരുന്ന ആഭരണങ്ങളടക്കമുള്ള പല വസ്തുക്കളും ഉടമസ്ഥരെ കാത്ത് കിടക്കുകയാണ്. സംഭവസ്ഥലത്തുള്ള മൊബൈല്‍ പോലീസ് സ്റ്റേഷനിലാണ് ഇവ സൂക്ഷിക്കുന്നത്.
തീപിടുത്തമുണ്ടായപ്പോള്‍ ഹോട്ടല്‍ വിട്ടോടിയ താമസക്കാരില്‍ നിന്ന് 100 പേര്‍ ഇന്നലെ തങ്ങളുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ കൈപറ്റിയതായി ദുബൈ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു. 250 പേര്‍ രണ്ടുദിവസം മുമ്പ് തങ്ങളുടെ വസ്തുക്കള്‍ കൈപറ്റിയിരുന്നു. അഡ്രസ് ഹോട്ടലിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റില്‍നിന്ന് ലഭിച്ച ഒരു ലക്ഷം ദിര്‍ഹം പോലീസ് ഉടമസ്ഥന് തിരിച്ചു നല്‍കി. തീപിടുത്തത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇത്രയും സംഖ്യ കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. തന്റെ അന്നത്തെ കച്ചവടത്തിന്റെ വരവാണിതെന്ന് തുക കൈപറ്റിയ റസ്റ്റോറന്റ് ഉടമസ്ഥന്‍ പോലീസിനോട് പറഞ്ഞു.
അതിനിടെ, തീപിടുത്ത സമയത്ത് ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ചുപോയ 20 ലക്ഷം ദിര്‍ഹം വിലവരുന്ന തന്റെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സഊദി വനിത. വ്യവസായിയായ ഇവര്‍ അഡ്രസ് ഹോട്ടലിന്റെ 44-ാം നിലയിലെ ആഡംബര മുറിയിലെ താമസക്കാരിയായിരുന്നു. തന്റെ മുറിയുടെ വാതില്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലും ചുവരുകള്‍ തീപിടുത്തം കാരണമായി പുക പിടിച്ച് കറുത്തിരുണ്ട നിലയിലുമായിരുന്നെന്നും അവര്‍ പറഞ്ഞു. തന്റെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും കാര്യമായ കേടുപാടുകളൊന്നുമില്ലാതെ മുറിയില്‍ തന്നെയുണ്ടായിരുന്നതായും അത് തിരിച്ചു കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനു സഹായിച്ച ദുബൈ പോലീസിന് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
അവകാശികളെത്താത്ത ലക്ഷക്കണക്കിനു ദിര്‍ഹം വിലവരുന്ന വിവിധ സാധനങ്ങള്‍ ഇനിയും പോലീസിന്റെ കൈവശമുണ്ടെന്നും അവകാശികളെത്തുന്ന മുറക്ക് വസ്തുവകകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കുമെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here