വിസ മാറാന്‍ ഇനി രാജ്യം വിടേണ്ടതില്ല

Posted on: January 5, 2016 7:54 pm | Last updated: January 7, 2016 at 9:05 pm
SHARE

uae visaദുബൈ: വിസ മാറാന്‍ ഇനി രാജ്യം വിടേണ്ട ആവശ്യമില്ലെന്നു യു എ ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏതുതരം വിസയില്‍ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പുതിയ വിസയിലേക്കു മാറാന്‍ രാജ്യത്തിനകത്തുനിന്നുകൊണ്ടു തന്നെ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിദേശികള്‍ക്ക് വിസാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ ഡോ. റാശിദ് സുല്‍ത്താന്‍ അല്‍ ഖദ്ര്‍ പറഞ്ഞു.
ഏതു വിസയിലാണോ രാജ്യത്തു പ്രവേശിച്ചത് ആ വിസാകാലാവധി അവസാനിക്കും മുമ്പ് തന്നെ ഇനി മുതല്‍ പുതിയ വിസയിലേക്ക് മാറാനാകും. എന്നാല്‍, കാലാവധി തീരുംമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കുകയും നിശ്ചിത ഫീ അടക്കുകയും വേണം. നിശ്ചിതകാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാല്‍ പിഴയൊടുക്കേണ്ടിയും വരും.
യു എ ഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ വഴി വിസാനടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷകര്‍ക്കു നിശ്ചിത ഫീസ് അടച്ചാല്‍ രാജ്യം വിടാതെതന്നെ വിസ ലഭിക്കും.
ട്രാന്‍സിറ്റ്, പലതവണ യാത്രചെയ്യാന്‍ കഴിയുന്ന വിസകള്‍, 90 ദിവസം കാലാവധിയുള്ള സന്ദര്‍ശകവിസ, 30 ദിവസത്തെ ഹ്രസ്വകാല വിസ, വിദ്യാഭ്യാസ വിസ, ചികില്‍സക്കുവേണ്ടി നല്‍കുന്ന വിസ, സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി നല്‍കുന്ന പ്രത്യേക പെര്‍മിറ്റുകള്‍, ടൂറിസ്റ്റ് വിസ, ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കു ലഭിക്കുന്ന ഓണ്‍ അറൈവല്‍ വിസ, 14 ദിവസം കാലാവധിയുള്ള മിഷന്‍ വിസ, പലതവണ യാത്ര ചെയ്യാനാകുന്ന മിഷന്‍ വിസകള്‍, വിനോദസഞ്ചാര മേഖലകളില്‍ നല്‍കുന്ന 60 ദിവസം കാലാവധിയുള്ള വിസകള്‍, 90 ദിവസം തങ്ങാനാകുന്ന മിഷന്‍ വിസ എന്നിവയൊക്കെയാണ് യു എ ഇ, വിദേശികള്‍ക്ക് അനുവദിക്കുന്ന വിസകള്‍. ഇവയെല്ലാം രാജ്യം വിടാതെ മാറാനും പുതുക്കാനും സാധിക്കുന്ന ആശ്വാസകരമായ നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
2004ലെ 337-ാം നമ്പര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അധികൃതര്‍ പുതിയ നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമ പ്രകാരം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ദുബൈ ഇമിഗ്രേഷന്‍ ഡിപാര്‍ട്‌മെന്റും ഒരുങ്ങിയിട്ടുണ്ടെന്ന് ഡി എന്‍ ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദ് സുറൂര്‍ വ്യക്തമാക്കി.
നേരത്തെ, വിസ മാറ്റുന്നതിനായി സ്വദേശത്തേക്കോ സമീപ രാജ്യങ്ങളിലേക്കോ പോവേണ്ട സാഹചര്യം ഒഴിവായത് പ്രവാസി സമൂഹം സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഒഴിവാക്കാനാവുന്ന തീരുമാനമാണിതെന്നാണ് പരക്കെ അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here